അപസ്മാരമിളകിയാല്‍ താക്കോല്‍ തിരയണോ?

പത്തില്‍ ഒരാള്‍ക്ക് അയാളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അപസ്മാരം അല്ലെങ്കില്‍ ഫിറ്റ്‌സ് (seizure) ഉണ്ടായേക്കാം എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ചലനങ്ങളും ചിന്തകളും ബോധവും എല്ലാം നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണല്ലോ. മാസ്തിഷ്‌കത്തിനകത്തുള്ള നൃറോണുകളില്‍ക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന ഒരു അസാധാരണമായ വൈദ്യുത തരംഗമാണ് യഥാര്‍ത്ഥത്തില്‍ അപസ്മാരം (seizure). ഈ വൈദ്യുത തരംഗങ്ങള്‍ ഒരാളെ ബോധ രഹിതനാക്കാം. അയാളുടെ ശരീരത്തില്‍ അസ്വാഭാവികമായ ചലനങ്ങള്‍ ഉണ്ടാക്കാം. ചിലര്‍ വളരെ അസാധാരണമായി പെരുമാറാം. ചിലര്‍ക്ക് അവരുടെ ഇന്ദ്രിയങ്ങളിലൂടെ അസാധാരണമായ സംവേദനാനുഭവങ്ങള്‍ അനുഭവപ്പെടാം.
തുടര്‍ച്ചയായി അപസ്മാരം (ഫിറ്റ്‌സ് ) ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയെയാണ് എപിലെപ്‌സി എന്നു വിളിക്കുന്നത്. ഇത് മിക്കവാറും കുട്ടിക്കാലത്തു തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാല്‍ എല്ലാ അപസ്മാരങ്ങളും എപിലെപ്‌സി അല്ല എന്നോര്‍ക്കണം. ഉദാഹരണത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമതീതമായി കുറഞ്ഞാല്‍ (hypoglycemia), രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞാല്‍ (hyponatremia), മസ്തിഷ്‌കത്തില്‍ അണുബാധ ഉണ്ടായാല്‍ (encephalitis) എന്നിവയില്‍ എല്ലാം ഒരു ലക്ഷണം അപസ്മാരം ആവാം. ഇതൊന്നും ഇല്ലാതെ ചില മാനസിക പ്രശ്‌നങ്ങളുടെ ഭാഗമായും ശരീരത്തില്‍ അപ്‌സമാരത്തിനു സമാനമായ ചലനങ്ങള്‍ ചിലരില്‍ കാണാറുണ്ട്. ഇവരില്‍ നേരത്തെ പറഞ്ഞ മസ്തിഷ്‌കത്തിലെ അസാധാരണമായ വൈദ്യുത തരംഗങ്ങള്‍ ഉണ്ടാവില്ല. ദൈര്‍ഘ്യം, ശരീര നേത്ര ചലനങ്ങളുടെ പ്രത്യേകതകള്‍, അപ്‌സമാരത്തിന്റെ കൂടെ അറിയാതെ വിസര്‍ജനം സംഭവിക്കല്‍, നാവിലും മറ്റും കടിയേറ്റ് മുറിവ് സംഭവിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യം പറഞ്ഞ അപസ്മാരത്തെ മാനസിക കാരണങ്ങള്‍ കൊണ്ടുള്ള ശരീരചലനത്തില്‍ നിന്നും തിരിച്ചറിയാന്‍ സഹായിക്കാറുണ്ട്.
കാരണങ്ങള്‍ എന്തു തന്നെയായാലും ഒരാള്‍ക്ക് ഫിറ്റ്‌സ് വരുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ആളുകള്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഇന്നും ഫിറ്റ്സ് വന്നാല്‍ കയ്യില്‍ നിര്‍ബന്ധമായി താക്കോല്‍ തിരുപിടിപ്പിക്കുന്നത് പോലെയുള്ള മുറകള്‍ കാണുന്നു എന്നത് വിചിത്രമാണ്.
*ഒരാള്‍ക്ക് ഫിറ്റ്‌സ് വന്നാല്‍ ചുറ്റുമുള്ളവര്‍ എന്തെല്ലാം ചെയ്യണം.*
കണ്ടു നില്‍ക്കുന്നവര്‍ക്ക് ഭയം ഉണ്ടാവുന്ന ഒന്നാണ് ഫിറ്റ്‌സ്. മിക്കവാറും അപസ്മാരങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തനിയെ അവസാനിക്കും.പരമാവധി കുറച്ചു കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. പരിഭ്രാന്തരായി ബഹളം വെക്കുക, താക്കോലിനു ഓടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാതെ, ചുറ്റും തിക്കി കൂടിനില്‍ക്കാതെ നിരീക്ഷിക്കുക.
