സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും സജീവമാക്കാന്‍ നീക്കം

സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് വീണ്ടും സജീവമാക്കാന്‍ നീക്കം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം വീണ്ടും വ്യാജ ആരോപണവുമായി സ്വപ്ന രംഗത്തെത്തിയത് ദുരൂഹമാണ്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആര്‍ എസ് എസ് അനുകൂല എന്‍ ജി ഒ സംഘടനയായ ഹൈറേഞ്ച് ഡവലപ്പ്‌മെന്റ് സൊസൈറ്റിയില്‍ ജോലിക്ക് കയറിയത് നേരത്തെതന്നെ വാര്‍ത്തയായിരുന്നു. ഇതിനു ശേഷം സ്വപ്ന നടത്തിയ നീക്കങ്ങളെല്ലാം ദുരൂഹമായിരുന്നു. മുന്‍പൊരിക്കലും ഉന്നയിച്ചിട്ടില്ലാത്ത ആരോപണങ്ങളുമായി സ്വപ്ന ഇപ്പോള്‍ രംഗത്തെത്തിയതിനു പിന്നില്‍ പുതിയ ജോലി പ്രവേശനവുമായി ബന്ധമുണ്ടെന്നാണ് വ്യക്തമാവുന്നത്. ഇത്രയും കാലം ഒന്നും വെളിപ്പെടുത്താതിരുന്ന സ്വപ്ന തനിക്ക് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതും മുന്‍കൂട്ടിയുള്ള തിരക്കഥയുടെ ഭാഗമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ നിന്ന് അനുമതി സമ്പാദിച്ച സ്വപ്ന തന്റെ ജീവന് ഭീഷണിയുണ്ടെന്നും മാധ്യമങ്ങളോട് ചിലത് വെളിപ്പെടുത്താനുണ്ടെന്നും പറയുകയായിരുന്നു.തുടര്‍ന്നാണ് മുന്‍പ് കസ്റ്റംസിനോട് പറഞ്ഞ കഥ, കഥാപാത്രങ്ങളെ മാറ്റി സ്വപ്ന മാധ്യമങ്ങളോട് പങ്കുവെച്ചത്.

2016-ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ കറന്‍സിയാണെന്ന് മനസിലായി. ഇതായിരുന്നു ഇന്ന് സ്വപ്ന പങ്കുവെച്ച കഥ. എന്നാല്‍ 2021 ജൂലൈ 29 ന് കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസിലും സ്വപ്നയുടെ ഈ കഥയുണ്ട്. പക്ഷേ സരിത്താണ് ഈ ബാഗ് കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന് എത്തിച്ചുകൊടുത്തതെന്നായിരുന്നു അന്നത്തെ വെളിപ്പെടുത്തല്‍. മാത്രമല്ല 2017ലാണ് ഈ സംഭവമെന്നും കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസിലുണ്ട്. അത് മൊഴിയിലെ വൈരുദ്ധ്യം വെളിവാക്കുന്നതാണ്.

ജയിലില്‍ നിന്നിറങ്ങിയ ശേഷം സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഇ ഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചരുന്നു. എന്നാല്‍ ഇതിനിടെ അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കല്‍ സ്വപ്നയുടെ വക്കാലത്ത് ഒഴിയുകയും സംഘപരിവാര്‍ സംഘടനകളുടെ അഭിഭാഷകനായ അഡ്വ.കൃഷ്ണരാജ് സ്വപ്നക്കുവേണ്ടി ഇടപെടലുകള്‍ നടത്തുകയുമായിരുന്നു. കോടതിയില്‍ സ്വപ്നയുടെ രഹസ്യമൊഴി എടുപ്പിക്കാന്‍ മുന്‍ പന്തിയില്‍ നിന്നതെല്ലാം കൃഷ്ണരാജാണ്.

സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ ആരുടെ താല്‍പ്പര്യപ്രകാരമാണെന്ന് ഈ സംഭവവികാസങ്ങളില്‍ നിന്ന് വ്യക്തമാണ്.കേസന്വേഷണത്തിന്റെ ആദ്യ നാളുകളില്‍ സ്വപ്നയുടെ അഭിഭാഷകനായിരുന്ന ടി കെ രാജേഷ്‌കുമാറിനെ പിന്നീട് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസിന് കീഴിലെ സി ജി എസ് ടി സ്റ്റാന്റിംഗ് കൗണ്‍സലായി നിയമിച്ചതെല്ലാം സംഘപരിവാര്‍ സ്വാധീനത്തിന് തെളിവായിരുന്നു.ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസുമായി കേസിന് ഒരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തിയ കസ്റ്റംസ് ജോയിന്‍ കമ്മീഷണറായിരുന്ന അനീഷ് രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതും വലിയ വിവാദമായിരുന്നു. ഈ കേസുമായി ബന്ധപ്പെടുത്തി ഉന്നയിച്ച വ്യാജ ആരോപണങ്ങളെ അതിജീവിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ പഴകിത്തേഞ്ഞ ആരോപണങ്ങള്‍ കേസിലെ പ്രതിയായ സ്വപ്നയിലൂടെ വീണ്ടും പൊടിതട്ടിയെടുത്ത് വിവാദമാക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here