വ്യവസായ വികസനത്തിൽ പുതുചരിത്രം സൃഷ്ടിച്ച്‌ കേരളം

വ്യവസായ വികസനത്തിൽ പുതുചരിത്രം സൃഷ്ടിച്ച്‌ കേരളം. വ്യവസായവകുപ്പിന്‌ കീഴിൽ കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്ത്‌ 4071 കോടി രൂപയുടെ നിക്ഷേപമെത്തിയതായി മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതുവഴി 82,358 പുതിയ തൊഴിലവസരവും സൃഷ്ടിച്ചു. മീറ്റ്‌ ദ ഇൻവെസ്‌റ്റേഴ്‌സ്‌ പരിപാടിയിൽ ലഭിച്ച 6480 കോടിയുടെ നിക്ഷേപ വാഗ്‌ദാനത്തിൽ തുടർനടപടി ആരംഭിച്ചു. ക്രയ്‌സ്‌ ബിസ്‌കറ്റിന്റെയും ബിൻടെക്കിന്റെയും സംരംഭങ്ങൾ ഉദ്‌ഘാടന ഘട്ടത്തിലാണ്‌.

കഴക്കൂട്ടം കിൻഫ്ര പാർക്കിൽ ടാറ്റ എലക്‌സിയുടെ 75 കോടിയുടെ നിക്ഷേപ പദ്ധതിയിൽ കരാർ ഒപ്പുവച്ച്‌ 10 മാസത്തിനുള്ളിൽ കെട്ടിടം കൈമാറി. കാക്കനാട്‌ ടിസിഎസിന്റെ 1200 കോടിയുടെ ബൃഹദ്‌ പദ്ധതിക്ക്‌ ധാരണപത്രം ഒപ്പിട്ടു. പദ്ധതിയിലൂടെ 20,000 പേർക്ക്‌ നേരിട്ട്‌ തൊഴിൽ ലഭിക്കും. ദുബായ്‌ ആസ്ഥാനമായ ട്രൈസ്‌റ്റാർ ഗ്രൂപ്പിന്റെ വൻനിക്ഷേപ പദ്ധതിക്ക്‌ രണ്ടുഘട്ട ചർച്ച പൂർത്തിയായി.

10,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പെട്രോ കെമിക്കൽ പാർക്ക്‌ നിർമാണം ആരംഭിച്ചു. ഒരു ലക്ഷത്തിലധികം പേർക്ക്‌ തൊഴിൽ ലഭിക്കുന്ന കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിക്കായി നിശ്‌ചയിച്ച 2220 ഏക്കർ ഭൂമിയുടെ 70 ശതമാനവും 10 മാസംകൊണ്ട്‌ ഏറ്റെടുത്തു. ഈ വർഷം സംരംഭക വർഷമായി ആചരിച്ച്‌ ഒരു ലക്ഷം സംരംഭം ആരംഭിക്കാനുള്ള നടപടിക്ക്‌ തുടക്കമിട്ടു. ഇതുവഴി നാല്‌ ലക്ഷം തൊഴിലവസരം പ്രതീക്ഷിക്കുന്നു.

കേന്ദ്ര സർക്കാരിൽനിന്ന്‌ ഏറ്റെടുത്ത എച്ച്‌എൻഎല്ലിൽ പുതുതായി ആരംഭിച്ച കേരള പേപ്പർ കമ്പനിയിൽ ഒക്ടോബറിൽ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങും. ഈ വർഷം 14 സ്വകാര്യ വ്യവസായ പാർക്ക്‌ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News