യുവ അഭിഭാഷകയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം(Kottayam) പാലയിലെ കോടതി വളപ്പില്‍ യുവ അഭിഭാഷകയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളെ പാലാ പോലീസ് അറസ്റ്റു ചെയ്തു. കുറവിലങ്ങാട് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഉഴവൂര്‍ പൂവത്തിങ്കല്‍ സ്വദേശിയായ 24കാരന്‍ എബിന്‍ വര്‍ഗീസ്, കോഴിക്കൊമ്പ് സ്വദേശിയായ 23കാരന്‍ ഹരികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. അഭിഭാഷകയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

ബഫര്‍ സോണ്‍ വിഷയം; ഇടുക്കി നാളെ സമരമുഖത്തേയ്ക്ക്

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കി(Idukki) നാളെ സമരമുഖത്തേയ്ക്ക്. എല്‍.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ ജില്ല നിശ്ചലമാകും. നൂറിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചിരുന്നു. 16ന് ഇതേ വിഷയത്തില്‍ യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥതി ലോല പ്രദേശമായി സംരക്ഷിയ്ക്കണമെന്ന കോടതി ഉത്തരവ്, കേരളത്തില്‍ ഏറ്റവും അധികം ബാധിയ്ക്കുന്നത് ഇടുക്കി ജില്ലയെയാണ്. നാല് ദേശീയ ഉദ്യാനങ്ങളും നാല് വന്യജീവി സങ്കേതങ്ങളും ജില്ലയിലുണ്ട്. ഭൂവിസ്തൃതിയില്‍ ഭൂരിഭാഗവും വനഭൂമി ഉള്‍പ്പെടുന്ന ജില്ലയില്‍ കോടതി വിധി നടപ്പിലായാല്‍, വലിയൊരു മേഖലയില്‍ ജനവാസം സാധ്യമല്ലാതാകും. ബഫര്‍ സോണ്‍ പൂജ്യമായി നിലനിര്‍ത്തണമെന്നാവശ്യപെട്ട്, ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് എല്‍.ഡി.എഫ് തീരുമാനം. മലയോര ജനത ഏറ്റെടുക്കാന്‍ പോകുന്ന തുടര്‍പ്രക്ഷോഭങ്ങളുടെ തുടക്കമായി ഹര്‍ത്താല്‍ മാറുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കണമെന്നാണ് നിലവില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. അന്ന് ബഫര്‍ സോണ്‍ 10 കിലോമീറ്ററായി ഉയര്‍ത്തണമെന്ന് വാദിച്ച ഹരിതനേതാക്കളടക്കം ഇപ്പോള്‍ നിലപാട് മാറ്റി. വിഷയത്തില്‍ പരിഹാരം കണ്ടെത്തേണ്ട കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ, സംസ്ഥാന സര്‍ക്കാരിന് മേല്‍ പഴിചാരി രക്ഷപെടാനുള്ള ശ്രമമാണ് നിലവില്‍ യു.ഡി.എഫ് നടത്തുന്നതെന്ന് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. 16ന് യുഡിഎഫും ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളിലേതിന് സമാനമായി, വന്‍ ജനകീയ പ്രക്ഷേഭത്തിനാണ് ഇടുക്കിയില്‍ വീണ്ടും കളമൊരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here