സൈഡ് റോളില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്…നയന്‍സിന്റെ കരിയര്‍ പോളിസികള്‍ അമ്പരിപ്പിക്കുന്നത്;എന്തൊക്കെയാണെന്ന് അറിയാം…

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹമായിരുന്നു ഇന്ന്. സിനിമാ ലോകത്ത് താരവിവാഹം വലിയ വാര്‍ത്തയായിരിക്കുകയാണ്. 19 വര്‍ഷക്കാലമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ അപൂര്‍വ കാഴ്ചയാണ് ഇത്. നടിയുടെ അമ്പരപ്പിച്ച കരിയര്‍ വളര്‍ച്ചയും താരപ്രൗഡിയും അസൂയാവാഹമായാണ് പലരും കരുതുന്നത്. ആദ്യ കാലത്ത് വിവാദങ്ങളും വീഴ്ചകളും നയന്‍സിന്റെ കരിയറില്‍ നിറഞ്ഞുനിന്നിരുന്നു. അവിടെ നിന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന സ്ഥാനത്തേക്കുള്ള കുതിപ്പാണ് നയന്‍സിന്റെ ജീവിതത്തെ ആകാംക്ഷയോടെ എല്ലാവരും നോക്കിക്കാണുന്നത്. നയന്‍താരയെ ഗ്ലാമറസ് നടിയില്‍ നിന്നും ബോക്‌സ് ഓഫീസ് മൂല്യമുള്ള നടിയെന്ന പേര് നേടാന്‍ സഹായിച്ചത് 2015-16 കളിലായി പുറത്തിറങ്ങിയ മായ, വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍, തനി ഒരുവന്‍, ഇരു മുഖന്‍ തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയമാണ്. കൊലമാവ് കോകില, ഇമ്മൈഗ നൊഡികള്‍ തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയവും നടിയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിച്ചു. ഇതിലൂടെ പുരുഷ സൂപ്പര്‍ താരങ്ങളില്ലാതെ തന്നെ ഒരു സിനിമയെ ബോക്‌സ് ഓഫീസ് ഹിറ്റാക്കാന്‍ കഴിയുമെന്ന് നയന്‍സ് വീണ്ടും തെളിയിച്ചു.

തെന്നിന്ത്യയില്‍ തുടര്‍ച്ചയായി നീണ്ട 19 വര്‍ഷം സിനിമകളില്‍ നായികയായി തിളങ്ങിയ മറ്റൊരു നടിയില്ല. നായികയുടെ ഐഡന്റിറ്റിയില്‍ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി. നടി ഈ റിപ്പീറ്റഡ് ഫേസ് വാല്യു നടി സ്വന്തമാക്കിയത് സിനിമകളുടെ വിജയത്തിനപ്പുറം വളരെ തന്ത്രപരമായാണ്. കരിയറിന്റെ ആദ്യ കാലങ്ങളില്‍ നായകന്റെ നിഴലില്‍ ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു നയന്‍സ് ചെയ്തിരുന്നത്. അപ്പോള്‍ തന്നെയും ചില ശാഠ്യങ്ങള്‍ നടിയ്ക്ക് ഉണ്ടായിരുന്നു. ആദ്യ കാലങ്ങളില്‍ സൂപ്പര്‍താര ചിത്രങ്ങളിലെ നായികയാവാന്‍ നടി തയ്യാറായിരുന്നുവെങ്കിലും ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പങ്കെടുത്തിരുന്നില്ല. താന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തില്ലെന്ന് ഒരു സിനിമയ്ക്ക് ഒപ്പു വെക്കുമ്പോള്‍ തന്നെ നിര്‍മാതാക്കളുമായി നയന്‍സ് ധാരണയിലാവും. സിനിമ അടിമുടി നായകനെ മുന്‍നിര്‍ത്തിയാണ്. രണ്ട് പാട്ടിലും കുറച്ചു സീനുകളിലുമുള്ള നായിക അതിന് പ്രെമോഷന്‍ ചെയ്യേണ്ടെന്നായിരുന്നു നയന്‍സിന്റെ തീരുമാനമെന്നായിരുന്നു അന്നത്തെ സൂചനകള്‍.

