Car Fire:ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാര്‍ ഓടിച്ചിരുന്ന ബ്രഹ്മമംഗലം കടുവ മന്‍സിലിന്‍ ചാക്കോ(55) പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ അപകടമൊഴിവായി. നീര്‍പ്പാറ – ബ്രഹ്മമംഗലം റോഡില്‍ രാജന്‍ കവലയ്ക്ക് സമീപം ഉച്ചയോടെയായിരുന്നു അപകടം. കാര്‍ കത്തുമ്പോള്‍ അതു വഴി വന്ന ഡി വൈ എഫ് ഐ തലയോലപറമ്പ് ബ്ലോക്ക് പ്രസിഡന്റ് ജിതിന്‍ ബോസ്, മേഖല സെക്രട്ടറി ശരണ്‍കാന്ത് എന്നിവര്‍ സമീപത്തെ വീട്ടിലെ കൃഷിയ്ക്ക് നനയ്ക്കുന്ന ഹോസെടുത്ത് വെള്ളമൊഴിച്ചു തീ അണച്ചു . കടുത്തുരുത്തി, വൈക്കം ഫയര്‍ഫോഴ്‌സും തലയോലപറമ്പ് പോലിസും സ്ഥലത്തെത്തി. കാറിന്റ ഇന്ധനം ചോര്‍ന്നതാണ് തീപിടിക്കുവാന്‍ കാരണമെന്ന് കരുതുന്നു.

Arrest:10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

കാറില്‍ കടത്തിയ പത്തുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍(Arrest). കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പുത്തന്‍വീട്ടില്‍ മുഹമ്മദ് അജ്മല്‍ (28), കുന്നുകടം പടീറ്റതില്‍ രാഹുല്‍ (25) എന്നിവരെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ മജുവും സംഘവും അറസ്റ്റ് ചെയ്തത്. ദേശീയ പാത 66-ല്‍ ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ ശനി രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.

കാറില്‍ ഇരുപതോളം ചാക്കില്‍ നിറച്ച നിലയില്‍ ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ആലുവ ഭൂഗര്‍ഭ അറയില്‍ സ്പിരിറ്റ് പിടിച്ചെടുത്ത കേസിലെ പ്രതി സുധീറിനെ കണ്ണൂരിലെ വീട്ടില്‍നിന്ന് പിടികൂടി കൊണ്ടുവരുന്നതിനിടെയാണ് കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തൃപ്രയാറില്‍ മറികടന്നു പോയ കാര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാംനാഥ് പ്രിവന്റീവ് ഓഫീസര്‍മാരായ സി എ ജോഷി, കെ എ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here