V Sivankutty: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: 3 ദിവസം കൊണ്ട് പരിശോധന നടത്തിയത് 7149 സ്‌കൂളുകളില്‍; പരിശോധന തുടരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പെട്ട 12,306 സ്‌കൂളുകളില്‍ 7,149 സ്‌കൂളുകള്‍ അധികൃതര്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി. മൂന്നു ദിവസം മുമ്പാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയും(V Sivankutty) ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലും(G R Anil) പങ്കെടുത്ത യോഗത്തില്‍ സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ തീരുമാനം ഉണ്ടായത്.

പരിശോധന നടത്തിയ 6,754 സ്‌കൂളുകളില്‍ യാതൊരുവിധ പ്രശ്‌നങ്ങളും കണ്ടെത്തിയില്ല. ചെറിയ അപാകതകള്‍ കണ്ടെത്തിയ 395 സ്‌കൂളുകള്‍ക്ക് അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലും സ്‌കൂളുകളിലെത്തി കുട്ടികളോടൊത്ത് ഉച്ച ഭക്ഷണം കഴിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍,പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഉച്ചഭക്ഷണ വിഭാഗത്തിലെ സോണല്‍ കോഡിനേറ്റര്‍മാര്‍, സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍,വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍,ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍,നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍മാര്‍, ന്യൂണ്‍ മീല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.

പാചക തൊഴിലാളികള്‍ക്ക് ആരോഗ്യ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തിടത്ത് അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സ്‌കൂളുകളില്‍ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോര്‍ മുറി, മാലിന്യനിര്‍മാര്‍ജന സംവിധാനം എന്നിവ ഉറപ്പു വരുത്തണം. പാചക തൊഴിലാളികള്‍ക്ക് ഹെഡ്ക്യാപ്,എപ്രണ്‍,ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. അടുക്കളയ്ക്ക് മതിയായ സ്ഥലസൗകര്യം ഉണ്ടാകണം.

സ്‌കൂളുകളിലെ പരിശോധന തുടരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂളുകളിലെ കുടിവെള്ള പരിശോധനയ്ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News