Kairali TV Doctors Award:കേരളത്തിന്‍റെ പെണ്‍കരുത്ത്; പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ദീപാ ജോസഫിന്

ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന ‘കൈരളി ടിവി ഡോക്ടേ‍ഴ്സ് അവാര്‍ഡില്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ദീപാ ജോസഫിന്

അറിയാം ദീപാ ജോസഫിന്‍റെ ജീവിത വിജയ കഥ

ലോകം കൊവിഡ് പേടിയില്‍, അടഞ്ഞ കടകളും സ്ഥാപനങ്ങളും. ആരുമില്ലാത്ത തെരുവുകള്‍. ഇടയ്ക്കിടെ പാഞ്ഞുപോകുന്നത് അനുവദിക്കപ്പെട്ട വാഹനങ്ങള്‍മാത്രം. രാത്രികളില്‍ അതുമില്ല. അപ്പോഴാണ് തെരുവുകള്‍ ആ കാഴ്ച കണ്ടത്. സൈറണ്‍ മുഴക്കിപ്പായുന്ന ആംബുലന്‍സ്. ഡ്രൈവര്‍ സീറ്റില്‍ പിപിഇ കിറ്റിട്ട ഒരു സ്ത്രീ. ആംബുലന്‍സില്‍ പരുക്കേറ്റവര്‍, ശ്വാസത്തിനായി പിടയുന്നവര്‍, പലപ്പോഴും കോവിഡ് രോഗികള്‍ – ആ ധീരയുവതി ദീപാ ജോസഫ് ആയിരുന്നു.

Financial Crunch Forces Kerala Woman To Drive Ambulance Amid COVID-19 Crisis

ഒരിക്കല്‍ ഒരു വീടിനു മുന്നില്‍ ആംബുലന്‍സ് നിര്‍ത്തി കുടിവെള്ളം ചോദിച്ചു. പുറത്തെ ബാത്ത് റൂമിലെ പൈപ്പില്‍നിന്ന് കുടിച്ചോളാനായിരുന്നു പേടിയോടെയുള്ള ഉത്തരം. ഒരിക്കല്‍ പരുക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിലാക്കാന്‍ എത്തി. ”ആണുങ്ങളാരുമില്ലേ വണ്ടിയോടിക്കാന്‍?” എന്നായി നാട്ടുകാര്‍. അറിയുന്ന ഒരാള്‍ ഇടപെട്ടു – ‘ആണുങ്ങളേക്കാള്‍ വേഗത്തില്‍ ഇവള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കും”. അതു തന്നെ നടന്നു.

ഇന്ന് ഫുള്‍ ടൈം ആംബുലന്‍സ് ഡ്രൈവറാണ് നാദാപുരം വിലങ്ങാട് സ്വദേശിനി ദീപ. വീട്ടുമുറ്റത്ത് ആംബുലന്‍സ്. കൈയില്‍ മൊബൈല്‍ ഫോണ്‍. ഏതു പാതിരാത്രിയില്‍ വിളിച്ചാലും ആ ആംബുലന്‍സ് റെഡി. നാലു തവണ കോവിഡ് വന്നു. എന്നിട്ടും ഇന്നും ആംബുലന്‍സ് ഓടിക്കുന്നു.

Meet Deepa Joseph, one of the few women ambulance drivers in Kerala | The News Minute

ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അപൂര്‍വ്വം സ്ത്രീകളിലൊരാള്‍. നേരത്തേ ബസ് ഓടിക്കുകയായിരുന്നു. പുലിയാവ് നാഷനല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബസ് ഡ്രൈവര്‍ ജോലി എട്ടു കൊല്ലം ചെയ്തു. കോവിഡ് വന്ന് കോളേജടച്ച് ജീവിതം വഴിമുട്ടിയപ്പോഴാണ് വളയത്തെ പ്രണവം ട്രസ്റ്റിന്റെ ആംബുലന്‍സ് ഡ്രൈവറായത്.

കഥ പോലൊരു ജീവിതമാണ് ദീപയുടേത്. രണ്ടു വിവാഹങ്ങള്‍ പരാജയപ്പെട്ടു. പതിനെട്ടാം വയസ്സില്‍ ജീവിതത്തിലേയ്ക്കു വന്ന ആദ്യഭര്‍ത്താവ് ഗാര്‍ഹികപീഡനക്കാരനായിരുന്നു. ഒരിക്കല്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍വരെ ഒരുങ്ങിയിട്ടുണ്ട്. ആ ബന്ധം അങ്ങനെ തകര്‍ന്നു. രണ്ടാം ഭര്‍ത്താവ് ഉത്തരവാദിത്വം കുറഞ്ഞയാളായിരുന്നു. കുറച്ചുനാള്‍ മുമ്പ് മകള്‍ക്കു പാമ്പുകടിയേറ്റു. തുടര്‍ചികിത്സ ഏറെ വേണ്ടിവരും എന്നായപ്പോള്‍ അമ്മയും രണ്ടു മക്കളും വേറേ പോകണം എന്നായി അയാള്‍. ആ ബന്ധം അങ്ങനെ ഇല്ലാതായി.

ആദ്യവിവാഹം തകര്‍ന്നപ്പോള്‍ ജീവിക്കാന്‍ വേണ്ടിയാണ് ആ പത്താം ക്ലാസുകാരി ഹോട്ടല്‍ ജോലിക്കിറങ്ങിയത്. ഡ്രൈവിംഗ് അറിയാമായിരുന്നു. ഒരു മാര്‍ബിള്‍ കടയില്‍ ജോലി ചെയ്യുമ്പോള്‍ ഡ്രൈവറില്ലാത്തപ്പോള്‍ വണ്ടിയോടിക്കേണ്ട ആവശ്യം വന്നു. ആ വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെതന്നെയാണ് ഡ്രൈവറായതും ജീവിതം തിരിച്ചുപിടിച്ചതും.

പ്ലസ് വണ്ണിനു പഠിക്കുന്ന എല്‍ബിന്റെയും പത്തില്‍ പഠിക്കുന്ന ഏയ്ഞ്ചലിന്റെയും ഈ അമ്മ ഷോര്‍ട്ട് ഫിലിമുകളിലെ അഭിനേത്രികൂടിയാണ്. അതേ, കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറും കേരളത്തിലെ ആദ്യത്തെ കോളേജ് ബസ് ഡ്രൈവറും മാത്രമല്ല ദീപ, നവകേരളത്തിന്റെ തലകുനിക്കാത്ത സ്ത്രീത്വത്തിന്റെ പ്രതീകമാണ്.

വാര്‍ത്തകളില്‍നിന്ന് പദ്മശ്രീ ഭരത് മമ്മൂട്ടി തെരഞ്ഞെടുക്കുന്നു – ജീവിതം വീണ്ടും വീണ്ടും വെല്ലുവിളിക്കുമ്പോള്‍ പൊരുതിപ്പൊരുതി മുന്നോട്ടുപോകുന്ന ഈ നവകേരളപുത്രിയെ – കടത്തനാടിന്റെ ഈ പുതിയ ഉണ്ണിയാര്‍ച്ചയെ – ദീപാ ജോസഫിനെ – കൈരളി ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel