വിശ്വമാനവികതയുടെ മഹാ വിപ്ലവ സൂര്യന്‍…… ഇന്ന് ചെഗുവേരയുടെ ജന്മദിനം

വിശ്വ വിപ്ലവകാരി ചെഗുവേരയുടെ ജന്മ ദിനമാണിന്ന് . മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി സഖാവ് ഇന്നും ജ്വലിച്ചു നിൽക്കുന്നുണ്ട്. ചെഗുവേരയുടെ ഉജ്ജ്വല സ്മരണ, സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഓരോ മനുഷ്യന്‍റേയും പ്രത്യാശയും ആവേശവും പോരാട്ടവീര്യവുമാണ്.

1 928 ജൂണ്‍ 14 ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍, സീലിയ ദെ ലാ സെര്‍ന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളില്‍ മൂത്തവനായി ജനിച്ച മാര്‍ക്സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലകളുടെ തലവനും ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവുമായിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏര്‍ണസ്റ്റോ ഗുവേര ഡി ലാ സെര്‍നസ( 1928 ജൂണ്‍ 14 – 1967 ഒക്ടോബര്‍ 9).

ഔദ്യോഗിക നാമം ഏണസ്റ്റോ ചെഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെര്‍നോ എന്നും , ലിഞ്ച് എന്നും തന്റെ പേരിന്റെ കൂടെ ചെഗുവേര ഉപയോഗിച്ചിരുന്നു . ചെറുപ്പകാലത്തില്‍ തന്നെ പാവപ്പെട്ട ജനങ്ങളോടുള്ള ഒരു താല്‍പര്യം ചെഗുവേരയിലുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടി വളര്‍ന്നു വന്ന ചെ’ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ലോക രാഷ്ട്രീയത്തെക്കുറിച്ച്‌ നല്ല ആഴത്തിലുളള അറിവു നേടിയിരുന്നു.

ചെറുപ്പത്തില്‍ തന്റെ പിതാവില്‍ നിന്നും ചെസ്സ് കളി പഠിച്ചഅദ്ദേഹം പന്ത്രണ്ടാം വയസ്സു മുതല്‍ പ്രാദേശികമത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. എന്നാല്‍ മുതിര്‍ന്നുവന്നതോടു കൂടി അദ്ദേഹത്തിന്റെ താല്പര്യം സാഹിത്യത്തിലേക്കു മാറി. തത്ത്വശാസ്ത്രം ,കണക്ക് , രാഷ്ട്രീയം , സമൂഹശാസ്ത്രം , ചരിത്രം എന്നിവയായിരുന്നു സ്കൂള്‍ ക്ലാസ്സുകളില്‍ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങള്‍. 3,000 ത്തോളം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു. ഇത് അദ്ദേഹത്തെ ഒരു ഉത്സാഹിയായവായനക്കാരനാക്കി. ഈ പുസ്തകങ്ങളിലൂടെ അദ്ദേഹം കാറല്‍ മാര്‍ക്സിനേയും , ജൂള്‍സ്വെര്‍നെയെയുമെല്ലാം മനസ്സിലാക്കി.

ഏണസ്റ്റോ ചെഗുവേര അത് ലോകത്തിന് വെറുമൊരു പേര് മാത്രമല്ല .40 വർഷം മാത്രം നീണ്ടു നിന്ന ജീവിതത്തിനിടയിൽ ലോകസാമ്രാജ്യത്തെ വിറപ്പിച്ച വിശ്വ വിമോചന പോരാട്ടത്തിന്‍റെ പ്രതി രൂപം കൂടി ആയിരുന്നു അയാൾ. അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം ജയിച്ച് ബൊളിവിയൻ പോരാട്ടത്തിനിടയിൽ ലോകത്തിന്‍റെ രക്തസാക്ഷിയായി മാറുകയായിരുന്നു ചെ.

സാധാരണക്കാരനെ അടിമകളാക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടം മാത്രമായിരുന്നില്ല ചെയുടെ ജീവിതം .വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടാൻ പ്രതിസന്ധികൾ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനും പുതുയുഗത്തിനുവേണ്ടി ജീവിതം സമർപ്പിക്കാനും ചെയെന്ന വിപ്ലവകാരി ഒരു തരിമ്പ് പോലും മടിച്ചു നിന്നില്ല . അതുകൊണ്ട് തന്നെയാണ് ലോകജനതയുടെ മനസ്സിൽ ആളിപ്പടരുന്ന തീപ്പന്തമായി ചെഗുവേര ഇന്നും ജ്വലിച്ചു നിൽക്കുന്നത്.

കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അറിഞ്ഞു തുടങ്ങും മുൻപേ മതിലിലും മരത്തിലും റോഡിലും പോസ്റ്റിലും കണ്ടു തുടങ്ങിയ കൗതുകം പിന്നീട് ഞരമ്പുകളിൽ തിളച്ച് മറിയുന്ന വികാരം .വിശ്വ മാനവികതയുടെ വിമോചനത്തിന്റെ കത്തിപടരുന്ന ആൾ രൂപം. യൗവ്വനങ്ങളിലെ എരിഞ്ഞു കത്തുന്ന പ്രതിരൂപം.

ഒറ്റയ്ക്കൊരു യാത്രയിൽ ലോകം കീഴടക്കാൻ തോന്നുന്ന മനോധൈര്യം. അതുകൊണ്ട് തന്നെയാണ് സാമ്രാജ്യത്വത്തിന്‍റെ വിരിമാറിലേക്ക് നിറയൊഴിക്കാൻ തോക്കുയർത്തി നിൽക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഓരോ മനുഷ്യന്‍റേയും പ്രത്യാശയും ആവേശവും പോരാട്ടവീര്യവുമാകുന്നതും.

1964 ഡിസംബർ 11 ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭ സമ്മേളനത്തിൽ ചെ പ്രസംഗിച്ചുകൊണ്ടിരിക്കെ അയാൾക്ക് നേരെ വന്ന വെടിയുണ്ടകൾ ചെഗുവേര എന്ന മനുഷ്യനെ ലോക സാമ്രാജ്യത്വം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിൻറെ ഉദാഹരണമായിരുന്നു.

എനിക്കറിയാം നിങ്ങളെന്നെ വെടിവയ്ക്കാൻ പോവുകയാണ്. ഞാൻ ജീവനോടെ പിടിക്കപ്പെടരുതായിരുന്നു. ഫിദെലിനോട് പറയൂ ഈ പരാജയം വിപ്ലവത്തിന്റെ അവസാനമല്ല എന്ന്. കുട്ടികളെ നന്നായി പഠിപ്പിക്കുക, സൈനികരോട് നന്നായി ഉന്നംപിടിക്കാനും പറയുക ,നിങ്ങൾ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത് . ഇതായിരുന്നു ആ മഹാ വിപ്ലവകാരി താൻ കൊല്ലപ്പെടും മുമ്പ് പറഞ്ഞ അവസാനവാക്കുകൾ.

താൻ കൊല്ലപ്പെടാൻ പോകുന്നു എന്നുറപ്പിച്ച നിമിഷത്തിലും ചെ അവസാനമായി ആവശ്യപ്പെട്ടത് അമേരിക്കൻ കൂലിപ്പട്ടാളം തന്നെ ബന്ധിയാക്കി വെച്ച സ്കൂളിലെ അധ്യാപികയെ കാണണമെന്നായിരുന്നു. അവരോട് സംസാരിച്ചതാകട്ടെ സ്കൂളിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും .

വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരന്‍ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാന്‍ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ് തെരാന്‍ തന്നെ വധിക്കുവാന്‍ കുടിലിലേക്ക് കടന്നപ്പോള്‍ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാന്‍ പോകുന്നത്. തെരാന്‍ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു.

കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യില്‍ ചെ കടിച്ചു പിടിച്ചു. തെരാന്‍ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുള്‍പ്പടെ ഒമ്ബതുപ്രാവശ്യം തെരാന്‍ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്. മരണശേഷം ചെ ഗുവേരയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയത്.

വല്ലൈഗ്രാന്‍ഡയിലുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയില്‍ ആണ് ചെ ഗുവേരയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെ ഗുവേര തന്നെയെന്ന് ഉറപ്പിക്കാനായി ധാരാളം ദൃക്സാക്ഷികളെ കൊണ്ടുവന്ന് ശരീരം കാണിച്ചിരുന്നു. അതില്‍ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാര്‍ഡ് ഗോട്ട്, ഇദ്ദേഹമാണ് ജീവനോടെ ചെ ഗുവേരയെ കണ്ട ഏക സാക്ഷി. മരിച്ചു കിടന്ന ചെ ഗുവേരയെ അവിടുത്തെ ആളുകള്‍ ഒരു വിശുദ്ധനെപ്പോലെയാണ് നോക്കിക്കണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News