‘റിങ് റോഡ്’ പൂര്‍ണ വിജയം; കൂടുതല്‍ സജീവമാക്കും: മന്ത്രി മുഹമ്മദ് റിയാസ്| Mohammed Riyas

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ നേരിട്ട് മന്ത്രിയെ അറിയിക്കാന്‍ ആരംഭിച്ച റിങ് റോഡ് പദ്ധതി വലിയ വിജയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി ഒരു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ ലഭിച്ചത്. ആളുകളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്താനും സാധിച്ചു. ഉദ്യോഗസ്ഥരും അതോടൊപ്പം ഉണര്‍ന്നുപ്രവര്‍ത്തിച്ചു.

പത്ത് ഫോണ്‍ ഇന്‍ പരിപാടികളാണ് ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയത്. ആകെ 228 പരാതികള്‍ കേട്ടു. ഇതില്‍ 99 പരാതികള്‍ പൂര്‍ണമായും പരിഹരിച്ചു. 129 പരാതികള്‍ തുടര്‍നടപടികളിലാണ്. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച വിവരങ്ങളും ജനങ്ങളുടെ പരാതികളും വേഗത്തില്‍ മനസിലാക്കാനും അത് പരിഹരിക്കാനും റിംഗ് റോഡ് പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്. റിംഗ് റോഡ് ഫോണ്‍ പരിപാടിയിലൂടെ ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനും വകുപ്പും ജനങ്ങളും ഒരുമിച്ച് പോകുന്ന അവസ്ഥ സൃഷ്ടിക്കാനും സാധിച്ചു. ഒരു വര്‍ഷത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി പരിപാടി കൂടുതല്‍ സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരങ്ങളുടെ നവീകരണം ഉള്‍പ്പെടെ റിങ് റോഡ് പരിപാടി വഴി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിച്ചു. നിയമ നടപടികള്‍ നേരിട്ടും അല്ലാതെയും റോഡരികില്‍ കാലങ്ങളായി കിടന്ന വാഹനങ്ങള്‍ എടുത്തു മാറ്റാനുള്ള സുപ്രധാന തീരുമാനം ഈ പരിപാടിയില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ചതാണ്. പി ഡബ്ലിയുഡി ഫോര്‍ യു എന്ന ആപ്പ് വഴി മാത്രം ഇതുവരെ 19432 പരാതികള്‍ വന്നിട്ടുണ്ട്. അതില്‍ 14201 എണ്ണം പരിഹരിക്കാന്‍ കഴിഞ്ഞു. പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കഠിനമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അങ്ങേയറ്റം അഭിന്ദിക്കുന്നു. ഉദ്യോഗസ്ഥരും പൊതുജങ്ങളും എല്ലാം ഉള്‍പ്പെടുന്ന ഈ സംവിധാനത്തെ ശരിയായി ചലിപ്പിക്കാന്‍ ആണ് ലക്ഷ്യമിട്ടത്. ജങ്ങള്‍ക്ക് പൊതുമരാമത്തു പോലെ അവരുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള വകുപ്പില്‍ ഒരു ഇടം ഉണ്ടാവണമെന്നാണ് വകുപ്പ് ആഗ്രഹിക്കുന്നത്. അത് നടപ്പിലാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News