സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ എടുത്തു ചാടി ഇടപ്പെട്ടാല്‍ പണി പാളുമോ എന്ന സംശയത്തില്‍ ഇഡി

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ അതിവേഗം ഇടപെടണമോയെന്ന സംശയത്തില്‍ ഇഡി. തങ്ങള്‍ അന്വേഷിക്കുന്ന കേസില്‍ നല്‍കിയ രഹസ്യമൊഴിയില്‍ തുടരന്വേഷണത്തിന് സാധിക്കുമെങ്കിലും നേരത്തെ നല്‍കിയതിനപ്പുറം സ്വപ്ന എന്തെങ്കിലും പറഞ്ഞതായി ഉദ്യോഗസ്ഥര്‍ കരുതുന്നില്ല. എടുത്തുചാടി പുറപ്പെട്ടിട്ടും കാര്യമില്ലെന്ന വിലയിരുത്തലിലാണ് അവര്‍.

സ്വപ്നയുടെ രഹസ്യമൊഴിപ്പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇത് ലഭ്യമാകും. മൊഴി വിശദമായി പഠിച്ചശേഷമേ മറ്റ് നടപടികളില്‍ തീരുമാനമുണ്ടാകൂ. മുന്‍ മൊഴികളുടെ ആവര്‍ത്തനമാണെങ്കില്‍ അന്വേഷണത്തിന് ഇഡി മുതിരില്ല. മുമ്പ് ഇഡിക്ക് നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ മൊഴിമാറ്റത്തിന്റെ കാര്യം തിരക്കിയ ശേഷമേ അന്വേഷണമാരംഭിക്കാനാകൂ.

സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്കും ബോധ്യമുണ്ട്. പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് കിട്ടിയില്ല. ഇനിയും ഇത്തരം മൊഴികള്‍ വിശ്വസിച്ച് അന്വേഷണത്തിന് തുനിഞ്ഞാല്‍ തങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുമെന്നായിരുന്നു ഒരു ഇഡി ഉദ്യോഗസ്ഥന്റെ പ്രതികരണം. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഒന്നര വര്‍ഷമാണ് അന്വേഷിച്ചത്. അക്കാര്യങ്ങളുടെ ആവര്‍ത്തനം മാത്രമെങ്കില്‍ അന്വേഷിക്കാന്‍ ഒന്നുമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിലായിരുന്നു ഇഡി അന്വേഷണം ഒന്നരക്കൊല്ലം നീട്ടിക്കൊണ്ട് പോയത്. അതേ സമ്മര്‍ദം ഇപ്പോഴും ഉയരുന്നതായി ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നു.

കേന്ദ്ര ഏജന്‍സികള്‍ ശരിയായി അന്വേഷിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ ബിജെപി ചെലുത്തുന്ന സമ്മര്‍ദത്തിന് തെളിവാണ് സുരേന്ദ്രന്റെ വാക്കുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News