രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്; ജൂലൈ 21ന് ഫലപ്രഖ്യാപനം

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ജൂലൈ 21ന് ഫലപ്രഖ്യാപനവും നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം ഈ മാസം 15ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും. ജൂണ്‍ 29 വരെ നാമനിര്‍ദേശ പത്രിക നല്‍കാനാകും. ജൂണ്‍ 30ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാകും. പുതുതായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 57 പേര്‍ക്കും വോട്ട് ചെയ്യാനാകും. അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാകില്ല.

പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. അല്ലാത്ത പേന ഉപയോഗിച്ചാല്‍ വോട്ട് അസാധുവാകും.

ഭരണഘടനയുടെ 62-ാം അനുച്ഛേദത്തില്‍ പറയുന്നതു പ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനുമുന്‍പ് തന്നെ അടുത്ത രാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടക്കണം. ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെയും ഡല്‍ഹിയിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രാജ്യസഭാംഗങ്ങളും ലോക്‌സഭാംഗങ്ങളും നിയമസഭാ സാമാജികരും ഉള്‍പ്പെടെ ആകെ 4,809 വോട്ടര്‍മാര്‍ അടങ്ങുന്നതാണ് ഇത്തവണത്തെ ഇലക്ടറല്‍ കോളേജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here