Buffer zone : ബഫര്‍സോണ്‍ വിഴുങ്ങുമോ? ആശങ്കയിൽ കുമളി പട്ടണം

സംരക്ഷിത വനമേഖലയ്‌ക്ക്‌ ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ്‌ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്നത്‌ ഇടുക്കിയിലെ മലയോര കർഷകരെയാണ്‌. ഭൂവിസ്‌തൃതിയുടെ ഭൂരിഭാഗവും വനമേഖല ഉൾപ്പെടുന്ന ജില്ലയിൽ നാല്‌ ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പെടെ നാല്‌ വന്യജീവി സങ്കേതങ്ങളുമാണുള്ളത്‌. ബഫർ സോൺ ( Buffer zone )വിഴുങ്ങുമോ എന്ന ആശങ്കയിലാണ്‌ ജില്ലയിലെ കുമളി ഉൾപ്പെടെയുള്ള നിരവധി പട്ടണങ്ങളും.

കേരള, തമിഴ്‌നാട്‌ അതിർത്തിയിലെ കുമളി പട്ടണം. പെരിയാർ കടുവാ സങ്കേതത്തിന്റെയും തേക്കടിയുടെയും കവാടം കൂടിയാണ്‌. ഈ ചെറുപട്ടണത്തെ പുറംലോകമറിഞ്ഞത്‌ തേക്കടിയിലെത്തിയ സഞ്ചാരികളാലായിരുന്നു. പക്ഷേ അതേ കടുവാസങ്കേതം തങ്ങളുടെ ജീവിതത്തിന്‌ അതിർത്തി നിശ്ചയിക്കുമോ എന്ന ആശങ്കയിലാണ്‌ പ്രദേശവാസികൾ.

കടുവ സങ്കേതത്തിന്റെ ഈസ്‌റ്റ്‌ വെസ്‌റ്റ്‌ ഡിവിഷനുകളിലായി 925 ചതുരശ്ര കിലോമീറ്ററാണ്‌ വനഭൂമി. കോടതി ഉത്തരവ്‌ പ്രകാരം തേക്കടി ചെക്‌പോസ്‌റ്റിന്‌ ഒരു കിലോമീറ്ററപ്പുറം പരിസ്ഥിതി ലോല മേഖലയായി തിരിച്ചാൽ കുമളി ടൗൺ മുഴുവൻ ഇതിന്റെ പരിധിക്കുള്ളിലാകും. മേഖലയിലെ നൂറുകണക്കിന്‌ സ്ഥാപനങ്ങൾക്കും തൊഴിൽമേഖലയ്‌ക്കും താഴു വീഴും.

സുപ്രീംകോടതി വിധി ആശങ്കയിലാക്കുന്ന ജില്ലയിലെ ഏക പട്ടണമല്ല കുമളി. ആനമുടിച്ചോല, പാമ്പാടുംചോല, ഇരവികുളം, കുറിഞ്ഞിമല, മതികെട്ടാൻ, പെരിയാർ തുടങ്ങിയ വനപ്രദേശം ചേർന്നു കിടക്കുന്നതിനാൽ തന്നെ ബഫർസോണും ഒന്നായി മാറും. അതുകൊണ്ട്‌ തന്നെ സമീപത്തുള്ള തീവ്രജനവാസ കേന്ദ്രങ്ങളെ തന്നെ ബാധിക്കുമെന്നാണ്‌ ആളുകളുടെ ഭയം.

രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത്‌ ജയറാം രമേശ്‌ വനംപരിസ്ഥിതി മന്ത്രിയായിരിക്കെ പുറത്തിറക്കിയ ഉത്തരവ്‌ നടപ്പാക്കാനാണ്‌ ഇപ്പോൾ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്‌. ഗാഡ്‌ഗിൽ കസ്‌തൂരി രംഗൻ റിപ്പോർട്ടുകളിൽ കോൺഗ്രസ്‌ നേതൃത്വം തൊട്ടടുത്ത്‌ വെളിപ്പെടുത്തിയ നിലപാട്‌ ഇതായിരുന്നു.

മലയോര കർഷകരെ കുടിയിറക്കാനുള്ള വിജ്ഞാപനത്തിന്‌ വേണ്ടി വാദിക്കുന്നവർ തന്നെയാണ്‌ ഇപ്പോൾ കർഷക സ്‌നേഹം പറഞ്ഞ്‌ രംഗത്ത്‌ വരുന്നതും. വിഷയത്തിന്‌ പരിഹാരം കണ്ടെത്തേണ്ട കേന്ദ്രസർക്കാർ നിലപാടിനെതിരെ അവർ നിശബ്ദരാവുകയും ചെയ്യുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News