Kairali TV Doctors Award 2022: കേരളത്തില്‍ ശിശുമരണ നിരക്ക് കുറച്ചതിന് പിന്നിലെ കരങ്ങള്‍;സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം ഡോ.ബാലു വൈദ്യനാഥന്

ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന ആറാമത്‘കൈരളി ടിവി ഡോക്ടേ‍ഴ്സ് അവാർഡില്‍. സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള കൈരളി പുരസ്‌കാരം കരസ്ഥമാക്കി ഡോ ബാലു വൈദ്യനാഥന്‍

അറിയാം ഡോ. ബാലു വൈദ്യനാഥന്‍റെ നേട്ടത്തിന്‍റെ കഥ

കേരളം ഒരു അത്ഭുതനേട്ടം കൈവരിച്ചിട്ടുണ്ട്. ശിശുമരണനിരക്ക് ആറു ശതമാനത്തിലേയ്ക്കു താഴ്ത്തി. ഇത് നമ്മുടെ ആരോഗ്യമേഖലയുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പൗരസമൂഹത്തിന്റെയും കൂട്ടായ നേട്ടം. പക്ഷേ, ഇതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച കൈകളെ അന്വേഷിച്ചുപോയാല്‍ നമ്മള്‍ എത്തുന്നത് ഡോ. ബാലു വൈദ്യനാഥനില്‍.

വര്‍ഷങ്ങളായി നമ്മുടെ ശിശുമരണനിരക്ക് 12 ആയിരുന്നു. അത് ഇന്ത്യയിലെ മികച്ച നിരക്ക്. പക്ഷേ, ലോകനിലവാരം നോക്കുമ്പോള്‍ അത്ര മികച്ചതല്ല. 2017-ല്‍ ഹൃദ്യം പദ്ധതി ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചു. ആ അന്വേഷണത്തില്‍ ബാലുഡോക്ടറുടെ കണ്ടെത്തലുകള്‍ നിര്‍ണ്ണായകമായി. കുട്ടികളിലെ ഹൃദ്രോഗമാണ് വില്ലന്‍, ഗര്‍ഭത്തില്‍ത്തന്നെ ഇതു കണ്ടെത്താം, മുന്‍കരുതലുകളെടുക്കാം. ഈ മേഖലയില്‍ ബ്രിട്ടണില്‍നിന്ന് അദ്ദേഹത്തിന് പ്രത്യേകപരിശീലനം കിട്ടിയിട്ടുണ്ട്. ആ സിദ്ധി കേരളത്തിലെ ചികിത്സകര്‍ക്കു പകര്‍ന്നു കൊടുക്കാനും അദ്ദേഹം സന്നദ്ധത അറിയിച്ചു.

പിന്നെയുള്ളത് ചരിത്രം – 600-ലേറെ ഗൈനക്കോളജിസ്റ്റുകള്‍ പുതുരീതികള്‍ പഠിച്ചു. നമ്മുടെ ശിശുമരണനിരക്ക് കുറഞ്ഞ് ആയിരത്തിൽ ആറു ശതമാനമായെത്തി. സമ്പന്നരാജ്യങ്ങള്‍ക്കു പുറത്ത് അങ്ങനെയൊരു നേട്ടം ഒരു ലോകാത്ഭുതം. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റാണ് ബാലുഡോക്ടര്‍. മികച്ച ചികിത്സാരീതികള്‍ തന്റെയും തന്റെ സ്ഥാപനത്തിന്റെയും മാത്രം മികവായി നിര്‍ത്തുന്നതാണ് പൊതുശൈലി. അതു മറന്നാണ് ഡോ. ബാലുവും ഈ മഹാദൗത്യം നിര്‍വഹിച്ചത്. അമൃത ആശുപത്രി അദ്ദേഹത്തെ അതിന് അനുവദിച്ചത്.

ഡോ. ബാലു മികച്ച ശസ്ത്രക്രിയാ വിദഗ്ധനും അധ്യാപകനും ഗ്രന്ഥകാരമായ ഡോ. എസ് വൈദ്യനാഥന്റെയും പീഡിയാട്രീഷ്യനായ ഡോ. രാജത്തിന്റെയും മകന്‍. ഭാര്യ ഡോ. രേണുക. മകന്‍ ഒമ്പതു വയസ്സുള്ള അദ്വൈത്. ഞങ്ങള്‍ ആദരവോടെ പ്രഖ്യാപിക്കുന്നു – കേരളത്തിന്റെ ചികിത്സാചരിത്രത്തിലെ ഒരു മഹാത്ഭുതത്തിനു പിന്നിലെ ചാലകശക്തിയായ ഈ മഹാചികിത്സകന്  സ്വകാര്യ മേഖലയിലെ മികച്ച ഡോക്ടര്‍ക്കുള്ള കൈരളി പുരസ്‌കാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News