John Brittas: ‘കറുപ്പുകൊണ്ടൊരു കൺകെട്ട്’; ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു

പ്രവാചകനിന്ദയ്ക്കുമേൽ രാജ്യത്തിന്റെ രാഷ്ട്രീയം കൊടുമ്പിരികൊള്ളുമ്പോ‍ഴാണ് മാധ്യമങ്ങളും പ്രതിപക്ഷവും കൈകോർത്ത് സ്വർണക്കടത്തുകേസിൽ പുതിയ അങ്കംകുറിച്ചതെന്ന് ജോൺ ബ്രിട്ടാസ് എംപി(john brittas). ഇത് കേവലം പ്രേക്ഷകരുടെയും വായനക്കാരുടെയും മി‍ഴികൾക്കുവേണ്ടിയല്ല മറിച്ച്, വ്യക്തമായ രാഷ്ട്രീയദൗത്യത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം ദേശാഭിമാനി(deshabhimani)യിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രിയെയും പുകമറയ്ക്കുള്ളിൽ നിർത്താൻ തീവ്രയത്നം നടക്കുമ്പോൾ കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രസക്തമായ കാര്യങ്ങൾ ഏതൊക്കെയെന്ന്‌ പരിശോധിക്കുന്നത് ഉചിതമാകുമെന്നും കുറിച്ചു.

ലേഖനം വായിക്കാം

“മി‍ഴികൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എന്തു പോക്രിത്തരവും ഞങ്ങൾ കാണിക്കും” – മാധ്യമ മേഖലയെക്കുറിച്ചുള്ള വിമർശങ്ങൾക്ക് ഒരു മുതിർന്ന മാധ്യമപ്രവർത്തകന്റെ മറുപടിയാണ്‌ ഇത്. റേറ്റിങ്‌ യുഗത്തിൽ അപചയങ്ങൾക്ക് ന്യായീകരണങ്ങൾ നെയ്യാനുള്ള പ്രയോഗങ്ങളുടെ പരിച്ഛേദംകൂടിയാണ്‌ ഇത്.

പ്രവാചകനിന്ദയ്ക്കുമേൽ രാജ്യത്തിന്റെ രാഷ്ട്രീയം കൊടുമ്പിരികൊള്ളുമ്പോ‍ഴാണ് മാധ്യമങ്ങളും പ്രതിപക്ഷവും കൈകോർത്ത് സ്വർണക്കടത്തുകേസിൽ പുതിയ അങ്കംകുറിച്ചത്. ഇത്‌ കേവലം പ്രേക്ഷകരുടെയും വായനക്കാരുടെയും മി‍ഴികൾക്കുവേണ്ടിയല്ല മറിച്ച്, വ്യക്തമായ രാഷ്ട്രീയദൗത്യത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകും. തങ്ങളുടെ അസംബന്ധ നാടകം വിമാനത്തട്ടിലേക്കു വ്യാപിപ്പിച്ചാൽ ദേശീയ ശ്രദ്ധ കിട്ടുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണനീക്കമുണ്ടായത്.

മാധ്യമങ്ങൾ നീലവാനിലെ പ്രതിഷേധമായി ഇതിനെ കൊണ്ടാടി. ഇടതുപക്ഷവുമായി ബന്ധപ്പെട്ട ആരെങ്കിലുമാണ് ഇത്തരമൊരു ചെയ്തിക്ക്‌ തുനിഞ്ഞിരുന്നതെങ്കിൽ വിമാനറാഞ്ചലിന്റെ പരമ്പരകൾ ഇറങ്ങുമായിരുന്നു. ഷേക്സ്പിയർ കഥാപാത്രത്തിന്റെ സംഭാഷണശകലം പോലെ ‘നിറയെ ശബ്ദവും ക്രോധവും, ഒരന്തഃസാരവുമില്ലെന്ന അവസ്ഥയിലാണ് പുതിയ വിവാദം.

നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന കള്ളക്കടത്തിന് രണ്ടു വയസ്സ്‌ തികയാൻ പോകുമ്പോൾ കേസിന്‌ നിദാനമായ കാര്യങ്ങളൊ‍ഴികെ ഒരിക്കൽക്കൂടി ചർച്ച ചെയ്യപ്പെടുകയാണ്. ബാഗേജിനു പിന്നിലെ യഥാർഥ ഹസ്തങ്ങൾ ഏതൊക്ക, ഈ സ്വർണം എവിടെയെല്ലാം എത്തി എന്നിങ്ങനെയുള്ള മൂലചോദ്യങ്ങൾ അന്വേഷണ ഏജൻസികളോ മാധ്യമങ്ങളോ ഉയർത്തുന്നില്ല. ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രിയെയും പുകമറയ്ക്കുള്ളിൽ നിർത്താൻ തീവ്രയത്നം നടക്കുമ്പോൾ കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രസക്തമായ കാര്യങ്ങൾ ഏതൊക്കെയെന്ന്‌ പരിശോധിക്കുന്നത് ഉചിതമാകും.

സ്വർണം കയറ്റി അയച്ചതിലെ മുഖ്യ സൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികൾ വിശേഷിപ്പിച്ച ആളാണ് ഫൈസൽ ഫരീദ്. കസ്റ്റംസ് കേസിലെ മൂന്നാം പ്രതിയാണ്. ഇയാൾ ഉൾപ്പെടെയുള്ളവർക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടികൾ സ്വീകരിച്ചതായാണ് 2020 സെപ്തംബർ 18-ന് കോടതിയിൽ എൻഐഎ ബോധിപ്പിച്ചത്. ഇന്റർപോളിന്റെ അന്വേഷണപ്രകാരം എട്ടു തരത്തിലുള്ള അലർട്ടുകളുണ്ട്. വിദേശത്തുള്ള പ്രതിയുടെ വിവരങ്ങളും താമസസ്ഥലവും മറ്റും അറിയുക എന്ന പരിമിതമായ ലക്ഷ്യം മാത്രമേ ബ്ലൂ കോർണർ നോട്ടീസ് കൊണ്ടുള്ളൂ. എന്തുകൊണ്ട് പ്രതിയെ പിടിച്ചു കൈമാറാനുള്ള റെഡ് കോർണർ നോട്ടീസ് നൽകുന്നതിന് നടപടിയെടുത്തില്ല?

കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറുകൾ (എക്സ്ട്രഡീഷൻ ട്രീറ്റി) നിരവധി രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രഥമപട്ടികയിൽ വരുന്ന രാജ്യമാണ് യുഎഇ. എന്തുകൊണ്ട് ഈ കരാർ പ്രകാരം ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവരെ സ്വദേശത്തെത്തിക്കാൻ അന്വേഷണ ഏജൻസികളും കേന്ദ്ര സർക്കാരും ശ്രദ്ധിച്ചില്ല?

എൻഐഎ 2020 സെപ്തംബർ 18-ന് കോടതിയിൽ നൽകിയ വിശദമായ അപേക്ഷയുണ്ട്. അതിന്റെ എട്ടാം ഖണ്ഡികയിൽ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയിലും വിദേശത്തും ഉന്നതസ്വാധീനമുള്ള വ്യക്തികൾക്ക് നയതന്ത്ര ബാഗേജിലൂടെയുള്ള കള്ളക്കടത്തിൽ പങ്കുണ്ട്. ഇത് ഇന്ത്യയുടെ സാമ്പത്തികസുരക്ഷയെ അട്ടിമറിക്കുന്ന പ്രവൃത്തിയാണ്. ഭീകരപ്രവർത്തനത്തിനുവേണ്ടി പണം പോകുന്ന മാർഗം കൂടിയാണിത്.” ഇത്രയും ഗുരുതരമായ നിഗമനങ്ങളിലും അനുമാനങ്ങളിലുമെത്തിയ അന്വേഷണ ഏജൻസികൾക്ക് എന്തുകൊണ്ട് ഇതു സംബന്ധിച്ച് ഒരു തെളിവുപോലും ഹാജരാക്കാൻ ഇതുവരെ ക‍ഴിയാതെവന്നു?

തുടക്കത്തിൽ അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിച്ചിരുന്ന അപേക്ഷകളിലെ ഉള്ളടക്കത്തിൽനിന്ന് അവർതന്നെ വ്യതിചലിക്കുകയും അവയ്ക്ക് ഉപോദ്‌ബലകമായ തെളിവുകൾക്കുവേണ്ടി ശ്രമിക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് ഈ കേസിന്റെ മർമംതന്നെയല്ലേ തകർക്കപ്പെട്ടത്?

