ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം; കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ എല്‍ ഡി എഫ് പ്രതിഷേധം|LDF Protest

ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ എല്‍ ഡി എഫ് പ്രതിഷേധം. ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്ന് ആവശ്യപ്പെട്ട് ഇരിട്ടി കീഴ്പ്പള്ളിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സുപ്രീം കോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവിന് പിന്നാലെ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതങ്ങള്‍ക്കടുത്തുള്ള ജനവാസമേഖലകള്‍ കടുത്ത ആശങ്കയിലാണ്.

നൂറുകണക്കിന് മലയോര കര്‍ഷക കൂടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ ഡി എഫ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കീഴ്പ്പള്ളിയില്‍ ചേര്‍ന്ന പൊതുയോഗം സി പി ഐ എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വനാതിര്‍ത്തിയിലെ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് ബഫര്‍ സോണ്‍ ഉത്തരവെന്ന് എം വി ജയരാജന്‍ പറഞ്ഞു. എല്‍ ഡി എഫ് ഘടകകക്ഷിനേതാക്കള്‍ പൊതുയോഗത്തില്‍ സംസാരിച്ചു. ജൂണ്‍ 14 ന് കണ്ണൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, അയ്യന്‍കുന്ന് എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News