*അപകടങ്ങള്‍ ഒഴിവാക്കുക*
തിരക്കേറിയ റോഡിന് സമീപമോ തീയ്ക്ക് സമീപമോ ചൂടുള്ള കുക്കറിന് സമീപമോ, ഉയരത്തിലോ, വെള്ളത്തിനു സമീപമോ പോലെ അപകടം സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശത്താണെങ്കില്‍ മാത്രം അവരെ നീക്കുക. അല്ലാത്ത പക്ഷം ബലം പ്രയോഗിച്ചു നീക്കാതിരിക്കുക ( വെള്ളത്തില്‍ വെച്ചും വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ ഉണ്ടാവുന്നതും ആയ ഫിറ്റ്‌സിനെ കുറിച്ചും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഫിറ്റ്‌സിനെ കുറിച്ചും പിന്നീട് ഒരിക്കല്‍ പറയാം )
അപകടമുണ്ടാക്കാവുന്ന വസ്തുക്കള്‍ സമീപം ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക .
ആള് നിലത്താണെങ്കില്‍ കഴിയുമെങ്കില്‍ അവരുടെ തലയുടെ താഴെ കുഷ്യന്‍ വെക്കുക.
ശ്വാസോച്ഛ്വാസം സഹായിക്കുന്നതിന് കഴുത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഇറുകിയ വസ്ത്രങ്ങള്‍ അഴിക്കുക
ഒരു വശത്തേക്ക് ചെരിച്ചു താടിയല്‍പ്പം ഉയര്‍ത്തി കിടത്തുക. പൂര്‍ണമായും സ്വബോധത്തില്‍ അല്ലാതെ,എന്നാല്‍ ശ്വസിക്കുന്ന ഒരാളെ, സ്‌പൈനല്‍ injury പോലുള്ള ഗുരുതര അവസ്ഥകള്‍ ഇല്ലെങ്കില്‍ കിടത്താവുന്ന സുരക്ഷിതമായ ഒരു രീതിയാണ് ഇത് .വായില്‍ ഉണ്ടാകുന്ന ഉമിനീര്, സ്രവങ്ങള്‍, നാവ് കടിച്ചുണ്ടാകാന്‍ സാധ്യതയുള്ള രക്തം തുടങ്ങിയവ ശ്വാസകോശത്തിലേക്ക് ഇറങ്ങി പോകാതിരിക്കാന്‍ ഇത് സഹായിക്കും. (ശ്വാസനാളം തുറന്ന നിലയില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്ന ഈ recovery position എങ്ങനെ ചെയ്യാമെന്ന് ധാരാളം വീഡിയോകള്‍ ഉണ്ട്. ഒരു പ്രയാസവും ഇല്ലാതെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന്‍ സ്‌കൂള്‍ തലം മുതല്‍ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.)
ഫിറ്റ്‌സ് പൂര്‍ണമായും നില്‍ക്കുന്നത് വരെ അവരോടൊപ്പം ഉണ്ടാവുക.ഫിറ്റ്‌സ് മാറിയ ശേഷം സുരക്ഷിതമായ സ്ഥലത്ത് ഇരിക്കാന്‍ വ്യക്തിയെ സഹായിക്കുക. അവരോട് ശാന്തമായി സംസാരിക്കുകയും എന്തു സംഭവിച്ചു എന്ന് പറയുകയും ചെയ്യുക.
*ചെയ്യാന്‍ പാടില്ലാത്ത പ്രധാന കാര്യങ്ങള്‍ പ്രധാനമാണ്*
കൈകാലിട്ടടിക്കുന്നതു തടയാനും ചലനങ്ങള്‍ നിര്‍ത്തുവാനും ബലം പ്രയോഗിക്കരുത്. ഇതു കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ല,ശാരീരികമായ ക്ഷതങ്ങളേല്‍ക്കുവാന്‍ സാധ്യത കൂടുകയും ചെയ്യും.
ഫിറ്റ്‌സ് ഉള്ളപ്പോള്‍ ബലം പ്രയോഗിച്ചു നീക്കാന്‍ ശ്രമിക്കാതിരിക്കുക
ഫിറ്റ്‌സ് ഉള്ളപ്പോള്‍ ബലം പ്രയോഗിച്ചു വായില്‍ ഒന്നും തിരുകി കയറ്റാതിരിക്കുക. നാക്കു കടിച്ചു പോകും, നാക്കു വിഴുങ്ങും തുടങ്ങിയ ഭയങ്ങള്‍ കൊണ്ടാണ് പലപ്പോഴും ഇതു ചെയ്യുന്നത്.
