ലോകശ്രദ്ധ ആകർഷിക്കുന്ന സ്റ്റാർട്ട് അപ്പ് ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന മറ്റൊരു നേട്ടം കൂടി കൈവരിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ ആഗോള സ്റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ തന്നെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.
താരതമ്യേന ജീവിതച്ചിലവ് കുറഞ്ഞ നാടായ കേരളം ഈ മേഖലയിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 2020ലെ റിപ്പോർട്ടിൽ ലോക റാങ്കിങ്ങിൽ ഇരുപതാം സ്ഥാനമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.
ഈ നേട്ടത്തിന് പുറമെ വെഞ്ച്വർ നിക്ഷേപങ്ങളുടെ കാര്യത്തിലും മികച്ച നിക്ഷേപ സമാഹരണം നടത്തുന്ന സമൂഹമെന്ന നിലയിലും കേരളം പട്ടികയിൽ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. വെഞ്ച്വർ നിക്ഷേപങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ച ആദ്യ മൂന്ന് സ്ഥലങ്ങളിലൊന്ന് കേരളമാണ്.
സംസ്ഥാന സർക്കാരിൻ്റെ പിന്തുണയും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഫാബ് ലാബുകളും എം എസ് എം ഇ ക്ലസ്റ്ററുകളും വലിയ രീതിയിൽ സ്റ്റാർട്ടപ്പുകളുടെ വ്യാപനത്തിന് സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വലിയ ഇളവുകൾ മറ്റ് സ്ഥലങ്ങളിൽ നിന്നും സ്റ്റാർട്ടപ്പുകളെ ഇവിടേക്ക് ആകർഷിച്ചിട്ടുണ്ട്.
ആർടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് മേഖലയിൽ നിക്ഷേപത്തിന് അനുയോജ്യമാണ് കേരളത്തിലെ സാഹചര്യമെന്ന റിപ്പോർട്ടിലെ വാക്കുകൾ അന്താരാഷ്ട്ര കമ്പനികളുടെ ശ്രദ്ധയാകർഷിക്കാൻ സഹായകമാകുമെന്നും മന്ത്രി പി രാജീവ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.