പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് ജനാധിപത്യ വിരുദ്ധം: കാന്തപുരം

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന യു.പി സർക്കാരിന്റെ നടപടി ജനാധിപത്യ രാജ്യത്തിന് ചേരുന്നതല്ലെന്ന് എ.പി സമസ്ത നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികൾ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതികരിച്ചവർ നിയമം ലംഘിച്ചെങ്കിൽ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. ആ നിയമം അവഗണിച്ച് അവരുടെ വാസസ്ഥാനങ്ങളും ജീവിതോപാധികളും നശിപ്പിക്കുന്ന രീതിയിലേക്ക് നിലപാടുകൾ മാറുന്നത് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്കെതിരെയുള്ള നീക്കമാണ്. അത് അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് രാജ്യത്തെ ഏത് നിയമവ്യവസ്ഥയുടെ പിൻബലത്തിലാണെന്ന് ഇന്ത്യൻ ഗ്രാന്റ്മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ചോദിച്ചു. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവർ നിയമം ലംഘിച്ചെങ്കിൽ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. അത് പരിഗണിക്കാതെ വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികൾ പ്രവർത്തിക്കുകയാണോ?ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഈ രാജ്യവും ജനങ്ങളും അമ്പരന്നുനിൽക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രൗഢിയും തലയെടുപ്പും ഇവർ മനസ്സിലാക്കുന്നില്ല. ലോകത്തെ മുഴുവൻ അറബ് മുസ്ലിം രാജ്യങ്ങളിലും ഇന്ത്യക്കാരനാണെന്ന് പറഞ്ഞ് എഴുന്നേറ്റ് നിൽക്കുമ്പോഴുള്ള അഭിമാനബോധവും ആ രാജ്യങ്ങൾക്ക് നമ്മുടെ ജനാധിപത്യ രാഷ്ട്രത്തോടുള്ള ആദരവും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് നാം.

ആൾക്കൂട്ടക്കൊലയും ഹിജാബ് നിരോധനവും പൗരത്വനിയമവുമൊക്കെ ജനാധിപത്യ മാർഗത്തിൽ ചോദ്യം ചെയ്തവരെ കിടപ്പാടങ്ങൾ തകർത്തും സ്വത്തുവകകൾ നശിപ്പിച്ചുമാണോ നേരിടേണ്ടത്. ഇത് ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുന്ന നടപടികളാണ്.

നിയമം വിശദീകരിക്കേണ്ടത് നമ്മുടെ ഭരണഘടനയും തീർപ്പ് കൽപിക്കേണ്ടത് കോടതികളുമാണ്. നിയമനടപടികൾ പാലിക്കാതെ രാജ്യത്തൊരിടത്തും ഇത്തരം അതിക്രമങ്ങൾ തുടരാൻ അനുവദിക്കരുത്. കാന്തപുരം ആവശ്യപ്പെട്ടു.

അതേസമയം പ്രവാചകരെ നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചവർ രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്തതെന്നും ഇതിന് രാജ്യത്തെ ബഹുഭൂരിഭാഗം ഹൈന്ദവ സഹോദരങ്ങളും ഉത്തരവാദികളല്ലെന്നും കാന്തപുരം ആവർത്തിച്ചു. പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങൾ അതിരുവിടരുതെന്നും അങ്ങേയറ്റത്തെ സംയമനമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here