കേസ് പൊട്ടിപ്പുറപ്പെട്ട അന്നുമുതൽ അന്വേഷണ ഏജൻസികളിൽനിന്നു വ്യത്യസ്തമായി ഉയർന്ന ഒരു സ്വരം വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റേതായിരുന്നു. കള്ളക്കടത്തിനുപയോഗിച്ചത് നയതന്ത്ര ബാഗേജല്ല എന്ന് അദ്ദേഹം ആണയിട്ടു പറഞ്ഞു. തങ്ങളുടെ ഔദ്യോഗിക നിലപാടിനും കണ്ടെത്തലിനും വിരുദ്ധമായ തിയറി അവതരിപ്പിച്ച വ്യക്തിയിൽനിന്ന് എന്തുകൊണ്ട് മൊ‍ഴിയെടുക്കാൻപോലും അന്വേഷണ ഏജൻസികൾ മെനക്കെട്ടില്ല?

കള്ളക്കടത്തിൽ മുഖ്യ പങ്കാളിത്തം കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കുമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. വിവാദം പൊട്ടിപ്പുറപ്പെടുംമുമ്പുതന്നെ കോൺസുലേറ്റ് ജനറൽ രാജ്യം വിട്ടിരുന്നു. അറ്റാഷെ ആകട്ടെ കോലാഹലങ്ങൾക്കിടയിലാണ് കടന്നുകളഞ്ഞത്. ഇത്രയും വിവാദമായ കേസിൽ സംശയത്തിന്റെ നി‍ഴലിലായിട്ടും കേന്ദ്രതലസ്ഥാനമായ ദില്ലി വ‍ഴി രാജ്യം വിടാൻ അറ്റാഷെയ്ക്ക് ഒത്താശ ചെയ്തത് ആരാണ്?

കേസിലെ സുപ്രധാനകണ്ണികളായ കോൺസുലേറ്റ് ജനറലിനെയും അറ്റാഷെയെയും വിട്ടുകിട്ടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിനു മുന്നിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യാനോ എന്തിനേറെ മൊ‍ഴി രേഖപ്പെടുത്താനോ പോലൂം കേന്ദ്ര സർക്കാർ താൽപ്പര്യമെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?

അന്വേഷണ ഏജൻസികളുടെ അപേക്ഷ വിദേശകാര്യവകുപ്പ് നിഷ്കരുണം ചവറ്റുകുട്ടയിലിട്ടുവെന്നാണ് വിവരം. യുഎഇ നയതന്ത്ര ഉദ്യോഗസ്ഥരുടെ മൊ‍ഴി രേഖപ്പെടുത്തിയാൽ സ്വന്തം മന്ത്രാലയത്തിലെ സഹമന്ത്രിയുടെ തിയറി പൊളിയുമെന്നതുകൊണ്ടാണോ അന്വേഷണ ഏജൻസികളുടെ അപേക്ഷ നിരസിക്കപ്പെട്ടത്?

ഇന്ത്യയുമായി മികച്ച സൗഹൃദം പങ്കിടുന്ന രാജ്യമാണ് യുഎഇ. നയതന്ത്ര പരിരക്ഷ ഒ‍ഴിവാക്കി രാജ്യങ്ങൾ തങ്ങളുടെ ഉദ്യോഗസ്ഥരെ പലപ്പോ‍ഴും കുറ്റം നടന്ന രാജ്യത്തിന്റെ നിയമപ്രക്രിയയിൽ ഭാഗഭാക്കാക്കാറുണ്ട്. എന്തുകൊണ്ട് ഇക്കാര്യത്തിൽ ഈ വ‍ഴിക്കുള്ള യാതൊരു ശ്രമവും കേന്ദ്ര സർക്കാർ നടത്തിയില്ല? ഇന്ത്യയുടെ സാമ്പത്തികസുരക്ഷ കേന്ദ്രത്തിനു വിഷയമല്ലേ?

ഒരു കേസിൽ പ്രതിയോ വാദിയോ ഇരയോ മറ്റാരുടെയും പ്രേരണയോ സ്വാധീനമോ ഭീഷണിയോ ഇല്ലാതെ മജിസ്ട്രേട്ട് മുമ്പാകെ സത്യവാചകം ചെയ്തു നൽകുന്നതാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരമുള്ള മൊ‍ഴി. കൂടുതൽ തെളിവുമൂല്യമുള്ള ഈ മൊ‍ഴി പിന്നീടു മാറ്റാനാകില്ല. മാറ്റിയാൽ കള്ള സാക്ഷ്യം പറഞ്ഞതിന് കേസെടുക്കും. 2020-ൽ ഇതു പ്രകാരം സ്വപ്ന കസ്റ്റംസിനും എൻഐഎയ്ക്കും മൊ‍ഴിനൽകിയിട്ടുണ്ട്. ഈ മൊ‍ഴി പ്രകാരം അന്വേഷണ ഏജൻസികൾ മുന്നോട്ടു പോകാതിരുന്നത് എന്തുകൊണ്ട്?

