Kashmir:കശ്മീരിലെ ഗുരുതരമായ സ്ഥിതിവിശേഷത്തിന് പരിഹാരം കാണണം;ആവശ്യവുമായി ഡോ വി ശിവദാസന്‍ എം പി അമിത് ഷായ്ക്ക് കത്തയച്ചു

ജനാധിപത്യ വിരുദ്ധമായി അവരോധിക്കപ്പെട്ട ഇപ്പോഴത്തെ ജമ്മു കശ്മീര്‍ ഭരണകൂടത്തിന് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ട അവസ്ഥയാണെന്നും ഇത് ഭരണസംവിധാനത്തിന്റെ സ്തംഭനാവസ്ഥയില്‍ കലാശിച്ചിട്ടുണ്ടെന്നും വി ശിവദാസന്‍ എംപി(V Sivadasan MP) പറഞ്ഞു. നിരപരാധികളായ പൗരന്‍മാര്‍ നിരന്തരമായ ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരകളാകുന്ന കശ്മീരിലെ സ്ഥിതി അത്യന്തം ആശങ്കാജനകമാണ്. തീവ്രവാദികള്‍ അഴിച്ചുവിട്ട ഈ ഹീനമായ ആക്രമണങ്ങളില്‍ 18-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ബാക്കിയുള്ള ജനങ്ങള്‍ ജീവഭയത്തോടെ ആണ് കഴിയുന്നത്. കലാകാരി അമ്രീന ഭട്ട് മുതല്‍ ബാങ്ക് മാനേജര്‍ വിജയ് കുമാര്‍ വരെയുള്ള സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ കൊലചെയ്യപ്പെടുന്നു. അവരുടെ കുടുംബാംഗങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ജീവനും സ്വത്തിനും സുരക്ഷ ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകള്‍ പ്രതിഷേധിക്കുകയാണ്. പലരും കശ്മീരിലെ സ്ഥിതിഗതികള്‍ 1990-കളേക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്ന ഭയം പ്രകടിപ്പിച്ചിട്ടുണ്ട്. (Jammu Kashmir)ജമ്മു കശ്മീര്‍ ഭരണകൂടം തങ്ങളെ ബന്ദികളാക്കുകയാണെന്നും പൂട്ടിയിട്ടിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അഭാവവും ഭരണം ജനങ്ങളില്‍ നിന്ന് അകന്നതും കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. മുകളില്‍ നിന്ന് നിയമിതരായ ഇപ്പോഴത്തെ ജമ്മു കശ്മീര്‍ ഭരണകൂടത്തിന്, അവര്‍ ഭരിക്കുന്ന ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ട അവസ്ഥയാണ്. ഇത് ഭരണസംവിധാനത്തിന്റെ സ്തംഭനാവസ്ഥയില്‍ കലാശിച്ചിട്ടുണ്ട്. ജനപിന്തുണയില്ലാതെ അന്യവല്‍ക്കരിക്കപ്പെട്ട ഭരണകൂടം സങ്കീര്‍ണ്ണമായ സാഹചര്യം മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള കഴിവില്ലായ്മ തെളിയിച്ചിരിക്കുകയാണ്. ഭീകരാക്രമണങ്ങള്‍ തടയുന്നതിലെ ഈ പരാജയം കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പരാജയത്തെയാണ് തുറന്നുകാട്ടുന്നത്. ഇത്തരം ഹീനമായ ആക്രമണങ്ങളില്‍ നിരപരാധികളുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ യൂണിയന്‍ സര്‍ക്കാര്‍ എല്ലാ കക്ഷികളുമായും അടിയന്തരമായി കൂടിയാലോചിക്കുകയും സത്വര നടപടികള്‍ കൈക്കൊള്ളുകയും വേണം.

കശ്മീരിന്റെ ദുരവസ്ഥയെ രാഷ്ട്രീയ പ്രചരണത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുന്നത് കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. അവിടത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്ന് മാത്രമല്ല മനസ്സിലാക്കാന്‍ പോലും യൂണിയന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ജനങ്ങളുമായി ശക്തമായ ബന്ധമുള്ള നിയമാനുസൃതവും ജനാധിപത്യപരവുമായ ഒരു സര്‍ക്കാര്‍ കശ്മീരില്‍ ഉണ്ടാവണം. യൂണിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. കശ്മീരിലെ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം. ജനങ്ങളുടെ ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ യൂണിയന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News