കുടുക്കാന്‍ ശ്രമിക്കുകയാണ്; തന്റെ പേര് വലിച്ചിഴച്ചവരെ താന്‍ വിടില്ലെന്ന് നികേഷ്; ഗൗരവമായ ഇടപെടല്‍ നടത്തും

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തുമെന്ന് ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാര്‍. സ്വപ്നയോ ഷാജ് കിരണോ എന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍, അറ്റം വരെ പോകുമെന്നും നികേഷ് അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നലെ എന്നെ ഷാജ് കിരണ്‍ എന്ന ആള്‍ വിളിച്ചിരുന്നു. എടുക്കാന്‍ പറ്റിയില്ല. രാത്രി 8:44ന് എനിക്ക് ഒരു എസ്എംഎസ് അയച്ചു. ‘സര്‍ വെരി അര്‍ജെന്റ്’ എന്നും ‘ഇമ്പോര്‍ട്ടന്റ് മാറ്റര്‍ സ്വപ്ന കേസ്’ എന്നീ രണ്ടു മെസേജുകള്‍ എന്റെ ഫോണില്‍ ഉണ്ട്. വാര്‍ത്താപരമായ കാര്യമായതിനാല്‍ ഒന്‍പത് മണി കഴിഞ്ഞ് തിരിച്ചു വിളിച്ചു.

ഷാജി പറഞ്ഞത് ഇങ്ങനെയാണ്

‘സ്വപ്നാ സുരേഷ് വിഷയം നമ്മള്‍ പുറത്തു കേള്‍ക്കുന്നതൊന്നും അല്ല. അവരെ എച്ച്ആര്‍ഡിഎസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്. വക്കീല്‍ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്. അവര്‍ എന്നെ ബാത്റൂമില്‍ ഇരുന്ന് വിളിച്ചു. ഞാന്‍ (സ്വപ്ന )ആത്മഹത്യാ മുനമ്പില്‍ ആണെന്ന് പറഞ്ഞു’. ഈ കാര്യം പറഞ്ഞതിനു ശേഷം ഷാജി എന്നോട് ആവശ്യപ്പെട്ടു, സര്‍ വന്ന് ഒരു എക്സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ എടുക്കണം. സാറിനോട് മാത്രമേ അവര്‍ തുറന്നു പറയുകയുള്ളൂ.’

എനിക്ക് എച്ച്ആര്‍ഡിഎസിലെ ആള്‍ക്കൂട്ടത്തെക്കുറിച്ച് ധാരണ ഉള്ളത് കൊണ്ട്, ഇന്റര്‍വ്യൂ എടുക്കാം, പക്ഷെ ആളുകള്‍ ചുറ്റും കൂടി നിന്നു കൊണ്ടുള്ള ഒരു ഇന്റര്‍വ്യൂ പറ്റില്ല. അതിന് അവര്‍ തയ്യാറാണോ എന്ന് ചോദിക്കൂ എന്ന് പറഞ്ഞു. തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ഷാജി അവര്‍ വേണമെങ്കില്‍ ഞാന്‍ ഉള്ള കൊച്ചിയില്‍ വരാനും തയ്യാറാണ് എന്ന് പറഞ്ഞു. അത് വേണ്ട, ഞാന്‍ ട്രാവല്‍ ചെയ്തോളാം. രാവിലെ എനിക്ക് നേരത്തെ നിശ്ചയിച്ച ചില കാര്യങ്ങള്‍ ഉണ്ട്, അതുകൊണ്ട് വരാന്‍ പറ്റുന്ന സമയം അറിയിക്കാം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

വൈകീട്ട് സ്വപ്നയുടെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ എനിക്ക് ഇതിന്റെ തിരക്കഥ സംബന്ധിച്ച് സംശയം വരുന്നു. എന്റെ സംശയം രണ്ടു തരത്തില്‍ ആണ്.

ഒന്ന്: ഷാജിയും സ്വപ്നയും ചേര്‍ന്ന് എന്നെ അവിടെ എത്തിച്ച് പുതിയ ഒരു തിരക്കഥ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നോ?.

രണ്ട്: ഷാജിയുടെ ‘തള്ള് ‘ ഇതില്‍ പങ്കുവഹിച്ചിട്ടുണ്ടോ? ഒരു ബലം കിട്ടാന്‍ സ്വപ്നയുടെ മുന്‍പില്‍ ഷാജി വായില്‍ തോന്നുന്നത് പറഞ്ഞിട്ടുണ്ടോ? രണ്ടായാലും എനിക്ക് കാര്യം അറിയണം. എന്റെ പേര് രണ്ടു പേരില്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍. അറ്റം വരെ പോകും.

എന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത് ചിലര്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. പൂര്‍ണ്ണ ബോധ്യം ഇല്ലാതെ ആസൂത്രണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ല. ഏതായാലും, ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തും. കാരണം ഇരുപക്ഷവും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ആരാണ് ശരി ആരാണ് തെറ്റ് എന്ന് കണ്ടെത്തേണ്ടതുണ്ട് – നികേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News