A K Balan: എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ നിയമമന്ത്രി എ കെ ബാലന്‍

എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ നിയമമന്ത്രി എ കെ ബാലന്‍. ഞങ്ങളൊന്നും ചെയ്യില്ലല്ലോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനും. ഭയമുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരുന്നാല്‍ മതിയെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാക്കുകള്‍ക്കും തക്ക മറുപടി നല്‍കുകയാണ് എ കെ ബാലന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണം. അല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങള്‍ ഏറ്റെടുത്തു കൊള്ളുമെന്നാണ് എ കെ ബാലന്റെ വാക്കുകള്‍.

പ്രവാചകനിന്ദ എന്ന പ്രശ്‌നത്തെ ഉപയോഗപ്പെടുത്തി തീവ്രവാദികളടക്കം രംഗത്തുവരുമെന്ന് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പിണറായി വിജയനെപ്പോലുള്ള നേതാക്കള്‍ക്കെതിരെ ഇത്തരം ശക്തികളില്‍ നിന്ന് ആക്രമണമുണ്ടാകാം എന്ന ഉത്തരവാദപ്പെട്ട ഏജന്‍സികളുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തിയത്. ഇതറിയാത്തവരല്ല പ്രതിപക്ഷ നേതാവും ബി ജെ പി നേതാക്കളും. എന്നിട്ടും എന്തിനാണ് സുരക്ഷ എന്ന് ഇവര്‍ ചോദിക്കുന്നതെന്നത് കേരളീയ സമൂഹം തിരിച്ചറിയുമെന്നും എകെ ബാലന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ ? ഇതാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചോദ്യം. ഞങ്ങളൊന്നും ചെയ്യില്ലല്ലോ എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഭയമുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരുന്നാല്‍ മതിയെന്നാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറയുന്നത്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു കൊണ്ടാണ് പൊലീസ് സംരക്ഷണം. അല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങള്‍ ഏറ്റെടുത്തു കൊള്ളും. ഇപ്പോള്‍ ആ ചുമതല ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയില്ല. തെരുവില്‍ ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തുന്നതിനാണ് പ്രതിപക്ഷ നേതാവും ബി ജെ പി നേതാവും ശ്രമിക്കുന്നത്. വിമോചന സമരകാലത്തും ഇതു തന്നെയായിരുന്നു പരിപാടി. ക്രമസമാധാനം തകര്‍ന്നെന്നു പറഞ്ഞാണ് കേന്ദ്രം അന്ന് പിരിച്ചുവിട്ടത്. ആ ദിശയിലേക്ക്, കേരളത്തെ ഒരു കലാപഭൂമിയാക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രക്ഷോഭം തിരിച്ചറിയാത്തവരല്ല എല്‍ഡിഎഫുകാര്‍. പ്രതിപക്ഷ നേതാവിന് ‘ഗാന്ധിയന്‍ മാര്‍ഗ’മാണെങ്കിലും അങ്ങനെയല്ലാത്തവര്‍ ഈ പ്രക്ഷോഭത്തില്‍ അവരുടെ കൂടെയുണ്ടല്ലോ. മുദ്രാവാക്യം കേട്ടാല്‍ അത് വ്യക്തമാണ്. ഒരിക്കല്‍ ‘കത്തിക്കും കത്തിക്കും പച്ചയ്ക്ക് കത്തിക്കും, പിണറായി വിജയാ സൂക്ഷിച്ചോ ‘ എന്നു വിളിച്ചവരും ഇവരുടെ കൂട്ടത്തിലുണ്ടല്ലോ. പ്രവാചക നിന്ദക്കെതിരെ ഒരു പ്രതിഷേധവും പ്രകടിപ്പിക്കാന്‍ തയാറാവാതിരുന്ന മുസ്ലിം ലീഗ് ഒരു പ്രതിയുടെ മാറിമാറിപ്പറയുന്ന മൊഴിയുടെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം നടത്തുകയാണ്.

പിന്നെ പ്രതിരോധിക്കല്‍. അതറിയാത്തവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി. പക്ഷേ പ്രതിരോധം പോലും അക്രമാസക്തമാകാന്‍ പാടില്ല. കാരണം, ജനങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പു വരുത്തേണ്ടത് ഗവണ്മെന്റാണ്. ഇതിന്റെ ഭാഗമായി, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭീഷണിയുള്ള ഘട്ടത്തില്‍ സംരക്ഷണം നല്‍കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്. അത് ഇപ്പോള്‍ തല്‍ക്കാലം ജനങ്ങളെ ഏല്‍പ്പിക്കാന്‍ പറ്റില്ല. സി പി ഐ എമ്മിനെയും എല്‍ ഡി എഫ് സര്‍ക്കാരിനെയും ഇല്ലാതാക്കാന്‍ പിണറായിയെ ഇല്ലാതാക്കുക എന്നത് വര്‍ഗ്ഗശത്രുക്കളുടെ ഒരു ലക്ഷ്യമാണ്. പ്രവാചകനിന്ദ എന്ന പ്രശ്‌നത്തെ ഉപയോഗപ്പെടുത്തി തീവ്രവാദികളടക്കം രംഗത്തുവരുമെന്ന് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പിണറായി വിജയനെപ്പോലുള്ള നേതാക്കള്‍ക്കെതിരെ ഇത്തരം ശക്തികളില്‍ നിന്ന് ആക്രമണമുണ്ടാകാം എന്ന ഉത്തരവാദപ്പെട്ട ഏജന്‍സികളുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തിയത്. ഇതറിയാത്തവരല്ല പ്രതിപക്ഷ നേതാവും ബി ജെ പി നേതാക്കളും. എന്നിട്ടും എന്തിനാണ് സുരക്ഷ എന്ന് ഇവര്‍ ചോദിക്കുന്നതെന്നത് കേരളീയ സമൂഹം തിരിച്ചറിയും. പ്രതിപക്ഷനേതാവും കേന്ദ സഹമന്ത്രിയും ഒരു സുരക്ഷാ ഭീഷണിയുമില്ലാത്ത സാഹചര്യത്തില്‍ പോലും സഞ്ചരിക്കുന്നത് ഗവണ്മെന്റ് സംവിധാനത്തിലും പ്രത്യേക സുരക്ഷയിലുമാണല്ലോ.

മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പറഞ്ഞ വ്യക്തി തന്നെയാണല്ലോ ഇപ്പോള്‍ തികച്ചും വിരുദ്ധമായ മൊഴിയുമായി ഇറങ്ങിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 164 -ാം വകുപ്പ് പ്രകാരം മുമ്പ് സ്വപ്ന മൊഴി കൊടുത്തിട്ടുണ്ടല്ലോ.അതില്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പരിപൂര്‍ണമായും ഒഴിവാക്കിയിരുന്നല്ലോ. ഇപ്പോള്‍ എന്തുകൊണ്ടാണ് സ്വപ്ന അതില്‍നിന്നും പൂര്‍ണമായും മാറാന്‍ നിര്‍ബന്ധിക്കപ്പെട്ടത്? ഇവര്‍ക്ക് അന്നവും വെള്ളവും കൊടുക്കുന്ന ഒരു കേന്ദ്രമുണ്ട്. ആ കേന്ദ്രത്തെ അവര്‍ക്ക് മറക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആ കേന്ദ്രത്തിലേക്ക് എങ്ങനെയാണ് അവര്‍ വന്നുപെട്ടതെന്നും കേരളീയര്‍ക്കറിയാം.

സ്വര്‍ണം ഖുര്‍ ആനിലും ഈത്തപ്പഴത്തിലുമായിരുന്നല്ലോ ആദ്യം. അത് പൊളിഞ്ഞല്ലോ. ബിരിയാണിച്ചെമ്പില്‍ സ്വര്‍ണം കടത്തിയ കഥ ആദ്യം ഉണ്ടായിരുന്നില്ലല്ലോ. ബിരിയാണിചെമ്പിന്റെ കഥ ആരുണ്ടാക്കിയതാണ്, എന്തിനു വേണ്ടിയിട്ടാണ് എന്നുള്ളത് പൊതുസമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇത്രത്തോളം പരിഹാസ്യമായ ഒരു 164 നിയമചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

കേന്ദ്ര ഏജന്‍സികളെയെല്ലാം പിണറായി ഉപയോഗപ്പെടുത്തിയത് കൊണ്ടാണ് പിണറായിക്കെതിരെ കേസ് നീങ്ങാതിരുന്നതെന്ന് ബി ജെ പി നേതാക്കള്‍ പറയുന്നു. ആ ബി ജെ പിയുടെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമല്ലേ അതിന്റെ നാണക്കേട്? സ്വര്‍ണക്കേസിന്റെ ആരംഭത്തില്‍ തന്നെ അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ ആരാണ്? ഡിപ്ലോമാറ്റിക് ചാനലിലൂടെയല്ല ബാഗേജ് വന്നതെന്ന് പറഞ്ഞത് ആരാണ്? ഇവരെ രക്ഷിക്കാന്‍ വേണ്ടി എയര്‍ പോര്‍ട്ടില്‍ ഇടപെട്ട ട്രേഡ് യൂണിയന്‍ നേതാവ് ആരായിരുന്നു? ന്യൂസ് ചാനല്‍ വക്താവ് ആരായിരുന്നു? ബി ജെ പിക്കും ആര്‍ എസ് എസിനുമെതിരെ നീങ്ങുന്ന ഘട്ടത്തിലാണല്ലോ കേസിന്റെ ദിശ മാറിയത്. പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത്. ഇത്രയും പൊളിഞ്ഞുപോയ കേസിന് ജീവന്‍ കൊടുത്ത് മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിയമവ്യവസ്ഥയുള്ള ഒരു രാജ്യത്ത് അത് നടക്കില്ല. ഇതിനെ ശക്തമായി ജനങ്ങള്‍ നേരിടും.

തൃക്കാക്കര തെരഞ്ഞെടുപ്പോടെ പിണറായിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ഒരു നേതാവ് പറഞ്ഞു. ശരിക്ക് ബിജെപിയുടെ കൗണ്ട്ഡൗണാണ് ആരംഭിച്ചത്. 25000 വോട്ട് പ്രതീക്ഷിച്ചിടത്ത് 12500 വോട്ട് മാത്രമേ അവര്‍ക്ക് കിട്ടിയുള്ളൂ. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ അത്ര സുഖകരമല്ലല്ലോ.

ശക്തമായ പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കുന്നതില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന നേതാവാണ് പിണറായി വിജയന്‍. അദ്ദേഹം അത്തരം ഘട്ടങ്ങളില്‍ മയങ്ങിപ്പോകാറില്ല. പിണറായി വിജയന്‍ ഒരു തൊട്ടാവാടിയല്ല. പ്രതിസന്ധികളില്‍ നിന്ന് പോസിറ്റീവ് എനര്‍ജി ആര്‍ജിച്ച് പതിന്മടങ്ങ് ശക്തിയോടെ അദ്ദേഹം എതിരാളികളെ നേരിടും. അതാണ് പിണറായിയുടെ രാഷ്ട്രീയജീവിതം എന്നുകൂടി മനസ്സിലാക്കുന്നത് നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News