അസാധാരണമായ രീതിയിൽ കസ്റ്റംസ് കമീഷണർ സുമിത് കുമാർ 2021 മാർച്ച് നാലിന് ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച വിശദമായ ഒരു പ്രസ്താവനയുണ്ട്. മൂന്ന് മാസം മുമ്പ് തങ്ങൾ രേഖപ്പെടുത്തിയ മൊഴിയിൽ “ഞെട്ടൽ” രേഖപ്പെടുത്തിക്കൊണ്ടുള്ള കസർത്തായിരുന്നത്. കസ്റ്റംസ് ആക്ട് 108 പ്രകാരവും സിആർപിസി 164 പ്രകാരവും സ്വപ്ന നൽകിയ മൊ‍ഴിയെയാണ് അദ്ദേഹം പ്രസ്താവനയിൽ പ്രതിപാദിച്ചത്. ബിരിയാണിപ്പാത്രവും ഗർഭപാത്രവുമൊ‍ഴിച്ചുള്ള ബാക്കി കാര്യങ്ങളൊക്കെ മൊ‍ഴിയിൽ ഉണ്ടായിരുന്നുവെന്നാണ് സുമിത് കുമാറിന്റെ പ്രസ്താവനയിൽനിന്നു വ്യക്തമാകുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് വിവാദം സൃഷ്ടിക്കാൻമാത്രം ലക്ഷ്യം വച്ചുള്ള നടപടിയായിരുന്നു ഇതെന്ന്‌ പിന്നീട്‌ തെളിഞ്ഞു. സ്വപ്നയുടെ മൊ‍ഴിയിൽ എന്തെങ്കിലും വസ്തുതയുണ്ടായിരുന്നെങ്കിൽ ആ വ‍ഴിക്ക് അന്വേഷണ ഏജൻസികൾ സഞ്ചരിക്കുമായിരുന്നില്ലേ? എന്തുകൊണ്ട് സ്വപ്നയുടെ മൊ‍ഴി കണക്കിലെടുത്ത് അന്വേഷണവുമായി മുമ്പോട്ടുപോകാൻ ഏജൻസികൾ തയ്യാറായില്ല?

കോൺസുലേറ്റിലെ ഒരു ജീവനക്കാരന്റെ പക്കൽ കറൻസിക്കെട്ടുള്ള ബാഗ് കൊടുത്തയച്ചുവെന്നാണ് സ്വപ്നയുടെ അവകാശവാദം. ഇതു നേരത്തേ കസ്റ്റംസിനു നൽകിയ മൊ‍ഴിയിലുണ്ടെന്നത് മറ്റൊരു കാര്യം. നയതന്ത്ര പരിരക്ഷ സാധാരണനിലയിൽ കോൺസുലേറ്റ് ജനറലിനുമാത്രമാണ് ഉണ്ടാകാറ്. അപൂർവം ഘട്ടങ്ങളിൽമാത്രമാണ് കോൺസുലേറ്റിലെ രണ്ടാം സ്ഥാനക്കാരന് അത്തരമൊരു പദവി നൽകാറ്. കറൻസിക്കെട്ടുമായി പോയയാൾ ഈ പട്ടികയിലൊന്നും വരുന്നില്ല. അങ്ങനെയെങ്കിൽ, എങ്ങനെ വിമാനത്താവളത്തിൽ കേന്ദ്ര ഏജൻസിയായ കസ്റ്റംസിന്റെ പരിശോധന ഇയാൾക്ക്‌ മറികടക്കാനായി? മറികടന്നുവെങ്കിൽ അതിലെ ഒന്നാം കുറ്റവാളി കസ്റ്റംസല്ലേ?

