Mahima Chaudhary:മഹിമ ചൗധരിയുടെ കാന്‍സര്‍ അതിജീവന അനുഭവം വെളിപ്പെടുത്തി അനുപം ഖേര്‍

ബോളിവുഡ് താരം മഹിമ ചൗധരിയുടെ കാന്‍സര്‍ അതിജീവന അനുഭവം രേഖപ്പെടുത്തി അനുപം ഖേര്‍. മഹിമ ചൗധരി സ്തനാര്‍ബുദ ബാധിതയായിരുന്നുവെന്നും ഇപ്പോള്‍ രോഗത്തെ അതിജീവിച്ച് പൂര്‍ണ ആരോഗ്യവതിയായി സിനിമയിലേക്കു തിരിച്ചെത്തിയെന്നും അനുപം ഖേറിന്റെ ഔദ്യോഗിക പേജില്‍ പങ്കുവച്ച വിഡിയോയില്‍ മഹിമ സ്ഥിരീകരിച്ചു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട മഹിമ, അതു മറച്ചു വയ്ക്കാതെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ”നീയാണ് എന്റെ ഹീറോ” എന്ന് പറഞ്ഞുകൊണ്ട് അനുപം ഖേര്‍ മഹിമയെ ചേര്‍ത്തു പിടിക്കുന്നു.

മഹിമ തന്റെ കാന്‍സര്‍ അതിജീവന അനുഭവം വിശദമായി തന്നെ വീഡിയോയില്‍ പറയുന്നുണ്ട്. സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത അനുപം ഖേറിനോട് തന്റെ കഥാപാത്രത്തിനായി വിഗ് ധരിക്കാമോ എന്നാണ് മഹിമ തിരിച്ചു ചോദിച്ചത്. ആ മറുചോദ്യമാണ് താരത്തിന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അമേരിക്കയിലായിരുന്ന അനുപം ഖേര്‍, അതിലൊരു വേഷം ചെയ്യാമോ എന്നു ചോദിക്കാനാണ് മഹിമ ചൗധരിയെ ബന്ധപ്പെട്ടത്. വേഷം ചെയ്യാമെന്നും വിഗ് വച്ച് അഭിനയിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു മഹിമയുടെ അഭ്യര്‍ത്ഥന. വളരെ ധീരതയോടെയാണ് മാരക രോഗത്തെ മഹിമ നേരിട്ടതെന്ന് ഖേര്‍ വീഡിയോയില്‍ പറയുന്നു. രോഗനിര്‍ണയത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെയുള്ള അനുപം ഖേറിന്റെ ചോദ്യങ്ങള്‍ക്ക് വളരെ വിശദമായിത്തന്നെ മഹിമ മറുപടി പറയുന്നു. രോഗത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞതെന്നും മഹിമ വ്യക്തമാക്കി. ധൈര്യവതിയായി രോഗത്തെ നേരിട്ട മഹിമ യഥാര്‍ഥ ഹീറോയാണെന്ന് അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

അനുപം ഖേര്‍ വളരെ മനോഹരമായ ഒരു അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ”അവള്‍ക്ക് നിങ്ങളുടെ ഊഷ്മളമായ സ്‌നേഹം, ആശംസകള്‍, പ്രാര്‍ഥനകള്‍, അനുഗ്രഹങ്ങള്‍ എല്ലാം പകര്‍ന്നുകൊടുക്കുക. വീണ്ടും കൂടുതല്‍ കരുത്തോടെ പറന്നുയരാന്‍ തയ്യാറായി അവള്‍ സെറ്റിലെത്തിയിരിക്കുകയാണ്. എല്ലാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരിക്കല്‍ കൂടി അവളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്”-അനുപം ഖേര്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News