സമുദ്ര പുനരുജ്ജീവനത്തിന് കൂട്ടായപ്രവർത്തനം അനിവാര്യം: മന്ത്രി ഗോവിന്ദൻ മാസ്റ്റർ

മനുഷ്യരാശിയുടെ നിലനിൽപ്പിന് സമുദ്ര പുനരുജ്ജീവനത്തിനായുള്ള കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ.

സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടൽ മേഖലയും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഉദ്ഘാടനം ലോക സമുദ്ര ദിനത്തിൽ തങ്കശ്ശേരി ബസ് ബേയിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

തീരത്തു നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാവിധി നിർമ്മാർജ്ജനം ചെയ്യാനുള്ള സത്വരമായ നടപടികൾ സ്വീകരിക്കും. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ജാഗ്രതയോടെയുള്ള കൂട്ടായ പ്രവർത്തനങ്ങളാണ് വേണ്ടത്. പദ്ധതിയുടെ നിർവ്വഹണത്തിനായി ക്ലീൻ കേരള കമ്പനിയെയും ഹരിത കർമ്മ സേനയെയും ശക്തിപ്പെടുത്തും.മന്ത്രി പറഞ്ഞു.

ധനകാര്യവകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ അധ്യക്ഷനായി. കേരളത്തിലെ കായലുകളുടെയും പുഴകളുടെയും ആഴം വർദ്ധിപ്പിച്ച് മാലിന്യം നീക്കാൻ 20 കോടി വകയിരുത്തിയിട്ടുണ്ട്. 2050തോട്കൂടി കേരളത്തെ ഹരിതാഭമാക്കാനുള്ള നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. മന്ത്രി പറഞ്ഞു.

മനുഷ്യജീവന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക്ക് വിപത്തിനെതിരെയുള്ള ജനകീയ പോരാട്ടമാണ് പദ്ധതി വഴി നടപ്പിലാക്കുന്നതെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടമായി സെപ്റ്റംബർ 18 ന് ലക്ഷങ്ങൾ അണിനിരക്കുന്ന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞo മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി പറഞ്ഞു. ‘ശുചിത്വസാഗരം സുന്ദരതീരം’ ലോഗോ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. ചലച്ചിത്ര താരം മഞ്ജുവാര്യരാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ.

2018ൽ നീണ്ടകര ഹാർബറിൽ ആരംഭിച്ച പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്. ബോധവൽക്കരണം, മാലിന്യശേഖരണം- പുനരുപയോഗം, തുടർ പ്രചാരണം എന്നീ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി. ശുചീകരണ യജ്ഞത്തിൽ പതിനയ്യായിരത്തോളം സന്നദ്ധപ്രവർത്തകർ പങ്കാളികളാകും.മൂന്നാം ഘട്ടത്തിൽ 20 ഹാർബർ കളിലേക്ക് പദ്ധതി വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടിൽ അടിഞ്ഞു കൂടിയ മാലിന്യം ശേഖരിച്ച് സംസ്കരിക്കും.

ചടങ്ങിനോടനുബന്ധിച്ച് ‘സമുദ്ര ആവാസവ്യവസ്ഥയുടെ വിവേകപൂർണ്ണമായ ഉപയോഗം’ എന്ന വിഷയത്തിൽ പരിസ്ഥിതി സംരക്ഷണ വകുപ്പ് നേതൃത്വം നൽകിയ സെമിനാർ നടന്നു.

മേയർ പ്രസന്ന ഏർണെസ്റ്റ് മുഖ്യാഥിതിയായി. എം.എൽ.എമാരായ എം. മുകേഷ്,എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം. കെ. ഡാനിയേൽ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ഫിഷറീസ് വകുപ്പ് ജീവനക്കാർ, വിവിധ വകുപ്പു മേധാവികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, എൻ.എസ്.എസ്, എസ്.പി.സി വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel