America : അമേരിക്കയിലേക്ക് പോകുന്നവർക്ക് ഇനി കൊവിഡ് ടെസ്റ്റ് വേണ്ട

അമേരിക്കയിൽ (America) പ്രവേശിക്കുന്നതിന് അന്താരാഷ്‌ട്ര യാത്രികരുടെ കൊവിഡ്(covid) പരിശോധനാ ഫലം നെഗറ്റീവ് ആകണമെന്നുള്ള നിബന്ധന നീക്കം ചെയ്യുകയാണെന്ന് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇത് ജൂൺ 12 ഞായറാഴ്ച 12:01 am (ഈസ്റ്റേൺ ടൈം) മുതൽ പ്രാബല്യത്തിൽ വരും.

വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിൻ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ന്റെ തുടക്കത്തിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് പടിപടിയായി നീങ്ങുന്നത്. കൊവിഡ് മൂലം സമ്മർദം നേരിട്ട എയർലൈൻ വ്യവസായത്തെ ഉത്തേജിപ്പിക്കാൻ കൂടിയാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയിൽ കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തിൽ ഈ അടുത്ത ദിവസങ്ങളിൽ വർധനയുണ്ടായെന്നത് വസ്തുതയാണ്. ഇന്ത്യയിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ 7,584 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 100 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. കണക്കുകൾ പ്രകാരം സജീവ രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കിടെ എട്ട് മടങ്ങ് വർദ്ധിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആണ്. ഇന്നലെ 3,791 പേർ രോഗമുക്തി നേടി. അതേസമയം 24 പേർ വൈറസ് ബാധിച്ച് മരിച്ചു.

രാജ്യത്തുടനീളം കഴിഞ്ഞ ദിവസം 3,35,050 പരിശോധനകളാണ് നടത്തിയത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News