പരസ്യങ്ങള്‍ക്കും നയന്‍സ് അധികം മുഖം കൊടുത്തില്ല. നയന്‍സിന്റെ ഈ പോളിസികള്‍ക്ക് മറ്റു ചില കാരണങ്ങളും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തമിഴ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ നടി ഇതേ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലോ പരസ്യങ്ങളിലോ എന്ത് കൊണ്ട് കൂടുതലായി കാണുന്നില്ലെന്ന അവതാരകയുടെ ചോദ്യത്തിനാണ് നയന്‍സ് മറുപടി നല്‍കിയത്. ”പത്ത് വര്‍ഷത്തിലേറെയായി സിനിമയിലുള്ള ആളാണ് ഞാന്‍. കൂടെ കൂടെ പരസ്യങ്ങളിലും അഭിമുഖങ്ങളിലും വന്ന് കൊണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്ക് മടുക്കും. അതിനാല്‍ ബോധപൂര്‍വം തന്നെ താന്‍ മാറി നില്‍ക്കുന്നതാണെന്നായിരുന്നു നയന്‍സിന്റെ അന്നത്തെ മറുപടി. നീണ്ട 19 വര്‍ഷ സിനിമാ കരിയറില്‍ നയന്‍താര നല്‍കിയ അഭിമുഖങ്ങളെടുത്താല്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. സൂപ്പര്‍താര പദവിയിലെത്തിയതിന് ശേഷമാണ് പരസ്യങ്ങളിലും മറ്റും നയന്‍സ് കൂടുതലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. മറ്റുള്ളവരില്‍ നിന്ന് അനാവശ്യമായി ഉപദേശം സ്വീകരിക്കാതിരിക്കലാണ് നയന്‍സിന്റെ മറ്റൊരു രീതി. ഉപദേശങ്ങള്‍ തനിക്കിഷ്ടമല്ലെന്ന്് നയന്‍സ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

നയന്‍സ്-വിക്കി വിവാഹം; വിവാഹ ദിനത്തില്‍ 18000 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും

നയന്‍സ്-വിക്കി വിവാഹ ദിനത്തില്‍ 18000 കുട്ടികള്‍ ഭക്ഷണം നല്‍കും. തമിഴ്നാട്ടില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് വിവാഹ ദിനമായ ഇന്ന് ഇരുവരും ഉച്ചഭക്ഷണം നല്‍കുക. നിരവധി പേരാണ് താരങ്ങളുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. മഹാബലിപുരത്തെ ഹോട്ടലില്‍ വച്ച് ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷ് ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു. തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളാകും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകും. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിട്ടുണ്ട്. താരത്തില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

രജനീകാന്ത്,ഷാരൂഖ് ഖാന്‍, കാര്‍ത്തി… നയന്‍സ്-വിക്കി വിവാഹത്തിന് പങ്കെടുക്കാനെത്തിയത് വന്‍താരനിര

വര്‍ഷങ്ങളായുള്ള കാത്തിരിപ്പുകള്‍ക്ക് അന്ത്യംക്കുറിച്ചുകൊണ്ട് തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരയും ഇന്ന് വിവാഹിതരാവുകയാണ്. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ വച്ചാണ് വിവാഹം നടക്കുന്നത്. വിവാഹചടങ്ങില്‍ പങ്കെടുക്കാനായി തെന്നിന്ത്യയിലെയും ബോളിവുഡിലെയും വന്‍താരനിര തന്നെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. വിവാഹത്തിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരങ്ങളുടെയും ചിത്രങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

വിവാഹവേദിയിലേക്ക് രജനീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ വൈറലായിട്ടുണ്ട്. സംവിധായകന്‍ ആറ്റ്‌ലീ വിവാഹത്തിനെത്തിയ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ആറ്റ്‌ലിയുടെ പുതിയ ചിത്രമായ ജവാനില്‍ ഷാരൂഖും നയന്‍സുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നയന്‍സിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. വിവാഹചടങ്ങില്‍ നിര്‍മാതാവ് ബോണി കപൂറും പങ്കെടുക്കാനെത്തിയിട്ടുണ്ട്. നവദമ്പതികളായ നയന്‍താരയെയും വിഘ്‌നേഷ് ശിവനെയും അനുഗ്രഹിക്കാന്‍ കോളിവുഡ് താരങ്ങളായ രാധിക ശരത്കുമാര്‍, ദിവ്യ ദര്‍ശിനി, ആര്‍ ശരത് കുമാര്‍, വസന്ത് രവി, സംവിധായകന്‍ മണിരത്‌നം എന്നിവര്‍ മഹാബലിപുരത്തെ വേദിയിലെത്തി. കാജല്‍ അഗര്‍വാള്‍, റെബ മോണിക്ക എന്നിവരുള്‍പ്പെടെയുള്ളവര്‍ നയന്‍സിനും വിക്കിക്കും വിവാഹാശംസകള്‍ നേര്‍ന്നു. അതേസമയം വിവാഹവേദിക്ക് സമീപം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിഥികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് വിവാഹ കാര്‍ഡിനൊപ്പം പാസ് കോഡും ഉണ്ടായിരിക്കണം. വിവാഹവേദിയിലെ ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ചടങ്ങില്‍ അനുവദനീയമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News