Swapna Suresh : സ്വപ്നയ്ക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ്

സ്വപ്‌ന സുരേഷിന് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ്. സ്വപ്നക്ക് മേൽ ഒരു സമ്മർദ്ദവും HRDS ചെലുത്തിയിട്ടില്ല.ബിലീവേഴ്സ് ചർച്ചിൻ്റെ ഫണ്ട് HRDSന് ലഭ്യമാക്കാം എന്ന് അറിയിച്ച് ഷാജ് തങ്ങളെ ബന്ധപ്പെടുകയായിരുന്നു.HRDSന് രാഷ്ട്രീയമില്ല.HRDSന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തണലില്ല.എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പെട്ടവർ HRDSൽ ഉണ്ടെന്നും ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യൂ വ്യക്തമാക്കി.

അതേസമയം സ്വപ്ന സുരേഷിന് പിന്നിൽ ആര്‍എസ്എസെന്ന് HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ മാധ്യമം വഴിയാണ് വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. ഇനിയും ആരോപണങ്ങളുമായി സ്വപ്ന രംഗത്തെത്തുമെന്നും വേണുഗോപാല്‍.

സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് കെ ജി വേണുഗോപാലിന്‍റെ വാക്കുകള്‍.
നേരത്തേ  നൽകിയ മൊഴി, സന്ദർഭവും കഥാപാത്രങ്ങളും മാറ്റി പുതിയ മൊഴിയാക്കി സ്വപ്‌ന മാധ്യമങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചത് തങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണെന്ന്‌  ആർഎസ്‌എസ്‌ അനുകൂല സന്നദ്ധസംഘടനയായ എച്ച്‌ആർഡിഎസിന്റെ വൈസ്‌ പ്രസിഡന്റ്‌ കെ ജി വേണുഗോപാൽ വ്യക്തമാക്കുന്നു.  ഉന്നതർ കുടുങ്ങുമെന്നും തെളിവുകൾ സ്വപ്ന ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറയുന്നു.പഴയ സ്വപ്നയല്ല എച്ച്‌ആർഡിഎസിൽ വന്നശേഷമുള്ള സ്വപ്നയെന്നും അവർ ഇനിയും തുറന്നുപറയുമെന്നും  കെ ജി വേണുഗോപാൽ സ്വകാര്യ യുട്യൂബ്‌ ചാനലിന്‌ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

കേന്ദ്രഫണ്ടുപയോഗിച്ച്‌ പാലക്കാട്‌ ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ, ജയിൽ മോചിതയായ സ്വപ്‌നയെ, 2021 നവംബർ ആറിന്‌ സ്വീകരിച്ചുകൊണ്ടുപോയി ജോലി കൊടുക്കുകയായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ സ്വപ്‌ന സുരേഷ്‌ എച്ച്‌ആർഡിഎസ്‌ തൊടുപുഴ ഓഫീസിൽ ചുമതലയേറ്റപ്പോൾ ബാഡ്‌ജ്‌ അണിയിച്ച്‌ സ്വീകരിച്ചത്‌ വേണുഗോപാലാണ്‌.ആർഎസ്‌എസിന്റെ  മുഴുവൻസമയ പ്രചാരകനായിരുന്ന വേണുഗോപാൽ, എബിവിപിയുടെ  ഓർഗനൈസിങ്‌ സെക്രട്ടറിയായിരുന്നു.

പിന്നീട്‌ സംഘപരിവാർ സംഘടനകളുടെ സന്നദ്ധസേവന പ്രവർത്തനങ്ങളുടെ ചുമതലക്കാരനായി. വേണുഗോപാലുമായി നിരന്തരം ബന്ധപ്പെടുന്നയാളാണ്‌ പി സി  ജോർജ്‌. സ്വപ്‌നയുടെ അഭിഭാഷകനുമായി ബന്ധപ്പെട്ടതും ഗുഢാലോചനയ്ക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയതും ജോർജാണ്‌. ഇത് വ്യക്തമാക്കുന്നതായിരുന്നു ബുധനാഴ്‌ചത്തെ വാർത്താസമ്മേളനം.പി സി ജോർജിനെ കണ്ടിട്ടുണ്ടെന്നും അത്‌ എച്ച്‌ആർഡിഎസ്‌ സെക്രട്ടറി അജികൃഷ്ണൻ പറഞ്ഞിട്ടാണെന്നുമായിരുന്നു സ്വപ്ന മാധ്യമങ്ങളോട്‌ സമ്മതിച്ചത്‌.സ്വപ്നയുടെ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന രൂപംകൊണ്ടതെങ്ങനെയെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാവുകയാണ്.

എന്നാല്‍ സ്വപ്ന (Swapna) ഉന്നയിച്ച ആരോപണം സ്വപ്‌ന തന്നെ തെളിയിക്കണമെന്ന് ഷാജ് കിരണ്‍(Shaj Kiran) കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് നടത്താന്‍ മുഖ്യമന്ത്രിക്ക് തന്നെപ്പോലെ ഒരാളെ ആവശ്യമില്ല, ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും ഷാജ് കിരണ്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണം പച്ചക്കള്ളമെന്ന് ഷാജ് കിരണ്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് മുഖ്യമന്ത്രിയുമായി ഒരു ബന്ധവുമില്ലെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി.സ്വപ്ന തന്റെ സുഹൃത്താണ്.എന്നാല്‍ സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ തന്നെ വന്ന് കണ്ടുവെന്നും പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് ഷാജ് കിരണ്‍ രംഗത്തെത്തി.കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തിലുള്ള ചാനലില്‍ ഉള്‍പ്പടെ മാധ്യമപ്രവര്‍ത്തകനായിരുന്ന തനിക്ക് , മുഖ്യമന്ത്രിയെ വാര്‍ത്താസമ്മേളനത്തില്‍ കണ്ടുള്ള പരിചയം മാത്രമാണുള്ളതെന്ന് ഷാജ് കിരണ്‍ പറഞ്ഞു.

സ്വപ്ന കഴിഞ്ഞ രണ്ട് മാസമായി തന്റെ സുഹൃത്താണ്.രഹസ്യമൊഴി കൊടുക്കുന്നതിന് മുന്‍പും ശേഷവും തന്നെ സ്വപ്ന വിളിച്ചിരുന്നു.അപ്പോഴൊന്നും മൊഴി കൊടുക്കുന്നതിനെ താന്‍ എതിര്‍ത്തിട്ടില്ല. സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഷാജ് കിരണ്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News