*ഫിറ്റ്സ് വന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകണോ*
താഴെ പറയുന്ന അവസ്ഥകളില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതാണ് നല്ലത്.
ആ വ്യക്തിക്ക് മുമ്പ് ഒരു അപസ്മാരം ഉണ്ടായിട്ടില്ലെങ്കില്‍.ആദ്യമായി ഉണ്ടാവുന്ന അപസ്മാരം വൈദ്യശ്രദ്ധയില്‍ പെടുത്തുന്നതാണ് ഉചിതം
ഫിറ്റ്‌സ് മൂന്നു മുതല്‍ അഞ്ചു മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍.
ഫിറ്റ്സിനു ശേഷം വ്യക്തിക്ക് ശ്വസിക്കാനോ ഉണരാനോ ബുദ്ധിമുട്ടുണ്ടെങ്കില്‍
തുടരെ തുടരെ ഫിറ്റ്‌സ് വരുന്നുണ്ടെങ്കില്‍
ഫിറ്റ്‌സ് ഉണ്ടാകുമ്പോള്‍ വ്യക്തിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെങ്കില്‍.
ജലത്തില്‍ സംഭവിക്കുന്ന ഫിറ്റ്‌സ്
വ്യക്തിക്ക് പ്രമേഹം, ഹൃദ്രോഗം, അല്ലെങ്കില്‍ ഗര്‍ഭിണിയായിരിക്കുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അടിയന്തിര വൈദ്യ സഹായം തേടുന്നതാണ് ഉചിതം.
നേരത്തെ അപ്‌സമാരരോഗം ഉള്ളവര്‍ ആണെങ്കില്‍ അടിയന്തിര ചികിത്സ ഒന്നും ഇല്ലാതെ തന്നെ ഫിറ്റ്‌സ് മാറാന്‍ ആണു സാധ്യത.
*കയ്യില്‍ താക്കോല്‍ തിരുകിയാല്‍ അപസ്മാരം നിലയ്ക്കുന്നത് എങ്ങനെയാണ്.?*
കുറെ നാള്‍ മുന്‍പ് ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പുള്ളിയുടെ ഒരു ബന്ധുവിന് ഫിറ്റ്‌സ് വന്നപ്പോള്‍ കീ എടുക്ക് എന്ന് അലര്‍ച്ച കേട്ട് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ആവും എന്ന് കരുതി കാറിന്റെ കീ എടുത്ത്,പോകാം എന്ന് പറഞ്ഞ ഒരു അനുഭവം ഉണ്ടായിരുന്നു. ഡോക്ടര്‍ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല എന്ന് പറഞ്ഞു പുള്ളി വേഗം പോയി ഒരു വലിയ താക്കോല്‍ കൂട്ടം അയാളുടെ കയ്യില്‍ പിടിപ്പിച്ചു. താമസിയാതെ ഫിറ്റ്‌സ് നിലച്ചു. ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന മട്ടില്‍ പുള്ളി നോക്കി.എങ്ങനെയാണ് താക്കോല്‍ അപസ്മാരം മാറ്റിയത്?
വൈറല്‍ പനി ആന്റിബയോട്ടിക്ക് കഴിച്ചാല്‍ മാറാന്‍ ഒരാഴ്ചയെ എടുക്കൂ . ഇല്ലെങ്കില്‍ ഏഴു ദിവസം എടുക്കും എന്ന് പഴയ ഒരു ഫലിതം ഉണ്ട്. അതെ റോള്‍ ആണ് താക്കോലിനും ഉള്ളത്. ഒരാള്‍ ഓടി പോയി താക്കോല്‍ കണ്ടെത്തി അത് തിരുകുമ്പോഴേക്കും ഏതാനും മിനിറ്റുകള്‍ കഴിഞ്ഞിട്ടുണ്ടാകും
ആ സമയം കൊണ്ട് ഒട്ടു മിക്ക ഫിറ്റ്‌സുകളും ഒടുങ്ങാറായി കാണും. ചില സമൂഹങ്ങളില്‍ താക്കോലിന് പകരം ഉള്ളി തിരുകലും കെട്ട ഉള്ളി മണപ്പിക്കലും ആണ് എന്നും കേട്ടിട്ടുണ്ട്. ഇത്തരം വിചിത്രമായ ആചാരങ്ങള്‍ തുടരുന്നതിനു പകരം ശാസ്ത്രീയ അവബോധത്തോടെ പെരുമാറാന്‍ സമൂഹത്തിനു കഴിയട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here