Security; മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സുരക്ഷ

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വൻ സുരക്ഷ. എട്ട് എസിപി മാരും 13 സിഐമാരും അടക്കം 400 പോലീസുകാരെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചു. തിരുവനന്തപുരം എയർപോർട്ട് മുതൽ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്.

മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് സിപിഐഎം പ്രവർത്തകർ എയർപോർട്ടിൽ തടിച്ചുകൂടിയിരിക്കുകയാണിപ്പോൾ. എയർപോർട്ടിന് പുറത്ത് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും എത്തി. സ്വപ്ന സുരേഷ് സ്വര്‍ണ കറൻസി കടത്ത് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾക്കുണ്ടായിരുന്നത്. എന്നാൽ ഇതിനിടയിലും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിച്ചു. കണ്ണൂര്‍ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കനത്ത പൊലീസ് സന്നാഹത്തെ കബളിപ്പിച്ച് കൊതേരിയിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരി കൊടി വീശിയത്.

അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പൊലീസിന് നിർദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കറുത്ത മാസ്‍ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ വിലക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായും ഡിജിപി വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും ഡിജിപി പറഞ്ഞു. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിതായും അനിൽകാന്ത് അറിയിച്ചു. ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News