സ്വർണ്ണക്കള്ളക്കടത്ത് കേസ് ശരിയായ രീതിയിൽ അന്വേഷിക്കണമെന്ന് കേന്ദ്രത്തിന് കത്ത് അയക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്രയും കാലമായി സ്വർണ്ണം ആര് അയച്ചു, ആർക്കു വേണ്ടി എന്ന കാര്യം കണ്ടെത്താനായില്ല.
മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെടുത്താൻ ആ ഘട്ടത്തിൽ തന്നെ ശ്രമം നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതിപക്ഷം ഉന്നയിച്ചു. പക്ഷേ രണ്ട് തെരഞ്ഞെടുപ്പിലും എൽ ഡി എഫ് വൻ വിജയം നേടി. ഇത്തരം പ്രചാരവേല ചെയ്തത് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പിൽ വിധിയെഴുതി.
രാഷ്ടീയ അസ്ഥിരാവസ്ഥ ഉണ്ടാക്കാനാണ് ഇപ്പോൾ വീണ്ടും പ്രതിപക്ഷം ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും പ്രചരിപ്പിക്കാനാണ് ശ്രമം. പ്രതിയുടെ സ്റ്റേറ്റ്മെൻ്റിൽ വലിയ വൈരുദ്ധ്യമാണുള്ളത്. ആദ്യ മൊഴിയിൽ നിന്ന് വ്യത്യസ്തമായ മൊഴിയാണ് ഇപ്പോൾ പറയുന്നത്.
ഓരോ ഘട്ടത്തിലും ഓരോ തരത്തിൽ മൊഴി കൊടുക്കുന്നു. അവരുടെ മൊഴിയുടെ വിശ്വാസ്യത കോടതിയാണ് പരിശോധിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയെയും കുടുംബത്തെയും വ്യക്തിപരമായി ആക്രമിക്കുകയാണ്. ഇതിൻ്റെ പിന്നിൽ ഗൂഢാലോചനയാണുള്ളത്. ഗൂഢാലോചനയെക്കുറിച്ച് സർക്കാർ അന്വേഷിയ്ക്കണം.
ആരോപണം ഉന്നയിച്ചതിൻറെ പിറ്റേ ദിവസം തന്നെ കേരളത്തിൽ കലാപമുണ്ടാക്കുക. ഇത് ആസൂത്രിതമായ ഗൂഢാലോചനയുടെ തെളിവാണ്. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ കലാപ നീക്കമാണ് നടക്കുന്നത്. കഥയുണ്ടാക്കി പറയുന്നവർക്ക് ഏത് കഥയും ഉണ്ടാക്കാം. ഇത്തരം കഥകൾക്ക് അൽപായുസേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു നേതാവ് ഉയർന്ന് വരുന്നത് ഒറ്റ ദിവസം കൊണ്ടല്ല. കള്ളക്കഥകൾക്ക് മുന്നിൽ സി പി ഐ എം കീഴടങ്ങാൻ പോകുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.