Mammootty; ‘ദീപ ജോസഫ് ശരിക്കും ഒരു വണ്ടർ’ ; നടൻ മമ്മൂട്ടി

ദീപ ജോസഫ് ശരിക്കും ഒരു വണ്ടർ ആണെന്ന് നടൻ മമ്മൂട്ടി. ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന ‘കൈരളി ടിവി ഡോക്ടേ‍ഴ്സ് അവാർഡ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് അർഹയായത് ദീപാ ജോസഫാണ്.

ട്രാക്ടർ ഓടിക്കുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട് എന്നാൽ ആംബുലൻസ് ഓടിക്കുന്ന ഒരു വനിതയെ കാണുന്നത് ഇതാദ്യമാണെന്നും അതൊരു വലിയ സംഭവം തന്നെയാണെന്നും അദ്ദേഹം വേദിയിൽ സംസാരിക്കവെ പറഞ്ഞു. ആംബുലൻസ് റോഡിലൂടെ ചീറിപാഞ്ഞ് പോകുമ്പോൾ നമ്മൾ വഴി മാറികൊടുക്കുന്നത് അതിന്റെ ശബ്ദം കേട്ടിട്ടോ അല്ലെങ്കിൽ അവർ രോഗിയെയും കൊണ്ട് പോകട്ടെ എന്ന് കരുതിയിട്ടല്ലെന്നും പകരം ആംബുലന്സിന്റെ വരവ് കണ്ട് പേടിച്ചിട്ടാണ് പലരും വഴിമാറി കൊടുക്കുന്നതെന്നും മമ്മൂട്ടി വേദിയെ കുടുകുടാ ചിരിപ്പിച്ചു കൊണ്ട് സംസാരിച്ചു. അത്രത്തോളം സ്പീഡിൽ തന്റെ സ്വന്തം ജീവൻ വരെ പണയം വെച്ചുകൊണ്ടാണ് ആംബുലൻസ് റോഡിലൂടെ പോകുന്നതെന്നും ആണുങ്ങൾ മാത്രം ഓടിച്ചു പറപ്പിക്കുന്ന ഒരു സ്ഥലത്തേക്കാണ് ദീപാ ജോസഫ് കേറിനിന്ന് കിടു കിടാ വിറപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരം വിലങ്ങാട് സ്വദേശിനിയാണ് ദീപ.ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അപൂര്‍വ്വം സ്ത്രീകളിലൊരാള്‍. നേരത്തേ ബസ് ഓടിക്കുകയായിരുന്നു. പുലിയാവ് നാഷനല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബസ് ഡ്രൈവര്‍ ജോലി എട്ടു കൊല്ലം ചെയ്തു. കോവിഡ് വന്ന് കോളേജടച്ച് ജീവിതം വഴിമുട്ടിയപ്പോഴാണ് വളയത്തെ പ്രണവം ട്രസ്റ്റിന്റെ ആംബുലന്‍സ് ഡ്രൈവറായത്. കഥ പോലൊരു ജീവിതമാണ് ദീപയുടേത്. രണ്ടു വിവാഹങ്ങള്‍ പരാജയപ്പെട്ടു. പതിനെട്ടാം വയസ്സില്‍ ജീവിതത്തിലേയ്ക്കു വന്ന ആദ്യഭര്‍ത്താവ് ഗാര്‍ഹികപീഡനക്കാരനായിരുന്നു.

ആദ്യവിവാഹം തകര്‍ന്നപ്പോള്‍ ജീവിക്കാന്‍ വേണ്ടിയാണ് ആ പത്താം ക്ലാസുകാരി ഹോട്ടല്‍ ജോലിക്കിറങ്ങിയത്. ഡ്രൈവിംഗ് അറിയാമായിരുന്നു. ഒരു മാര്‍ബിള്‍ കടയില്‍ ജോലി ചെയ്യുമ്പോള്‍ ഡ്രൈവറില്ലാത്തപ്പോള്‍ വണ്ടിയോടിക്കേണ്ട ആവശ്യം വന്നു. ആ വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെതന്നെയാണ് ഡ്രൈവറായതും ജീവിതം തിരിച്ചുപിടിച്ചതും.

പ്ലസ് വണ്ണിനു പഠിക്കുന്ന എല്‍ബിന്റെയും പത്തില്‍ പഠിക്കുന്ന ഏയ്ഞ്ചലിന്റെയും ഈ അമ്മ ഷോര്‍ട്ട് ഫിലിമുകളിലെ അഭിനേത്രികൂടിയാണ്. അതേ, കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറും കേരളത്തിലെ ആദ്യത്തെ കോളേജ് ബസ് ഡ്രൈവറും മാത്രമല്ല ദീപ, നവകേരളത്തിന്റെ തലകുനിക്കാത്ത സ്ത്രീത്വത്തിന്റെ പ്രതീകമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here