തിയറ്ററുകളില്‍ നിറഞ്ഞോടുന്ന കമല്‍ ഹാസന്‍ ചിത്രം വിക്രം താരനിര കൊണ്ട് സമ്പന്നമായിരുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ അണിനിരന്ന ചിത്രത്തില്‍ പക്ഷേ ഏറ്റവും കുറവ് സ്ക്രീന്‍ ടൈം കൊണ്ട് ഏറ്റവുമധികം കൈയടികള്‍ നേടിയത് സൂര്യയായിരുന്നു . ചിത്രത്തിന്‍റെ ടെയ്‍ല്‍ എന്‍ഡ് സീക്വന്‍സില്‍ മികവാര്‍ന്ന പ്രകടനവുമായെത്തിയ സൂര്യ റോളക്സ് എന്നു വിളിപ്പേരുള്ള അധോലോക നായകനെയാണ് അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂര്യയ്ക്ക് കൗതുകമുണര്‍ത്തുന്ന ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഇപ്പോൾ കമൽ ഹാസൻ.
ADVERTISEMENT
ആഡംബര വാച്ച് നിര്‍മ്മാതാക്കളായ റോളക്സിന്‍റെ ഒരു വാച്ചാണ് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് നല്‍കിയത്. കമല്‍ വാച്ച് സമ്മാനിക്കുന്നതും താന്‍ ആ വാച്ച് അണിഞ്ഞുനില്‍ക്കുന്നതിന്‍റെയുമൊക്കെ ചിത്രങ്ങളടക്കം സൂര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം സമ്മാനത്തിനുള്ള നന്ദിയും അറിയിച്ചിട്ടുണ്ട്. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ.., എന്നാണ് സൂര്യയുടെ ട്വീറ്റ്.
അതേസമയം, കമല്‍ ഹാസന്‍റെ (Kamal Haasan) കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം (Vikram Movie). തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്. കമല്‍ ഹാസന് വലിയ ആരാധകവൃന്ദമുള്ള കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ആദ്യ അഞ്ച് ദിനത്തിലെ കണക്കുകള്‍ എടുത്താല്‍ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡും ഇട്ടിരിക്കുകയാണ് ചിത്രം.
ജൂണ്‍ 3 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 5.02 കോടി ആയിരുന്നു. ശനിയാഴ്ച 5.05 കോടിയും ഞായറാഴ്ച 5.65 കോടിയും നേടിയ ചിത്രത്തിന്‍റെ തിങ്കളാഴ്ചത്തെ കളക്ഷന്‍ 3.02 കോടി ആയിരുന്നു. ആകെ അഞ്ച് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്താല്‍ 22.29 കോടി.
‘താങ്ക്യൂ സോ മച്ച് ആണ്ടവരെ’… ലോകേഷ് കനകരാജിന് ആഡംബര കാർ സമ്മാനം നൽകി കമൽഹാസൻ
വിക്രം ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരവെ, സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാർ സമ്മാനമായി നൽകി കമൽഹാസൻ. പ്രമുഖ ബ്രാൻഡായ ലെക്സസിന്റെ പ്രീമിയം മോഡൽ കാറാണ് കമൽ ലോകേഷിന് സമ്മാനിച്ചത്. ലോകേഷിന് പുതിയ കാറിന്റെ താക്കോൽ കമൽ സമ്മാനിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
എന്നാൽ ലെക്സസിന്റെ ഏതു മോഡൽ കാറാണ് സമ്മാനിച്ചതെന്ന് വ്യക്തമല്ല. ലെക്സസ് കാറുകളോട് ഭ്രമമുള്ള കമൽ ആദ്യമായാണ് അത്തരത്തിലൊന്നു ഒരാൾക്ക് സമ്മാനമായി നൽകുന്നത്. കഴിഞ്ഞ ദിവസം കമൽ ഹാസൻ തനിക്ക് അയച്ച കത്ത് ലോകേഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ‘ലൈഫ് ടൈം സെറ്റില്‍മെന്റ് ലെറ്റര്‍’ എന്നാണ് കത്ത് പങ്കുവെച്ച് ലോകേഷ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
തനിക്ക് കാർ സമ്മാനിച്ച കമൽ ഹാസന് നന്ദി പറഞ്ഞ് ലോകേഷ് കനകരാജും ട്വിറ്ററിൽ പോസ്റ്റുമായി എത്തി. കാറിന്റെ മുൻപിൽ നിൽക്കുന്ന ചിത്രവുമായിട്ടാണ് ലോകേഷ് എത്തിയത്.’താങ്ക്യൂ സോ മച്ച് ആണ്ടവരെ’ എന്നാണ് ലോകേഷ് തന്റെ ട്വിറ്ററിൽ കുറിച്ചത്.
ലോകേഷ് കനകരാജിന്റെ കമൽ ഹാസൻ ചിത്രം വിക്രം ഇന്ത്യൻ ബോക്സോഫീസിലും ആഗോള ബോക്സോഫീസിലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മൂന്ന് ദിവസം കൊണ്ട് 150 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ഇരുന്നൂറു കോടിയിലേക്കുള്ള കുതിപ്പിലാണ്. ഒരാഴ്ച കൊണ്ട് മുന്നൂറു കോടി ക്ലബിൽ ‘വിക്രം’ ഇടം പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തായാലും കമൽഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് വിക്രം മുന്നേറിക്കൊണ്ടിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.