Pinarayi Vijayan : മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണ ശ്രമം; കോഴിക്കോട് വന്‍ പ്രതിഷേധം

മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോണ്‍ഗ്രസ് ആക്രമണ ശ്രമത്തിനെതിരെ കോഴിക്കോട് വന്‍ പ്രതിഷേധം. സി പി ഐ (എം) ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

വിശദ്ധീകരണ യോഗം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. മുതലക്കുളത്ത് നിന്നാരംഭിച്ച സി പി ഐ (എം) പ്രതിഷേധ പ്രകടനം പാളയം ചുറ്റി കിഡ്‌സണ്‍ കോര്‍ണ്ണറില്‍ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് നടന്ന ആക്രമണശ്രമത്തിൽ സമാധാനപരമായുള്ള ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌‌താവനയിൽ പറഞ്ഞു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്ളൈറ്റിൽ യാത്ര ചെയ്യവെയാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറായി മുന്നോട്ട് വന്നത്.

വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഈ ഘട്ടത്തിൽ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളിൽ നിന്ന് രക്ഷപ്പെട്ടത്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച് വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങൾക്കാണ് യുഡിഎഫും, ബിജെപിയും നേതൃത്വം നൽകുന്നത്.

വിമാനത്തിലെ സംഭവങ്ങൾ ഈ കാര്യത്തിന് അടിവരയിടുന്നു. വിമാനത്തിൽ കയറി യാത്രക്കാരെ അക്രമിക്കുക എന്നത് ഭീകരവാദ സംഘടനകൾ സ്വീകരിക്കുന്ന വഴിയാണ്. ആ വഴിയാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഇവിടെ തിരഞ്ഞെടുത്തിട്ടുള്ളത്. ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂർവ്വമായി അക്രമങ്ങൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെയും കോൺഗ്രസ്സ് സ്വീകരിക്കുകയും ചെയ്‌തിട്ടുള്ളത്.

ഇല്ലാ കഥകൾ സംഘപരിവാർ സൃഷ്‌ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അക്രമങ്ങൾ സംഘടിപ്പിച്ച് ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
മുഖ്യമന്ത്രിയെ പോലും ഇല്ലാ കഥകളുണ്ടാക്കി അക്രമിക്കാൻ ശ്രമിക്കുന്ന യുഡിഎഫിന്റെ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണം.

സുരക്ഷാ സംവിധാനമില്ലാത്ത വിമാനത്തിലുൾപ്പടെ അക്രമണം സംഘടിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെയുള്ള സംരക്ഷണം പാർടി ഏറ്റെടുക്കേണ്ടിവരുമെന്നും സെക്രട്ടറയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News