Kairali Tv Doctors Award 2022; സർക്കാർ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള കൈരളി പുരസ്കാരം ഡോ ആർ ചാന്ദ്നിക്ക്

കൈരളി ടിവിയുടെ മികച്ച സർക്കാർ ഡോക്ടർക്കുള്ള  പുരസ്കാരം ഡോ. ആർ. ചാന്ദ്നി രാധാകൃഷ്ണന്. നിപ്പ പ്രതിരോധത്തിന്റെ സംസ്ഥാന നോഡൽ ഓഫീസറായും കൊവിഡ് പ്രതിരോധത്തിനുള്ള സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ ചെയർപേഴ്സൻ എന്നി നിലകളിലാണ് ഡോ. ആർ ചാന്ദ്നി പ്രവർത്തിക്കുന്നത്.

2018 മെയ്… കോഴിക്കോട് അജ്ഞാതരോഗത്തിൽ നാലു മരണങ്ങൾ… കൊലയാളി നിപ്പാ വൈറസാണെന്നു കണ്ടെത്തൽ. ചരിത്രത്തിലാദ്യമായി തെന്നിന്ത്യയിൽ കൊവിഡ് ആക്രമണം. കോഴിക്കോടും മലപ്പുറവും രോഗബാധിതജില്ലകളായി പ്രഖ്യാപിച്ചു.

രോഗികളെ പരിചരിച്ച നഴ്സ് ലിനി പുതുശ്ശേരിയും ഓർമ്മയായി. ധീരയായി മരണത്തെ നേരിട്ട ലിനി ഐസിയുവിൽനിന്ന് ഭർത്താവിനെഴുതിയ വിടവാങ്ങൽക്കത്ത് മലയാളികളെ കരയിച്ചു.

കേരളം നടുങ്ങി… പക്ഷേ, നമ്മുടെ ആരോഗ്യപ്രവർത്തകർ മാറ്റു തെളിയിച്ചു… മരണത്തിന്റെ നിഴലിലായിട്ടും സഹജീവികൾക്കുവേണ്ടി ഒറ്റ മനുഷ്യനെപ്പോലെ അവർ മഹാരോഗത്തോടു പൊരുതി. അതിന്റെ നേതൃത്വം ഒരു വനിതയ്ക്കായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസൻ മേധാവി ഡോ. ആർ. ചാന്ദ്നി. കോഴിക്കോട്ടെയും കൊച്ചിയിലെയും നിപ്പാ പ്രതിരോധത്തെ നയിച്ച ഡോക്ടർ. നിപ്പ പ്രതിരോധപ്രവർത്തനങ്ങളുടെ സംസ്ഥാന നോഡൽ ഓഫീസർ.

പിന്നെ കൊവിഡ് കാലം. വൈറസ് പ്രതിരോധത്തിൽ ചാന്ദ്നിഡോക്ടർക്കുള്ള അനുഭവസമ്പത്ത് കേരളത്തിനു കാവലായി. അവർ മുഖ്യഗവേഷകയായി നടന്ന പഠനമാണ് കേരളത്തിലെത്തിയ കൊവിഡ് വൈറസിനെ തിരിച്ചറിഞ്ഞത്. അത് തീവ്രവ്യാപനശേഷിയുള്ളതാണ് എന്ന കണ്ടെത്തൽ നമ്മുടെ കൊവിഡ് പ്രതിരോധനയം നിർണ്ണയിക്കുന്നതിൽ വിലപ്പെട്ട അറിവായി മാറി.

തിരിഞ്ഞുനോക്കുമ്പോൾ തീവ്ര കൊവിഡ്കാലം ഓർമ്മമാത്രമാണ്. പക്ഷേ, അന്നത് കേട്ടു കേൾവിയില്ലാത്ത മഹാമാരിയുടെ പടയോട്ടമായിരുന്നു. ഒന്നരക്കൊല്ലക്കാലം എല്ലാ ദിവസവും രാത്രി ഒമ്പതു മണിക്കു ചേരുന്ന സ്റ്റേറ്റ് എക്പേർട്ട് കമ്മിറ്റിയുടെ ഓൺലൈൻ യോഗമാണ് കേരളം അടുത്ത ദിവസം എന്തു ചെയ്യണമെന്നു തീരുമാനിച്ചിരുന്നത്. ലോകരാഷ്ട്രങ്ങളുടെ അനുഭവങ്ങൾ അന്നന്ന് പഠിച്ചു വിശകലനം ചെയ്ത് പ്രതിരോധതന്ത്രം തീരുമാനിച്ചു മുന്നോട്ടുപോവുകയായിരുന്നു. കമ്മിറ്റിയിലെ ഏക വനിതാ അംഗമായിരുന്നു ഡോക്ടർ ആർ ചാന്ദ്നി . കൊവിഡ് കാലം തീർന്നിട്ടില്ല. കൊവിഡിനുള്ള സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ ചെയർപേഴ്സനായി ഇപ്പോഴും കേരളത്തിന്റെ കൊവിഡ്പ്രതിരോധത്തെ നയിക്കുകയാണ് ചാന്ദ്നിഡോക്ടർ.

നിപ്പയെയും കൊവിഡിനെയും മലയാളക്കര നേരിട്ട കഥ ഇന്ന് ലോകത്തിന്റെ തന്നെ പ്രതിരോധചരിത്രത്തിലെ തിളങ്ങുന്ന രണ്ട് അധ്യായങ്ങളാണ്. ആ രണ്ടു കഥകളിലും ഒരേപോലെ സുവർണ്ണലിപികളിൽ എഴുതപ്പെട്ട പേര് ഡോ. ചാന്ദ്നിയുടേതാണ്. എലികളെപ്പോലെ മനുഷ്യരെ കൊന്നൊടുക്കിയ പ്ലേഗ് ബംഗളൂരിലെത്തിയപ്പോൾ പ്രതിരോധയുദ്ധം നയിച്ച ഡോ. പല്പുവിന്റെ വഴിയിൽ നീങ്ങുന്ന വനിതാഡോക്ടർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News