കേന്ദ്ര സർക്കാരിന്റെ ഗ്രാമീണവികസനപദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗഷല്യ യോജ്ന പ്രകാരം കോടാനുകോടി രൂപയുടെ ഗ്രാന്റ് കൈപ്പറ്റുന്ന എച്ച്ആർഡിഎസ് ഇന്ത്യ ആർഎസ്എസിന്റെ പൂർണനിയന്ത്രണത്തിലുള്ള എൻജിഒ ആണ്. രാജ്യദ്രോഹികളെന്ന് കേന്ദ്ര സർക്കാർ ഏജൻസികൾ കുറ്റം ചുമത്തിയ രണ്ടു വ്യക്തികൾക്ക് ഈ സ്ഥാപനം എങ്ങനെ ജോലി നൽകും? മറ്റേതെങ്കിലും ഒരു സ്ഥാപനമായിരുന്നെങ്കിൽ രാജ്യദ്രോഹക്കുറ്റ പരിധിയിൽ അവർകൂടി വരില്ലായിരുന്നോ? തങ്ങൾ കുറ്റം ചാർത്തിയവർക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്തുന്ന സ്ഥാപനം സ്വാഭാവികമായും അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ പരിധിയിൽ വരേണ്ടതാണ്. അതിന് ന്യായമായ യുക്തിയുമുണ്ട്. എന്തുകൊണ്ട് ആ വ‍ഴിക്ക് അന്വേഷണ ഏജൻസികൾ തിരിയുന്നില്ല?

സ്വർണം ഇന്ത്യയിലേക്ക്‌ കടത്താനുള്ള മൂലധനം സ്വരൂപിക്കുന്നത് ഇന്ത്യയിൽനിന്നാണെന്ന് അന്വേഷണ ഏജൻസികൾ സമർഥിച്ചിട്ടുണ്ട്. കേസിനാസ്പദമായ സ്വർണത്തിനു വേണ്ടിയുള്ള പണം ആരുടെ പക്കൽനിന്നാണ് സ്വരൂപിക്കപ്പെട്ടത്? എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ ഇവിടെ നിശ്ശബ്ദമാകുന്നു?

ഡിപ്ലോമാറ്റ് ബാഗേജിലൂടെ 21 തവണ സ്വർണം കടത്തിയെന്നാണ് പ്രതികളുടെ മൊ‍ഴികളിലൂടെ അന്വേഷണ ഏജൻസികൾ കോടതികളിൽ ബോധിപ്പിച്ചിട്ടുള്ളത്. കേസിനാസ്പദമായ ബാഗേജ് മാറ്റി നിർത്തിയാൽ ഇങ്ങനെ വന്ന കിലോക്കണക്കിനു സ്വർണത്തിൽ ഒരു പവനെങ്കിലും നാളിതുവരെയായി ആരുടെയെങ്കിലും പക്കൽനിന്ന് കണ്ടെത്തിയിട്ടുണ്ടോ? പ്രതികളെ ചോദ്യം ചെയ്ത് മൊ‍ഴികളിലൂടെ സഞ്ചരിച്ചാൽത്തന്നെ എത്തപ്പെടാവുന്ന കേന്ദ്രങ്ങൾ എന്തുകൊണ്ട് ഇന്നും അജ്ഞാതമായിത്തുടരുന്നു?

ഒരന്വേഷണ ഏജൻസിതന്നെ ഒരു കോടതിയിൽ സമർപ്പിച്ച കുറ്റപത്രങ്ങൾക്കിടയിലെ വൈരുധ്യം ആരെയും തുറിച്ചുനോക്കുന്നതാണ്. തിരുവനന്തപുരത്തെ രണ്ടു ബാങ്കിൽനിന്ന് എൻഐഎ റെയ്ഡ് ചെയ്ത് ഒരു കോടിയോളം രൂപയും സ്വർണവും കണ്ടെത്തിയിരുന്നു. ഇഡി സ്വപ്നയ്ക്ക്‌ നൽകിയ കുറ്റപത്രത്തിൽ ഇതൊക്കെ സ്വർണക്കടത്തിലൂടെ സ്വപ്ന സമ്പാദിച്ചതാണ്. ഇഡി തന്നെ എം ശിവശങ്കറിനു നൽകിയ കുറ്റപത്രത്തിലാകട്ടെ ഇതേ പണവും പൊന്നും ലൈഫ് മിഷൻ ഇടപാടിലെ കൈക്കൂലിയായി ശിവശങ്കർ നേടിയതും. ഇഡിയെപ്പോലൊരു ദേശീയ ഏജൻസി നൽകിയ കുറ്റപത്രത്തിൽ ഇത്തരമൊരു ഹിമാലയൻ വൈരുധ്യം സംഭവിച്ചത് എന്തുകൊണ്ട്?

ഖുർആനും ഈന്തപ്പ‍ഴവും തലക്കെട്ടുകളും കുരുക്കുകളുമായി നിറഞ്ഞാടിയ ഒരു കാലമുണ്ട്. യുഎഇ ഉൾപ്പെടെയുള്ള ഇസ്ലാം രാജ്യങ്ങൾ കേരളത്തിലും ഇന്ത്യക്കും പുറത്ത് ഖുർആനും ഈന്തപ്പ‍ഴവുമൊക്കെ സ്നേഹോപഹാരങ്ങളായി വിതരണം ചെയ്യാറുണ്ടെന്ന വസ്തുത എന്തുകൊണ്ട് ബോധപൂർവം മാധ്യമങ്ങൾ തമസ്കരിച്ചു?

രണ്ടു വർഷമായി കേരളത്തിൽ നടക്കുന്ന വിവാദത്തിന്റെ പ്രഭവകേന്ദ്രമായ സ്വർണക്കടത്തിന്റെ മൂല്യം 14.82 കോടി രൂപയാണ്. ക‍ഴിഞ്ഞ വർഷം സെപ്തംബർ 15-ന് ഗുജറാത്തിൽ അദാനി നിയന്ത്രിക്കുന്ന മുന്ദ്ര തുറമുഖത്തുനിന്ന് റവന്യു ഇന്റലിജൻസ് പിടിച്ചത് 21,000 കോടി രൂപ വിലവരുന്ന 30,000 കിലോ മയക്കുമരുന്നാണ്. എന്തുകൊണ്ട് ഈ വാർത്ത ഒരു ചരമവാർത്തയുടെപോലും പ്രാധാന്യം മാധ്യമങ്ങളിൽ നേടിയില്ല? 15 കോടിയുടെ സ്വർണത്തിനുവേണ്ടി കേന്ദ്രമന്ത്രിമാർ മാറി മാറി വാർത്താ സമ്മേളനം നടത്തുമ്പോൾ പതിന്മടങ്ങ്‌ പ്രത്യാഘാതം സൃഷ്ടിക്കുന്ന മയക്കുമരുന്ന്‌ കടത്തിനെക്കുറിച്ച് ഒരു വാചകംപോലും പറയാൻ എന്തേ അവർക്ക്‌ നാവു പൊന്തുന്നില്ല?

ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ട ബിഎംഎസ് നേതാവടക്കമുള്ളവർ എന്തുകൊണ്ട് ഇപ്പോൾ ചിത്രത്തിലില്ല?

സ്വപ്നയ്ക്കുവേണ്ടി ആദ്യം കേസ് ഏറ്റെടുത്ത സംഘപരിവാർ ബന്ധമുള്ള വക്കീലിന് പിന്നീട് കസ്റ്റംസ് കോൺസലായി നിയമനം ലഭിച്ചത് എങ്ങനെ?

സ്വർണക്കടത്തുകേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിന്? ഇവർ അന്വേഷണം വ‍ഴി തിരിച്ചു വിടാത്തതിന് നാടുകടത്തപ്പെടുകയായിരുന്നില്ലേ?

ഇപ്പോൾ സ്വപ്നയ്ക്കു വേണ്ടി രംഗത്തു വന്നിരിക്കുന്നത് തീവ്ര ഹിന്ദു എന്നു സ്വയം വിശേഷിപ്പിക്കുന്ന അഭിഭാഷകനാണെന്നത് എന്തുകൊണ്ട് മാധ്യമങ്ങൾ അവഗണിക്കുന്നു? ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒരു അഭിഭാഷകനായിരുന്നു ഇത്തരം ഒരു വക്കാലത്ത് ഏറ്റെടുത്തിരുന്നത് എങ്കിൽ ഇവിടെ നടക്കുന്ന പുകിൽ എന്താകുമായിരുന്നു.

സ്വർണക്കടത്തുകേസിനെ കാണേണ്ടത് മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ ഇ‍ഴച്ചാർത്തുകളിലൂടെയാണ്. അസുഖകരമാകുന്ന ഈ ചോദ്യങ്ങളെ വകഞ്ഞുമാറ്റി മസാലത്തുണ്ടുകൾ വറുത്തുകോരാനാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്. അവിടെയാണ് ‘കറുപ്പു’പോലും സ്ഥാനംപിടിക്കുന്നത്. തെളിഞ്ഞ ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ആർജവം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News