ഇന്ത്യയിലെ പെട്ടെന്നുള്ള കൊവിഡ് വർധനവിന് പിന്നിൽ ഒമൈക്രോൺ വകഭേദങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ. കേസുകൾ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസം വേണ്ടി വരാൻ സാധ്യതയില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.അടുത്തിടെ ഉയരുന്ന കൊവിഡ് കണക്കുകളിൽ ഭൂരിഭാഗവും 48 മുതൽ 72 മണിക്കൂറിനുള്ളിൽ സുഖപ്പെടുന്നുണ്ട്.
ആർക്കും കൂടുതൽ ചികിത്സ വേണ്ടിവരുന്നില്ല. രോഗികൾ സങ്കീർണ അവസ്ഥയിലേക്ക് പോകുന്ന സ്ഥിതി ഇപ്പോഴില്ലെന്നും മുംബൈ ഗ്ലോബൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൽട്ടന്റായ മഞ്ജുഷ അഗർവാൾ പറയുന്നു.
രോഗതീവ്രത കുറഞ്ഞതിനു പിന്നിൽ വാക്സിനേഷനാണ് കാരണമെന്നും അവർ പറഞ്ഞു. ജനുവരിയിലെ തരംഗത്തെ അപേക്ഷിച്ച് ഇത് ചെറിയ തോതിലുള്ള തരംഗമാണ്. അല്ലെങ്കിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മൃദുതരംഗമാണ് ഇപ്പോഴത്തേത് എന്നും അവർ പറഞ്ഞു.
പുതിയ കൊവിഡ് കേസുകൾ ഒമൈക്രോൺ വകഭേദമായ BA.2വിന്റേത് ആകാമെന്ന് ഗുരുഗ്രാമിലെ മെദാന്ത ഹോസ്പിറ്റൽ ഇന്റേർണൽ മെഡിസിൻ വിഭാഗം സീനിയർ ഡയറക്ടർ സുഷില കടാരിയ പറഞ്ഞു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഒമൈക്രോണിന്റെ BA 4, BA 5 വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. ആളുകൾ വീട്ടിലെ ചികിത്സയിൽ തന്നെ സുഖംപ്രാപിക്കുന്നുണ്ട് എന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മുൻകരുതലുകൾ മുമ്പത്തെപ്പോലെ പാലിക്കേണ്ടതുണ്ടെന്നും മാസ്കും സാമൂഹിക അകലവും പോലെയുള്ളവ കർശനമായി പാലിച്ചാൽ രോഗം പിടിപെടാതെ കാക്കാമെന്നും ഡോക്ടർമാർ പറയുന്നു.
അതിനിടെ രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. വ്യാഴാഴ്ച 7,240 പേർ രോഗ ബാധിതരായതിന് പിന്നാലെയാണ് ഇടപെടൽ. മഹാരാഷ്ട്ര, ദില്ലി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.