Presidential Election : രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാകും ? രത്തന്‍ ടാറ്റയുടെ പേരും ചര്‍ച്ചയില്‍

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പരിഗണനാ പട്ടികയിൽ വ്യവസായ പ്രമുഖനായ രത്തൻ ടാറ്റയുടെ പേരും. നടൻ അമിതാബ് ബച്ചനെ രാഷ്ട്രപതിയാക്കണമെന്ന പ്രചരണവും സാമൂഹ്യ മാധ്യമങ്ങളിൽ തുടങ്ങി. പിന്തുണ ഉറപ്പാക്കാൻ പ്രാദേശിക പാർട്ടികളുമായി ബിജെപി നേതൃത്വത്തിന്‍റെ ചർച്ച ആരംഭിച്ചു. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിർത്താനാണ് പ്രതിപക്ഷ നീക്കം.

വോട്ടുമൂല്യത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ലാത്തിനാൽ കരുതലോടെയാണ് ബിജെപി നീക്കം.എൻ.ഡി.എയെക്കാൾ പതിനായിരത്തിലധികം വോട്ട് മൂല്യത്തിന്‍റെ വ്യത്യാസം പ്രതിപക്ഷത്തുള്ള പാർട്ടികൾക്കുണ്ട്. അത് മറികടക്കാൻ ബിജെഡി, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടികളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാക്കണം.

കഴിഞ്ഞ മാസം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിരുന്നു. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ജഗൻ മോഹൻ റെഢിയും. അതിനാൽ ആശങ്കയില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. സ്ഥാനാർത്ഥി ആരാകും എന്നതിൽ ഒരു സൂചനയും ഇതുവരെ എൻ.ഡി.എ പുറത്തുവിട്ടിട്ടില്ല. അത് മോദിക്കും അമിത്ഷാക്കും മാത്രം അറിയാവുന്ന രഹസ്യമാണ്.

2017ൽ ആരും പ്രതീക്ഷിക്കാത്ത സ്ഥാനാർത്ഥിയായിരുന്നു രാംനാഥ് കോവിന്ദ്.വ്യവസായ പ്രമുഖനായ രത്തൻ ടാറ്റയുടെ പേര് എൻ.ഡി.എയുടെ പരിഗണനാ പട്ടികയിൽ ഉണ്ടെന്ന റിപ്പോർട്ടുകളുണ്ട്. നടൻ അമിതാബ് ബച്ചന്‍റെ പേരും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ് വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഝാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമു എന്നീ പേരുകളും പരിഗണനയിൽ ഉണ്ട്. . ആദിവാസി വിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയാക്കാൻ തീരുമാനിച്ചാൽ ദ്രൗപതി മുർമുവിന് നറുക്ക് വീഴും.

രാംനാഥ് കോവിന്ദിന് ഒരവസരം കൂടി നൽകാനുള്ള സാധ്യതയും ഉണ്ട്.പൊതുസ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ചർച്ചകൾ ആരംഭിച്ചതായി സൂചനയുണ്ട്. ശരത് പവാർ, എച്ച്.ഡി.ദേവഗൗഡ, തുടങ്ങിയ പേരുകളാണ് പ്രതിപക്ഷത്തിൻറെ പരിഗണയിൽ. കോൺഗ്രസ് ഇതര സ്ഥാനാർത്ഥി വേണമെന്നതാണ് മമത ബാനർജി, ചന്ദ്രശേഖർ റാവു എന്നീ നേതാക്കളുടെ നിലപാട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നിരയിലെ ഐക്യം എന്തെന്ന് വ്യക്തമാക്കുന്നതുകൂടിയാകും രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പത്രിക നൽകാനുള്ള അവസാന തീയതി ഈമാസം 29 ആണ്. ഇന്നുമുതൽ 19 ദിവസം. ചൂടുപിടിച്ച ചർച്ചകളാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here