CM : മുഖ്യമന്ത്രിയെ ജനങ്ങള്‍ സംരക്ഷിക്കും, ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരും: കോടിയേരി

മുഖ്യമന്ത്രിയെ ജനം  സംരക്ഷിക്കുമെന്നും ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചാൽ പിന്നെ ഒരാളും പ്രതിഷേധിക്കാൻ വരില്ലെന്നും കോടിയേരി പറഞ്ഞു.

സിപിഐ എം ചീക്കിലോട് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ അവസരം കാത്തു കിടക്കുകയാണ് ചില കൂട്ടർ. കലാപമുണ്ടാക്കി അന്തരീക്ഷം കലുഷിതമാക്കാമെന്ന് കരുതിയാൽ കേരളം വഴങ്ങില്ല. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വലതുപക്ഷ ഗൂഢാലോചനയാണ് സമരത്തിന് പിന്നിൽ.

വിമോചന സമരകാലത്തേക്കാൾ ശക്തമായ രീതിയിൽ കോപ്പു കൂട്ടാനാണ് ശ്രമം. മുഖ്യമന്ത്രിമാർക്ക് സംരക്ഷണം നൽകുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. ഉമ്മൻ ചാണ്ടി പട്ടാളത്തിന്റെ അകമ്പടിയോടെയാണ് പത്ത് ദിവസം സെക്രട്ടറിയറ്റ് കണ്ടതെന്നും കോടിയേരി പറഞ്ഞു.

അതേസമയം വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ അക്രമിക്കുമായിരുന്നു. വി ഡി സതീശന്‍ ഇതില്‍ മറുപടി പറയണം.

അദ്ദേഹമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതെന്നും ജയരാജന്‍ ആരോപിച്ചു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വസ്ഥമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന സ്ഥിതി എന്താണ് വ്യക്തമാക്കുന്നത്? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര്‍ ആക്രമിക്കാനുള്ള ലക്ഷ്യംവച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു.

അപ്പോഴേക്കും ഇടനാഴിയുടെ നടുവില്‍വച്ച് ഞാന്‍ തടഞ്ഞു.  ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ?.. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണിത്’ – ഇ പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News