Mithali Raj: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്(Mithali Raj) രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ്(Tweet) ചെയ്തു.

രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററാണ് മിതാലി രാജ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ വനിതാ സൂപ്പര്‍ താരമായി അറിയപ്പെടുന്ന മിതാലി 2019 സെപ്തംബര്‍ 3 ന് ട്വന്റി – 20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.1999 ജൂണ്‍ 26 നാണ് മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്ന ഈ 39 കാരി വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍ നേടിയ താരവും ഏറ്റവും കൂടുതല്‍ കാലം ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് തുടര്‍ന്ന താരവുമാണ്.

2006 ല്‍ രാജ്യാന്തര വേദിയില്‍ ഇന്ത്യ ട്വന്റി-20 അരങ്ങേറ്റം കുറിച്ചപ്പോള്‍ ക്യാപ്ടന്‍ ഈ ജോധ്പൂരുകാരിയായിരുന്നു. 3 ലോകകപ്പുകളില്‍ ഉള്‍പ്പെടെ 32 ട്വന്റി – 20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മിതാലി രാജ്യാന്തര ട്വന്റി-20യില്‍ രണ്ടായിരം റണ്‍സ് പിന്നിട്ട ആദ്യ ഇന്ത്യന്‍ വനിതയുമാണ്. ഇന്ത്യയെ 150 ഏകദിനങ്ങളില്‍ നയിച്ച മിതാലി, ഏകദിനത്തില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ നയിച്ച വനിതാതാരം എന്ന റെക്കോഡിനുടമയാണ്. 232 ഏകദിനങ്ങളില്‍ നിന്നും 7805 റണ്‍സ് നേടിയ മിതാലി 12 ടെസ്റ്റുകളില്‍ നിന്ന് 699 റണ്‍സും നേടിയിട്ടുണ്ട്.

ട്വിറ്ററിലൂടെയാണു ലേഡി ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ പ്രഖ്യാപനം. ‘കടന്നുപോയ വര്‍ഷങ്ങളില്‍ എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും അതിരറ്റ നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടും ആശിര്‍വാദത്തോടും കൂടി ജീവിതത്തിലെ 2-ാം ഇന്നിങ്‌സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും മിതാലി ട്വീറ്റില്‍ പറയുന്നു. മിതാലിയുടെ വിരമിക്കലോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ഒരു യുഗത്തിനാണ് അവസാനമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News