മുഖ്യമന്ത്രിയേയും കുടുംബത്തേയും ലക്ഷ്യമിട്ട് സംഘടിത ആക്രമണം: കോടിയേരി ബാലകൃഷ്ണന്‍

സ്വര്‍ണക്കടത്ത് പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമാണുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ലക്ഷ്യം കാണാതെ പോയ കാര്യം ഇനി നടപ്പാക്കണമെങ്കില്‍ ഈ സര്‍ക്കാരിനെ ഭരിക്കാന്‍ സമ്മതിക്കാതെ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കണം. കലാപവും സംഘര്‍ഷങ്ങളും നടക്കുന്ന സ്ഥിതിയുണ്ടാക്കണം. അതിന് പറ്റാവുന്ന പ്രശ്നം കേരളത്തില്‍ കുത്തിപ്പൊക്കുകയാണെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആ കേസിലെ പ്രതി ചില വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അത് വെളിപ്പെടുത്തുന്നത്. സാധാരണ ഗതിയില്‍ 164 സ്റ്റേറ്റ്മെന്റ കോടതിയുടെ രഹസ്യ രേഖയാണ്.ഇവിടെ മുഖ്യമന്ത്രിക്കെതിരെ പ്രചരണം നടത്തണം. കുടുംബത്തിനെതിരെയും സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയും പ്രചരണം നടത്തണം. ഇതാണ് ഇപ്പോഴത്തെ ഉദ്ദേശം- കോടതി വ്യക്തമാക്കി.

കൊടുത്തിരിക്കുന്ന മൊഴിയില്‍ നിറയെ വൈരുദ്ധ്യമാണ്. നേരത്തെ കൊടുത്തിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്. മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞ വ്യക്തിയാണ് ഇപ്പോള്‍ ഇതിന് വ്യത്യസ്തമായി പറയുന്നത്. കോടതി തന്നെ, മൊഴി മാറ്റുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇത്തരത്തില്‍ ഓരോ ഘട്ടത്തിലും ഓരോ തരത്തില്‍ മൊഴി കൊടുത്തിരിക്കുന്ന ആളുടെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. ഇതെത്രത്തോളം വിശ്വസനീയമാണ് എന്ന് ബന്ധപ്പെട്ട കോടതിയാണ് പരിശോധിക്കേണ്ടത്

അന്ന് പറഞ്ഞതില്‍ കൂടാതെ ഇപ്പോള്‍ പറഞ്ഞ ഒരു കാര്യം ബിരിയാണിയെ കുറിച്ചാണ്. ബിരിയാണിയും ചെമ്പുമാണ് പുതുതായി വന്ന വിഷയം. നേരത്തെ ഈത്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയെന്നായിരുന്നു, പിന്നീട് ഖുറാനായിരുന്നു. ഇപ്പോള്‍ വലിയ ബിരിയാണി ചെമ്പായി. ഇത് മുഖ്യമന്ത്രിയേയും കുടുംബത്തേയും ലക്ഷ്യമിട്ട് നടത്തുന്ന സംഘടിതമായ ആക്രമണമാണ്. ഒട്ടുമിക്ക മാധ്യമങ്ങളും ഇതേറ്റുപിടിക്കുകയാണ്. ഇതില്‍ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിലൊരു രാഷ്ട്രീയ ഉദ്ദേശമുണ്ട്. അല്ലെങ്കിലിപ്പോഴിത് വരേണ്ടതില്ല- കോടിയേരി വ്യക്തമാക്കി.

ഈ ഗൂഢാലോചന ആരൊക്കെയാണ് നടത്തിയതെന്ന് സര്‍ക്കാര്‍ കണ്ടെത്തണം. അതിനായി ഫലപ്രദമായ അന്വേഷണ സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. ഉന്നയിച്ച ആരോപണം നിയമപരമായ പരിശോധനയ്ക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് പ്രചാര വേല ചെയ്ത് നാട്ടില്‍ കലാപമുണ്ടാക്കാനും മുഖ്യമന്ത്രിക്കെതിരായി കലാപം നീക്കം നടത്താനുമായിരുന്നു.

ആരോപണം ആദ്യമായി കേള്‍ക്കുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപൂരിലുള്ള കമല ഇന്റര്‍നാഷണല്‍ കമ്പനി മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലാണെന്ന് പ്രചരിപ്പിച്ചു. ഇപ്പോഴാ കമ്പനിയെവിടെ , കമ്പനി ആരെങ്കിലും കണ്ടെത്തിയോ?. കഥ ഉണ്ടാക്കുന്നവര്‍ക്ക് എന്ത് കഥയും ഉണ്ടാക്കാമെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് അല്‍പ്പായുസേ ഉണ്ടാകൂവെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News