V Sivadasan M P: തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക അടിയന്തിരമായി നല്‍കുക: വി ശിവദാസന്‍ എം പി

സംസ്ഥാനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക തുക അടിയന്തരമായി നല്‍കാന്‍ യൂണിയന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ.വി ശിവദാസന്‍ എംപി(V Sivadasan M P) ആവശ്യപ്പെട്ടു. തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിച്ചിരിക്കുന്ന അഭൂതപൂര്‍വമായ പ്രതിസന്ധി ജനങ്ങള്‍ നേരിടുമ്പോഴും തൊഴിലുറപ്പ് പദ്ധതി തുക നല്‍കാതിരുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവരെ പിന്തുണക്കാനും സഹായിക്കാനുമായി രൂപപ്പെടുത്തിയ പദ്ധതിയാണ് മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. എന്നാല്‍ അതിന്റെ തുക പോലും നല്‍കാതെ വൈകിപ്പിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍.

തൊഴിലുറപ്പ് പദ്ധതിയുടെ ഭൗതിക ചെലവ് ഇനത്തില്‍ ശത കോടികളാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ പിടിച്ചു വെച്ചിരിക്കുന്നത്. കേരളത്തിന് മാത്രമായി 700 കോടിയിലധികം രൂപ കുടിശികയായി നിലവില്‍ കെട്ടിക്കിടക്കുകയാണ്. ഇത് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതത്തിലും ചെലവഴിക്കലിലും വലിയ രീതിയില്‍ കുറവ് വരുത്തിയിരിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. 2022-23ലെ ബജറ്റില്‍ 73,000 കോടി ആണ് തൊഴിലുറപ്പ് പദ്ധതിക്ക് ആകെ വകയിരുത്തിയത്. ഇത് മുന്‍ വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ 25000 കോടി രൂപ കുറവായിരുന്നു. കേരളത്തിനുള്ള പദ്ധതി വിഹിതത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് യൂണിയന്‍ സര്‍ക്കാര്‍ വരുത്തിയത്. കഴിഞ്ഞ വര്‍ഷം 10.59 കോടി തൊഴില്‍ ദിനങ്ങള്‍ എന്ന നേട്ടം കൈവരിച്ച സംസ്ഥാനത്തിന് ഈ വര്‍ഷം 6.5 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് അനുവദിച്ചത്.

കേരളത്തിലെ ഓരോ ജില്ലയിലും വലിയ തുകയാണ് കുടിശ്ശികയായി കിടക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 65.58 കോടി രൂപയാണ് നിലവില്‍ കിട്ടാനുള്ളത്. 2021 സെപ്റ്റംബര്‍ മുതലുള്ള തുക ഇത്തരത്തില്‍ പിടിച്ച് വെച്ചിട്ടുണ്ട്. പദ്ധതി തുക വിതരണത്തില്‍ ഇത്രയും കാലതാമസം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. മൊബൈല്‍ മോണിറ്ററിംങ്ങിലൂടെയുള്ള പുതിയ പരിശോധനാ സംവിധാനം മിക്ക സംസ്ഥാനങ്ങളിലെയും വേതന വിതരണത്തെ ബാധിച്ചിട്ടുണ്ട്. അതിലൂടെ പതിനായിരക്കണക്കിന് തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് എത്രയും വേഗം കുടിശ്ശിക തുക നല്കാന്‍ യൂണിയന്‍ സര്‍ക്കാര്‍ തയ്യാറാകണം. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ തന്നെ മാതൃകയായ കേരളത്തില്‍ തൊഴില്‍ ദിനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ തുക സര്‍ക്കാര്‍ വകയിരുത്തണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂണിയന്‍ ഗ്രാമ വികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ്ങിന് ഡോ. വി ശിവദാസന്‍ എംപി കത്ത് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News