കെ ടി ജലീലിന്റെ പരാതിയില്‍ സ്വപ്‌നയ്ക്കും പിസി ജോര്‍ജിനുമെതിരെ കേസെടുത്തു

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . സ്വപ്ന സുരേഷും പിസി ജോര്‍ജും പ്രതികളാകും. 120 ബി 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 153, 120 (ബി) വകുപ്പുകള്‍ ചുമത്തിയാണ് ക്രൈം നമ്പര്‍ 645/22 ആയി കേസ് എടുത്തിരിക്കുന്നത്.

പരാതി അന്വേഷിക്കാന്‍ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.ജലീലിന്റെ പരാതിയിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. കേസ് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

നേരത്തെ കള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നതെന്ന് കെ.ടി ജലീൽ പറഞ്ഞിരുന്നു. അതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. അത് അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നായിരുന്നു കെ.ടി ജലീലിന്റെ ആവശ്യം. നുണപ്രചാരണം നടത്തി കേരളത്തിന്റെ സ്ഥിരതയെ തകർക്കാനാണ് ശ്രമം. അടിസ്ഥാനരഹിതമായ ആരോപണമാണ് സ്വപ്ന നടത്തിയിരിക്കുന്നത്. ഒന്നര വർഷത്തോളം ജയിലിലായിരുന്നു സ്വപ്ന. അന്ന് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികൾ പോലും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ജലീൽ പറഞ്ഞിരുന്നു.

സ്വർണക്കടത്ത് കേസ് സംബന്ധിച്ച് പി.സി ജോർജും ഇന്ന് പ്രതികരിച്ചിരുന്നു. സ്വ​​ർ​​ണക്കടത്ത് കേ​​സി​​ലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൈക്കാട് ഗസ്റ്റ്ഹൗസിൽ വെച്ചാണ് കത്ത് എഴുതി നൽകിയതെന്ന് പി.സി ജോർജ് പറഞ്ഞിരുന്നു. ഫെബ്രുവരിയിലാണ് തന്നെ കാണാൻ വന്നത്. നടന്ന സംഭവങ്ങളെല്ലാം എഴുതി നൽകിയെന്നും പി.സി ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം (Swapna)സ്വപ്നയും (P C George)പി സി ജോര്‍ജ്ജും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടു എന്നതിന് തെളിവ് കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 15 വരെ പി സി ജോര്‍ജ്ജ് സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് 19 തവണ ബന്ധപ്പെട്ടു. 14 തവണ പിസി ജോര്‍ജ് അങ്ങോട്ടും അഞ്ചുതവണ സ്വപ്ന സുരേഷ് തിരിച്ചും വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 10,11,12,13 എന്നീ ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ കോളുകളാണ് ഉണ്ടായിട്ടുള്ളത്. 15 ആം തീയതി 3 പ്രാവശ്യവും ഇരുവരും സംസാരിച്ചു. ഫെബ്രുവരി 12, 15 തീയതികളില്‍ ടി പി നന്ദകുമാര്‍ ബന്ധപ്പെട്ടതായും തെളിയുന്നു. സ്വപ്നസുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്നത് ആര്‍എസ്എസ് ബന്ധമുള്ള ഉള്ള എച്ച് ആര്‍ ഡി എസ് എന്ന സ്ഥാപനത്തിലാണ്.
ആ സ്ഥാപനത്തിന്റെ ശാഖ ഉദ്ഘാടനം നിര്‍വഹിച്ചത് പി സി ജോര്‍ജ്ജാണ്.

നിലവില്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സംഘ്പരിവാര്‍ അനുകൂല എന്‍ജിഒയില്‍ ഡയറക്ടറാണ് സ്വപ്ന സുരേഷ്. നിയമനം ലഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയ്ക്കെതിരെ നേരത്തേയും സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായ ആരോപണങ്ങളുമായി എത്തിയതോടെയാണ് സ്വപ്ന സുരേഷിനു പിന്നിലെ സംഘ് പരിവാര്‍ ബന്ധം ചര്‍ച്ചയാവുന്നത്.

സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സംഘടനയില്‍ ഡയറക്ടറായി സംഘ് പരിവാര്‍ നിയമനം നല്‍കിയത്. ഫെബ്രുവരി പതിനൊന്നിനാണ് സ്വപ്ന സുരേഷിനെ സിഎസ്ആര്‍ ഡയറക്ടറായി നിയമന ഉത്തരവ് നല്‍കിയത്. പ്രതിമാസം 43000 രൂപ ശമ്പളം. ബിജെപി നേതാവ് എസ് കൃഷ്ണകുമാര്‍ ഐഎഎസ് ആയിരുന്നു എച്ച്ആര്‍ഡിഎസ്സിന്റെ പ്രസിഡന്റ്. സ്വപ്ന എത്തിയതിനു പിന്നാലെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കൃഷ്ണകുമാര്‍ എച് ആര്‍ ഡി എസ് വിട്ടു.

വിവിധ പദ്ധതികള്‍ക്കായി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ സഹായിക്കുക എന്നിവയാണ് സ്വപ്നയുടെ ചുമതല. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ എച്ച് ആര്‍ ഡി എസ് അന്വേഷണം നേരിടുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എന്‍ ജി ഒ യുടെ തലപ്പത്തു കൊണ്ടു വന്നതിലുയര്‍ന്ന രാഷ്ട്രീയ വിവാദങ്ങള്‍ വകവെയ്ക്കാതെയാണ് സംഘ്പരിവാര്‍ സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത്. ഇതോടെ ആരോപണങ്ങള്‍ക്കു പിന്നിലെ സംഘ് പരിവാര്‍ ഗൂഢാലോചനയാണ് പുറത്തു വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News