Mithali Raj: ഒരേയൊരു മിതാലി

വനിതാ ക്രിക്കറ്റില്‍ വാനോളം ഉയര്‍ന്നുനില്‍ക്കുന്ന പ്രതിഭയുടെ പേരാണ് മിതാലി രാജ്(Mithali Raj). രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റര്‍. റെക്കോര്‍ഡ് ബുക്കില്‍ എണ്ണിയാലൊടുങ്ങാത്തത്ര തവണ തന്റെ പേര് എഴുതിച്ചേര്‍ത്ത പെണ്‍കരുത്ത്. ക്രിക്കറ്റില്‍(Cricket) തിളങ്ങാന്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളുമുണ്ടെന്ന് തെളിയിച്ച പെണ്‍ ഇതിഹാസം. 1999ല്‍ 16-ാം വയസില്‍ സെഞ്ചുറിയോടെ വരവറിയിച്ച് രണ്ട് പതിറ്റാണ്ടിലേറെക്കാലം ലോക ക്രിക്കറ്റ് അടക്കിവാണ മിതാലിയുടെ വിരമിക്കല്‍ 39-ാം വയസിലെങ്കിലും ക്രിക്കറ്റ് ലോകത്തിന് വലിയ അമ്പരപ്പാണ് അത് സമ്മാനിച്ചത്.

ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരി കൂടിയാണ്. 23 വര്‍ഷം നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. ഖേല്‍രത്ന നേടിയ ഏക വനിതാ ക്രിക്കറ്റ് താരമാണ്. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2017 ലോകകപ്പില്‍ ഫൈനലിലെത്തി.

1999ല്‍ തന്റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം. അതേസമയം ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റണ്‍സ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും പേരിലാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News