പ്രൊഫ.ടി.പ്രദീപിന് 2 കോടിയുടെ അന്താരാഷ്ട്ര ജലപുരസ്‌കാരം

വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കു നൽകുന്ന പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് (പി.എസ്.ഐ.പി.ഡബ്ല്യു.) മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസർ ടി. പ്രദീപ് അർഹനായി. 2,66,000 ഡോളർ (ഏതാണ്ട് രണ്ടു കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരം സെപ്റ്റംബർ 12-ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടിവെള്ളത്തിൽനിന്ന് ആഴ്സനിക് വിഷാംശം നീക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിച്ചതിനാണ് മലപ്പുറം പന്താവൂർ സ്വദേശി ടി. പ്രദീപിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൾ അസീസ് 2002-ലാണ് പി.എസ്.ഐ.പി.ഡബ്ല്യു. പുരസ്‌കാരം ഏർപ്പെടുത്തിയത്.പ്രദീപിന്റെ ഗവേഷണസംഘത്തിൽ അംഗങ്ങളായ ആവുള അനിൽകുമാർ, ചെന്നു സുധാകർ, ശ്രീതമ മുഖർജി, അൻഷുപ്, മോഹൻ ഉദയശങ്കർ എന്നിവർക്ക് പ്രത്യേക പരാമർശവുമുണ്ട്.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് ഭൗതിക രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയശേഷം പ്രദീപ് കാലിഫോർണിയ, ബെർക്ക്ലി, പർഡ്യു, ഇൻഡ്യാന സർവകലാശാലകളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയായിരുന്നു. ഇപ്പോൾ മദ്രാസ് ഐ.ഐ.ടി.യിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും രസതന്ത്രം പ്രൊഫസറുമാണ്.

ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഡോ. ടി. പ്രദീപിനെ 2020-ൽ രാഷ്ട്രം പദ്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here