Pinarayi Vijayan : ചെല്ലാനം കടല്‍ തീര സംരക്ഷണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

344 കോടി രൂപ ചെലവ് വരുന്ന ചെല്ലാനം കടൽ തീര സംരക്ഷണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഇന്ന് നിർവഹിക്കും. തീരശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരമായാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ പി രാജീവ് റോഷി അഗസ്റ്റിൻ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിന്റെ തീര സംരക്ഷണത്തിനായി 5300 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് കടലേറ്റം രൂക്ഷമായ 10 ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി അടിയന്തര പ്രവർത്തനങ്ങൾ നടത്തുന്നത് . ഇതിൻ്റെ ഭാഗമായി 344 കോടി രൂപയുടെ സംരക്ഷണപ്രവർത്തനങ്ങളാണ് ചെല്ലാനത്ത് നടപ്പാക്കുന്നത്.

ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിൽ തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിലായിരിക്കും കടൽ തീര സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടൽ തീര സംരക്ഷണമാണ് ലക്ഷ്യം . പുലിമുട്ട് ശൃംഖലയും നിർമ്മിക്കും. പദ്ധതി നടപ്പാക്കുന്നതോടെ ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് തീരവാസികൾ.

വൈകീട്ട് അഞ്ചിന് ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, കെ.ജെ മാക്‌സി എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കിഫ്ബി യിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ പണം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News