ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വഴിത്തിരിവ്. രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികൾ ജയിച്ചുവെന്ന് ഇന്ന് പുലർച്ചയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥിയായ കൃഷൻ പൻവാറും ബിജെപി-ജെജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയും മാധ്യമ മേധാവിയുമായ കാർത്തികേയ ശർമയുമാണ് വിജയിച്ചത്.എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ, ശർമയോട് പരാജയപ്പെട്ടു.
അദംപുരിലെ കോൺഗ്രസ് എംഎൽഎ ആയ കുൽദീപ് ബിഷ്‌ണോയി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർലാൽ ഖട്ടാർ അവകാശപ്പെട്ടു. ബിജെപിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്‌ണോയി വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാർ പറഞ്ഞു.
കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് ഒരാഴ്ചയോളം ഹരിയാനയിലെ കോൺഗ്രസ് എംഎൽഎമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിൽ താമസിപ്പിച്ച ശേഷമാണ് വോട്ടിങിനായി കൊണ്ടുവന്നത്. ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടും എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കന്റെ തോൽവി കോൺഗ്രസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിട്ടുള്ളത്.
‘റായ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അടച്ചിട്ട് ഏഴു ദിവസം പരിശീലനം നൽകിയ കോൺഗ്രസിന്റെ സ്ഥിതിയാണിത്. ഒരു ദിവസം മാത്രം പരിശീലനം നേടിയ ഞങ്ങൾ വിജയിച്ചു’ എന്ന് ഖട്ടാർ പരിഹസിച്ചു.
ഇതിനിടെ സ്വന്തം എംഎൽഎ കാലുവാരിയതറിയാതെ കോൺഗ്രസ് ആഘോഷം നടത്തിയതും നാണക്കേട് വർധിപ്പിച്ചു. അജയ് മാക്കന് ആശംസകളറിയിച്ച് കോൺഗ്രസ് നേതാക്കളും പാർട്ടി ഔദ്യോഗിക പേജുകളും ട്വീറ്റ് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ട്വീറ്റുകൾ പിൻവലിക്കേണ്ടി വന്നു.
90 അംഗങ്ങളാണ് ഹരിയാന നിയമസഭയിലുള്ളത്. ഇതിൽ ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പിന് എത്തിയില്ല. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ ആകെ സാധുവായ വോട്ട് 88 ആയി. ഇതോടെ ഓരോ സ്ഥാനാർഥിക്കും ജയിക്കാൻ വേണ്ടത് 29.34 വോട്ടുകളായിരുന്നു. കോൺഗ്രസിന്റെ അജയ് മാക്കന് 29 വോട്ടുകളെ നേടാനായുള്ളൂ. ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ കാർത്തികേയ ശർമയ്ക്ക് നേരിട്ട് 23 വോട്ടുകൾ ആണ് ലഭിച്ചത്. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ കൃഷൻ പൻവാറിന് ലഭിച്ച 6.65 അധിക വോട്ടുകൾ കാർത്തികേയ ശർമയ്ക്ക് മാറ്റികൊണ്ടാണ് അദ്ദേഹത്തെ വിജയിപ്പിച്ചെടുത്തത് എന്നാണ് ഖട്ടാർ പറയുന്നത്.
പുലർച്ചെ ഒന്നരയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണലിന് അനുമതി നൽകിയതോടെ കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. പിന്നീട് മാക്കൻ തോറ്റെന്ന് പ്രഖ്യാപനം വന്നു. വീണ്ടും വോട്ടെണ്ണണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് രേഖാമൂലം ആവശ്യപ്പെട്ടില്ലെങ്കിലും റീ കൗണ്ടിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃപ കാണിച്ചെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അതിൽ മാക്കന്റെ പരാജയം ഉറപ്പിച്ചു.
ബിജെപിക്ക് വോട്ട് മറിച്ചെന്ന് പറയുന്ന കുൽദീപ് ബിഷ്‌ണോയി നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന എംഎൽഎയാണ്. കോൺഗ്രസ് എംഎൽഎമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നെങ്കിൽ കുൽദീപ് ബിഷ്‌ണോയി പോകാൻ കൂട്ടാക്കിയിരുന്നില്ല. ഹരിയാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം നിരസിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം പാർട്ടിയുമായി അകന്നത്. അടുത്തിടെ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ നിന്നും ഇയാൾ വിട്ടുനിന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.