MV Jayarajan; ഇ പി ജയരാജനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തെ അയച്ചത് കെ സുധാകരനാണെന്ന് വ്യക്തം; എം വി ജയരാജൻ

ഇ പി ജയരാജനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തെ അയച്ചത് കെ സുധാകരനാണ് എന്ന് വ്യക്തമാക്കുന്നതാണ് കോൺഗ്രസ് വക്താവിന്റെ വെളിപ്പെടുത്തലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

തോക്കും പണവും കൊടുത്തത് സുധാകരനാണ് എന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ആർ എസ് എസ് ക്രിമിനലുകൾക്കാണ് ക്വട്ടേഷൻ നൽകിയത്. ഈ വെളിപ്പെടുത്തതൽ സംബന്ധിച്ച് ഒരു അന്വേഷണം നടക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. നിയമവശം പരിശോധിച്ച് സർക്കാർ ഒരു അന്വേഷണം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയെ വധിക്കാനുള്ള സംഘത്തെ ടിക്കറ്റ് എടുത്ത് അയച്ചതും കെ പി സി സി പ്രസിഡന്റ് കെ സുധാകരാണെന്നും പ്രത്യേക സംഘം ടിക്കറ്റ് എടുത്ത് കൊടുത്തത് ആരാണ് എന്ന് അന്വേഷിച്ചാൽ ഡി സി സി ഓഫീസിന്റെ പങ്ക് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇ പി ജയരാജനെ ട്രെയിനിൽ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കെ സുധാകരന്റെ പങ്ക്‌ സ്ഥിരീകരിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ബി ആർ എം ഷെഫീർ. ഇന്നലെ മനോരമ ന്യൂസ്‌ ചാനൽ ചർച്ചയിലാണ്‌ ഷെഫീർ കെ സുധാകരൻ തന്നെയാണ്‌ വെടിവയ്‌പിന്‌ പിന്നിലെന്ന്‌ പറഞ്ഞത്‌. “കെ സുധാകരനെ പറ്റി അറിയാന്‍ ഇ പി ജയരാജനോട് ചോദിച്ചാല്‍ മതി. ജയരാജനറിയാം സുധാകരന്‍ ആരാണെന്ന്. എങ്ങനെയുണ്ട് സുധാകരന്‍ എന്ന് ചോദിച്ചാല്‍ ജയരാജന്‍ പുറകിലൊന്ന് തടവി തരും. പിന്നിലെ മുടിയൊന്ന് നീക്കി തരും. കെ സുധാകരനോട്‌ കളിച്ചാൽ എങ്ങനെയിരിക്കുമെന്ന്‌ ജയരാജൻ പറഞ്ഞുതരും’ – എന്നായിരുന്നു സിപിഐ എം പ്രതിനിധി ജെയ്‌ക്ക്‌ സി തോമസിനോട്‌ ഷെഫീറിന്റെ ഭീഷണി.

1995 ൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ചാണ്‌ ഇ പി ജയരാജനുനേരെ വെടിവയ്‌പ്‌ ഉണ്ടാകുന്നത്‌. സുധാകരൻ ഏർപ്പാടാക്കിയ അക്രമികൾ തൊട്ടുമുന്‍പില്‍ വന്നു നിന്നു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ ജയരാജനു പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ടു ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. കിടക്കുമ്പോൾ ശ്വാസം കിട്ടാൻ പ്രത്യേക ശ്വസനസഹായ യന്ത്രം വേണം. വെടിയുണ്ടയുടെ ചീള് കഴുത്തിൽ ഇപ്പോഴുമുണ്ട്‌. വെടിവച്ച ഉടന്‍ ട്രെയിനില്‍ നിന്നു ചാടിരക്ഷപ്പെട്ട ദിനേശ്, ശശി എന്നീ പ്രതികള്‍ പിന്നീടു പിടിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here