മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്; ബാലന്‍സിംഗാണോയെന്ന് സോഷ്യല്‍ മീഡിയ

മാധ്യമപ്രവര്‍ത്തക സബ നഖ്വിക്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്.

യു.പിയിലെ വാരാണസില്‍ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘപരിവാര്‍ പ്രചരണത്തെ ട്രോളി സബ നഖ്വി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് കേസിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

പ്രവാചക നിന്ദയെ തുടര്‍ന്നുള്ള അന്താരാഷ്ട്ര വിമര്‍ശങ്ങള്‍ക്ക് പിന്നാലെ മതവിദ്വേഷം നടത്തുന്ന സംഘപരിവാര്‍ പ്രൊഫൈലുകള്‍ക്കെതിരെ കേസെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായിരുന്നു. ഇതിന്റെ ബാലന്‍സിംഗായിട്ടാണ് സബ നഖ്വിക്കെതിരെ കേസെടുത്തെതെന്ന വിമര്‍ശനവും ഇതിനോടകം ഉയരുന്നുണ്ട്.

ബി.ജെ.പി മീഡിയ യൂണിറ്റ് മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍, ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുന്‍ പാണ്ഡെ, രാജസ്ഥാനില്‍ നിന്നുള്ള മൗലാന മുഫ്തി നദീം, പീസ് പാര്‍ട്ടി മുഖ്യവക്താവ് ഷദാബ് ചൗഹാന്‍ എന്നിവര്‍ക്കെതിരെയും സമാനമായ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രവാചക നിന്ദക്ക് പിന്നാലെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കും മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരെ പുതിയൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഈ മാസം 22ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രവാചകനെതിരായ പരാമര്‍ശത്തിന്റെ വീഡിയോ വൈറലായതോടെ മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപൂര്‍ ശര്‍മ്മയ്‌ക്കെതിരെ കേസെടുത്തിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തത്. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ശര്‍മ്മയെയും മറ്റൊരു വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ഞായറാഴ്ച ബി.ജെ.പി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News