Kairali Tv Doctors Award 2022; സന്നദ്ധസേവനമേഖലയിലെ മികച്ച ഡോക്ടർ പുരസ്കാരം ഡോ. ഇ. ദിവാകരന്

ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിച്ച സന്നദ്ധസേവനമേഖലയിലെ മികച്ച ഡോക്ടർ  പുരസ്കാരം ഡോ. ഇ. ദിവാകരന്.

ഡോക്ടറാവുക… ഒന്നരപ്പതിറ്റാണ്ട് ആ ജോലി ചെയ്യുക, ഡോക്ടർ ജോലി മനുഷ്യത്വത്തിൽ നിന്ന് അകലുന്നില്ലേ എന്നു സംശയിക്കുക…. എന്താണ് എനിക്കു ചെയ്യാവുന്ന തിരുത്ത് എന്ന് അന്വേഷിക്കുക, അങ്ങനെ സന്നദ്ധസേവനത്തിന്റെ മുള്ളുപാതകളിലേയ്ക്ക് ഇറങ്ങിവരിക ആ ഒരു വ്യക്തിത്വമാണ് ഡോക്ടർ ഇ. ദിവാകരൻ.

1978-ൽ ഡോക്ടറായി. 81ൽ സർക്കാർ സർവ്വീസിലെത്തി. അനസ്തേഷ്യാ വിദഗ്ധനായി പതിനാറുകൊല്ലം. പിന്നെ 1994-ൽ സമാശ്വാസചികിത്സാ മേഖലയിലേയ്ക്ക്. അത് പിന്നീട് കേരളത്തിൽ പാലിയേറ്റീവ് കെയർ ചികിത്സ തുടങ്ങിയതേയുള്ളൂ. ആ മേഖല ബാലാരിഷ്ടതകളിലായിരുന്നു. അവിടേയ്ക്കാണ് ആദ്യകാലപഥികനായി ദിവാകരൻ ഡോക്ടർ എത്തിയത്.

അതിൽ ചെയ്യുന്നത് മാറാരോഗികളുടെ വേദനയകറ്റുകയാണ്, അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരികയാണ്, പറ്റുന്നവരെ രോഗകാല ജോലികളിലേയ്ക്കു നയിക്കുകയാണ്. അത് മനുഷ്യാവകാശങ്ങളെ മാനിക്കുന്ന വൈദ്യവേല. ആർദ്രതയും സഹാനുഭൂതിയുമുള്ള ചികിത്സാവൃത്തി. ഡോക്ടർ ജോലിയുടെ, പണം വാരുന്ന നക്ഷത്രപഥങ്ങൾ വിട്ട്, സന്നദ്ധസേവനത്തിന്റെ മൺപാതകളിലേയ്ക്ക് താൻ ഒരു ബദൽ തേടുകയായിരുന്നു എന്ന് ഡോക്ടർ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അധ്യാപികയായിരുന്ന ഭാര്യ ശോഭനയാണ് അതിന് ഏറ്റവും വലിയ പിൻതുണ തന്നതെന്നും ഡോക്ടർ പറയുന്നു.

മഹാകവി ഇടശ്ശേരിയുടെ മകനാണ് ഡോക്ടർ. “കുഴിവെട്ടി മൂടുക വേദനകൾ / കുതികൊൾക ശക്തിയിലേയ്ക്കു നമ്മൾ” എന്ന അച്ഛന്റെ ആഹ്വാനം വൈദ്യജീവനത്തിലേയ്ക്കു പരിഭാഷപ്പെടുത്തുകയായിരുന്നു കവിയുടെ പ്രിയപ്പെട്ട മകൻ.

സർക്കാർ ആശുപത്രിയിലെ ജോലിയെ ബാധിക്കാതെ സന്നദ്ധസേവനം നടത്താൻ അനുമതി കിട്ടി. അങ്ങനെ ഒന്നരപ്പതിറ്റാണ്ട് ഇരട്ടജോലി ചെയ്തു. 2007-ൽ റിട്ടയർ ചെയ്ത അദ്ദേഹം പിന്നെ മുഴുസമയം പാലിയേറ്റീവ് കെയർ മേഖലയിൽ. തൃശ്ശൂരിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയറും സരായ് ഹോസ്പൈസ് സെന്ററും സൊലെയ്സും ഡോക്ടറുടെ നിശ്ശബ്ദസേവനത്തിന്റെ സത്യസാക്ഷ്യങ്ങളാണ്.

ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഡോ. ദിവാകരന്റേത് കാൽലക്ഷത്തിലധികം രോഗികളുടെ വേദനമാറ്റിയ കൈകൾ. അവരുടെ വീട്ടുകാരുടെ ആശങ്കയൊപ്പിയ കൈകൾ. 700ത്തിലേറെ ഡോക്ടർമാരെയും 3000ത്തിലേറെ ആരോഗ്യപ്രവർത്തകരെയും വേദനയൊപ്പുന്നവരാക്കിയ കൈകളാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel