പ്രവാചക നിന്ദ വിവാദത്തിലെ അച്ചടക്ക നടപടിക്കെതിരെ ബിജെപിക്കുള്ളില്‍ കലാപം. ഹിന്ദുത്വ നിലപാട് തീവ്രമാക്കണമെന്ന ആവശ്യപ്പെടുകയും അത് പറയുന്ന നേതാക്കളെ പുറത്താക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് ഒരു വിഭാഗം നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. യു.പിയിലെ യോഗി ആദിത്യനാഥിന്റെ മാതൃകയില്‍ ബിജെപി ദേശീയത്തില്‍ മുന്നോട്ടുപോകണമെന്ന സാമൂഹ്യ മാധ്യമ കാമ്പയിനുകളും തുടരുകയാണ്.
പ്രവാചകനെ അവഹേളിച്ച നൂപുര്‍ ശര്‍മ്മയെയും നവീന്‍ ജിന്‍ഡാലിനെയും പിന്തുണച്ച് പരസ്യപ്രതികരണം നടത്തിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി മാത്രമാണ്. പരസ്യപ്രസ്താവനകള്‍ക്ക് തയ്യാറാകാതെ ഈ വിഷയത്തില്‍ പാര്‍ടിക്കുള്ളില്‍ കലാപം ഉയര്‍ത്തുന്ന ദേശീയ സംസ്ഥാന നേതാക്കള്‍ നിരവധിയാണ്. അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് തെറ്റായ തീരുമാനം എന്നാണ് ഇവരുടെ അഭിപ്രായം. പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണെന്ന വിമര്‍ശനവും തീവ്ര നിലപാടുള്ള നേതാക്കള്‍ ഉയര്‍ത്തുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത് മുസ്‌ളീം വിരുദ്ധ വര്‍ഗീയ പ്രചരണത്തിലൂടെ ഹിന്ദു വോട്ടുകളില്‍ ഏകീകരണം ഉണ്ടാക്കിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ വേരുറപ്പിച്ചത്. കാശിയും മധുരയും പറഞ്ഞായിരുന്നു കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പിലെ പ്രചരണം. ഇനിയും അങ്ങനെ മാത്രമെ ബിജെപിക്കും സംഘപരിവാറിനും മുന്നോട്ടുപോകാനാകു. അതല്ലാത്ത നിലപാട് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് വിമര്‍ശനം ഉന്നയിക്കുന്ന നേതാക്കളുടെ നിലപാട്.
സംഘപരിവാര്‍ നിലപാട് നടപ്പാക്കുന്നതില്‍ നരേന്ദ്ര മോദിയെക്കാള്‍ നല്ലത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന പ്രചരണവും സാമൂഹ്യ മാധ്യമങ്ങളില്‍ തുടരുകയാണ്. പ്രവാചക നിന്ദ വിവാദത്തില്‍ പാര്ടി അനുമതിയില്ലാതെ ആരും മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് ബിജെപിയുടെ വിലക്ക്. അറബ് രാഷ്ട്രങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടരുകയുമാണ്. അപ്പോഴാണ് ബിജെപിക്കുള്ളില്‍ ഇതേചൊല്ലി കലാപം. ഗ്യാന്‍വ്യാപി മസ്ജിദ് വിവാദത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെ നിലപാട് മാറ്റവും ഈ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളെ ചൊടുപ്പിച്ചിട്ടുണ്ട്. പ്രവാചക നിന്ദ വിവാദം സര്‍ക്കാരിന് ഉണ്ടാക്കിയ പ്രതിസന്ധിയെക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് പാര്‍ടിക്കുള്ളില്‍ ബിജെപി നേരിടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.