വിവാഹ ശേഷം നയന്‍സും വിക്കിയും പോയത് എങ്ങോട്ട്?

തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തി ദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും. വിവാഹത്തിനു ശേഷം താരങ്ങള്‍ ആദ്യയാത്ര തിരുപ്പതിയിലേക്കായിരുന്നു. വിഘ്നേഷിന്റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന നയന്‍താരയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കൊവിഡ് സാഹചര്യത്തില്‍ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതോടെയാണ് വേദി മാറ്റിയത്.

മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന സ്വപ്നതുല്യമായ ചടങ്ങില്‍ വച്ചായിരുന്നു നയന്‍സ്-വിഘ്‌നേഷ് വിവാഹം. ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്. രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്, ചിരഞ്ജീവി, ഷാരൂഖ് ഖാന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, സംവിധായകന്‍ മണിരത്നം ഉള്‍പ്പെടെയുള്ളവര്‍ വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു.

2015 നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്നേഷ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്നേഷിന്റെ സംവിധാനത്തില്‍ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലെ നായികയും നയന്‍താരയായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റിയ താരം ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ നായികയാവുകയായിരുന്നു. തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയാകാന്‍ നയന്‍സിന് സാധിച്ചു. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോള്‍ഡാണ് നയന്‍സിന്റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മലയാള ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel