Pinarayi Vijayan : ഭക്ഷ്യസുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി

കുതിച്ചുയരുന്ന വിലക്കയറ്റത്തിന്‍റെ ഘട്ടത്തിൽ ജനങ്ങളെ കൈയൊഴിയാൻ സംസ്ഥാന സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ( Pinarayi Vijayan).പൊതുവിതരണ മേഖലയ്ക്കായി ഈ വർഷത്തെ ബജറ്റിൽ 2063 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

അർഹതയുള്ള എല്ലാവർക്കും റേഷൻകാർഡ് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്‍റെ നയമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

സംസ്ഥാന സർക്കാരിൻറെ ഒന്നാം വാർഷികത്തിൻറെ ഭാഗമായി ആവിഷ്ക്കരിച്ച നൂറുദിന കർമ്മപരിപാടിയോടനുബന്ധിച്ച് തയ്യാറാക്കിയ ഒരു ലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് നിർവ്വഹിച്ചു.

2016 ൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായതോടുകൂടി കേരളത്തിലെ ഒരു കോടി അമ്പത്തിനാല് ലക്ഷത്തി എൺപതിനായിരത്തി നാൽപ്പതു പേർ മാത്രമാണ് നിലവിൽ റേഷൻ സമ്പ്രദായത്തിനു കീഴിൽ വരുന്നത്. അതിനാൽ കേന്ദ്രസർക്കാർ ടൈഡ് ഓവർ വിഹിതമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളിൽ നിന്നാണ് നിലവിലെ ഘടനയിൽ റേഷൻ സമ്പ്രദായത്തിന് പുറത്തായ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നത്.

എന്നാൽ, കേന്ദ്ര ഭക്ഷ്യമന്ത്രാലയം ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് നൽകിവന്നിരുന്ന ആറായിരത്തി നാനൂറ്റി അൻപത്തി ഒൻപത് മെട്രിക്ക് ടൺ ഗോതമ്പ് കൂടി നിർത്തലാക്കുകയാണുണ്ടായത്.
മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ട ഏകദേശം 50 ലക്ഷം കാർഡുടമകൾക്ക് ഇതുമൂലം റേഷൻകടകളിൽ നിന്നും ഗോതമ്പ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പക്ഷേ, പൊതുസംവിധാനങ്ങളിൽ നിന്നെല്ലാം കേന്ദ്രസർക്കാർ പിൻവാങ്ങുമ്പോൾ അതിനുള്ള ബദൽ അവതരിപ്പിക്കുകയാണ് കേരളം ചെയ്യുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റത്തിൻറെ ഘട്ടത്തിൽ ജനങ്ങളെ കൈയൊഴിയാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. പരിമിതമായ വിഭവങ്ങൾ കൊണ്ട് എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഒരുക്കുക എന്ന ഉത്തരവാദിത്വം നമ്മൾ ഏറ്റെടുക്കുകയാണ്.

പൊതുവിതരണ മേഖലയ്ക്കായി ഈ വർഷത്തെ ബജറ്റിൽ 2063 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.അർഹതയുള്ള എല്ലാവർക്കും റേഷൻകാർഡ് ലഭ്യമാക്കുക എന്നതാണ് സർക്കാരിൻറെ നയം. അർഹരായവരെ കണ്ടെത്തി 17,271 എ എ വൈ, 1,35,971 പി എച്ച് എച്ച്, 240 എൻ പി എസ് എന്നിങ്ങനെ ആകെ 1,53,482 കാർഡുകൾ തരം മാറ്റി നൽകിയിട്ടുണ്ട്.

മേൽപ്പറഞ്ഞ 1,53,482 മുൻഗണന കാർഡുകൾക്ക് പുറമെ ഈ സർക്കാർ ചുമതലയേറ്റെടുത്ത ശേഷം 2,14,274 പുതിയ റേഷൻ കാർഡുകൾ കൂടി വിതരണം ചെയ്തിട്ടുണ്ട്. ഇതിൻറെ തുടർച്ചയായാണ് ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണത്തിന് തയ്യാറാക്കിയത്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ മുന്നോട്ടു പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here