ഉലകനായകൻ കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിച്ച ‘വിക്രം’ എന്ന സിനിമ തീയേറ്ററുകളിൽ ആവേശമായിരിക്കുകയാണ്. റിലീസ് ദിനം മുതൽ എങ്ങും ഹൗസ്‍ഫുൾ ഷോകളുമായി കുതിക്കുകയാണ് ചിത്രം. 120 കോടി ബജറ്റിലൊരുക്കിയ ചിത്രം റിലീസ് ചെയ്ത് നാല് ദിനം കൊണ്ടു തന്നെ നൂറ് കോടിക്ക് മേൽ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ തന്‍റെ സിനിമയെ ഏറ്റെടുത്ത മലയാളികള്‍ക്ക് മലയാളത്തിൽ നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ കമൽ ഹാസൻ.
കമൽ ഹാസന്റെ വാക്കുകൾ
”നമസ്കാരം, എല്ലാ സഹോദരി സഹോദരന്മാർക്കും എന്‍റെ നമസ്കാരം. ഭാഷയേതായാലും നല്ല സിനിമകൾ എല്ലായ്‍പ്പോഴും മലയാളികൾ നെഞ്ചിലേറ്റാറുണ്ട്. ഇപ്പോള്‍ എന്നേയും എന്‍റെ വിക്രം സിനിമയേയും നിങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നു. എന്‍റെ ഭാഗ്യം. അനിരുദ്ധ്, ഗിരീഷ് ഗംഗാധരൻ, എഡിറ്റര്‍ ഫിലോമിൻ രാജ്, അൻപറിവ്, സതീഷ് കുമാര്‍ തുടങ്ങി ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പേരറിയാത്ത ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം.
നിങ്ങളുടെ സ്നേഹം എന്നും എനിക്കുണ്ടായിരിക്കണം.. ഡയറക്ടര്‍ ലോകേഷ് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്നേഹം വിക്രം സിനിമയുട ഷൂട്ടിംഗിന്‍റെ ഓരോ നാളിലും ഓരോ ഫ്രെയിമിലും ഞാൻ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്നേവും. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്നേഹം എന്നും എനിക്കുണ്ടായിരിക്കണം. രാജ് കമൽ ഫിലിംസിന്‍റെ ഒരു ജോലിക്കാരൻ, നിങ്ങളുടെ ഞാൻ, നമസ്കാരം”, വീഡിയോയിൽ കമൽ ഹാസൻ പറഞ്ഞിരിക്കുകയാണ്.
ADVERTISEMENT
അതേസമയം, ഗംഭീര റിപ്പോർട്ടാണ് സിനിമയ്ക്ക് ലോകമെങ്ങും ലഭിച്ചുകൊണ്ടിരിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിരയാണ് സിനിമയിലുള്ളത്. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഒ ടി ടി റൈറ്റ്സിലൂടെ 200 കോടി ക്ലബ്ബിൽ കയറിയിരുന്നു. കേരളത്തിൽ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.