കോൺഗ്രസ് ഓഫീസിൻ്റെ സുരക്ഷക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരെ നീക്കി, കലാപം സൃഷ്ടിക്കാൻ എറണാകുളം ഡി സി സി പ്രസിഡൻ്റിൻ്റെ നീക്കം. എത്രയും വേഗം തങ്ങളുടെ ഓഫീസിന് മുന്നിൽ നിന്ന് പോകണം എന്നായിരുന്നു പൊലീസിനോടുള്ള ഡി സി സി പ്രസിഡൻ്റ് ഷിയാസിൻ്റെ ആക്രോശം.ഡി സി സി ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കിയില്ലെന്ന് വരുത്തിത്തീർക്കലായിരുന്നു ഡി സി സി പ്രസിഡൻ്റിൻ്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകുളം ഡി സി സി ഓഫീസിനു മുന്നിൽ ടയർ കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പിന്നീട് ഡി സി സി പ്രസിഡൻ്റ് ഷിയാസ് തന്നെയാണ്, സംഘർഷ സാധ്യത ചൂണ്ടിക്കാട്ടി, ഓഫീസിന് പൊലീസ് സുരക്ഷ വേണമെന്ന് ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടത്.ഇതെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി മുതൽ ഡി സി സി ഓഫീസിനു മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇന്ന് ഡിസിസി ഓഫീസിൽ നടന്ന വി ഡി സതീശൻ്റെ വാർത്താ സമ്മേളനത്തിന് ശേഷം പുറത്തേക്കിറങ്ങി വന്ന ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഓഫീസിനു മുന്നിൽ നിന്ന് പൊലീസിനോട് മാറിപ്പോകാൻ ആക്രോശിക്കുകയായിരുന്നു. ആളെ കൂട്ടി വന്നാൽ തെരുവിൽ നേരിടുമെന്നും ഷിയാസ് ഭീഷണി മുഴക്കി.
ആവശ്യമുള്ള സമയത്ത് പൊലീസിൻ്റെ സഹായം കിട്ടാതിരുന്നതിനാൽ ഇനി സഹായം ആവശ്യമില്ലെന്നാണ് ഡി സി സി പ്രസിഡൻ്റ് പറയുന്ന ന്യായം.എന്നാൽ പൊലീസിനെ സ്ഥലത്ത് നിന്ന് നീക്കി സംഘർഷ സാഹചര്യം സൃഷ്ടിച്ച ശേഷം പൊലീസിനെത്തന്നെ പഴിക്കലായിരുന്നു ഡിസിസി പ്രസിഡൻ്റിൻ്റെ ലക്ഷ്യമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.